ചിന്നസ്വാമിയിൽ ടീം ഇന്ത്യ തകർന്നു തരിപ്പണമായി; 46 റൺസിന് ഓൾഔട്ട്; മൂന്നാമത്തെ ചെറിയ ടെസ്റ്റ് സ്കോർ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യൻ ബാറ്റർമാരിൽ 5 പേർ സംപൂജ്യരായാണ് മടങ്ങിയത്. ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണിത്. നാട്ടിലെ ഏറ്റവും കുറവും
ബെംഗളൂരു: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകർന്നു തരിപ്പണമായി. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46 റൺസിന് പുറത്തായി. ഇന്ത്യൻ ബാറ്റർമാരിൽ 5 പേർ സംപൂജ്യരായാണ് മടങ്ങിയത്. 49 പന്തിൽ 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ഇന്നിങ്സിൽ പിറന്നത്.
2020 ൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ 36 റൺസിന് പുറത്തായിട്ടുണ്ട്. 1974ൽ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്സിൽ 42 റൺസിനും ഓൾഔട്ടായി. നാട്ടിൽ നടന്ന ടെസ്റ്റുകളിൽ ടീം ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്സ് സ്കോർ കൂടിയാണിത്. വിരാട് കോഹ്ലി, സർഫറാസ് ഖാൻ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരാണ് ഇന്ത്യൻ നിരയിൽ പൂജ്യത്തിന് പുറത്തായത്.
63 പന്തുകൾ നേരിട്ട ഓപ്പണർ യശസ്വി ജയ്സ്വാൾ 13 റൺസെടുത്ത് പുറത്തായി. ന്യൂസീലൻഡിനായി ഫാസ്റ്റ് ബോളർ മാറ്റ് ഹെൻറി 5 വിക്കറ്റുകൾ വീഴ്ത്തി. വിൽ ഒറൂക്ക് 4 വിക്കറ്റുകൾ നേടി.
advertisement
ഏഴാം ഓവറിൽ പേസർ ടിം സൗത്തിയുടെ പന്തിൽ രോഹിത് ബോൾഡാകുകയായിരുന്നു. വിൽ ഒറൂകിന്റെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്തു കോഹ്ലിയെയും മടക്കി. പിന്നാലെ മാറ്റ് ഹെൻറിയുടെ പന്തിൽ സർഫറാസും പുറത്തായി. ആറു പന്തുകൾ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെൻറിയുടെ പന്തിൽ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തിൽ അശ്വിനും പുറത്തായി.
സ്കോർ 39ൽ നിൽക്കെ പൊരുതിനിന്ന ഋഷഭ് പന്തിനെ മാറ്റ് ഹെൻറി ടോം ലാഥത്തിന്റെ കൈകളിലെത്തിച്ചു. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ഇന്ത്യ 31.2 ഓവറിൽ 46 റൺസിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
October 17, 2024 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചിന്നസ്വാമിയിൽ ടീം ഇന്ത്യ തകർന്നു തരിപ്പണമായി; 46 റൺസിന് ഓൾഔട്ട്; മൂന്നാമത്തെ ചെറിയ ടെസ്റ്റ് സ്കോർ


