IND vs WI: അച്ഛനെയും മകനെയും പുറത്താക്കിയ ആദ്യ ഇന്ത്യൻ താരം; ആർ അശ്വിന് അപൂർവ നേട്ടം
- Published by:Anuraj GR
- news18-malayalam
Last Updated:
ഒന്നാം ദിവസം ആദ്യ സെഷനിലാണ് അശ്വിൻ തഗെനരെയിന്‍റെ വിക്കറ്റ് സ്വന്തമാക്കി ചരിത്രം കുറിച്ചത്
ടെസ്റ്റ് ക്രിക്കറ്റിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഓഫ് സ്പിന്നർ ആർ അശ്വിൻ. ടെസ്റ്റ് ചരിത്രത്തിൽ അച്ഛനെയും മകനെയും പുറത്താക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. വിൻഡീസിനെതിരെ ആദ്യ ടെസ്റ്റിൽ വിന്‍ഡീസ് ഓപ്പണര്‍ തഗെനരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റെടുത്തതോടെയാണ് അശ്വിൻ ചരിത്രം കുറിച്ചത്. നേരത്തെ തഗെനരെയ്ൻ ചന്ദർപോളിന്‍റെ പിതാവ് ശിവനരൈൻ ചന്ദർപോളിനെയും അശ്വിൻ പുറത്താക്കിയിട്ടുണ്ട്. 2012ൽ ഡൽഹിയിൽ നടന്ന ടെസ്റ്റിലാണ് അശ്വിൻ ശിവനരൈനെ പുറത്താക്കിയത്.
ഒന്നാം ദിവസം ആദ്യ സെഷനിലാണ് അശ്വിൻ തഗെനരെയിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. അശ്വിന്‍റെ തകർപ്പനൊരു ഓഫ് കട്ടറിൽ സ്റ്റംപ് തെറിക്കുകയായിരുന്നു. ക്ലീൻ ബോൾഡായ കാര്യം മനസിലാക്കാൻ ബാറ്റർക്ക് അൽപ്പസമയം എടുക്കേണ്ടിവന്നെന്ന് മാത്രം.
അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ ഇയാന്‍ ബോതം, വസീം അക്രം, മിച്ചല്‍ സ്റ്റാര്‍ക്ക്, സൈമണ്‍ ഹാര്‍മര്‍ എന്നിവരും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇയാന്‍ ബോതവും വസീം അക്രവും ന്യൂസീലന്‍ഡ് താരങ്ങളായിരുന്ന ലാന്‍സ് കെയ്ന്‍സിനെയും ക്രിസ് കെയ്ന്‍സിനെയും പുറത്താക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും സൈമണ്‍ ഹാര്‍മറും പുറത്താക്കിയത് ശിവ്നരെയ്ന്‍ ചന്ദര്‍പോളിനെയും മകന്‍ തഗെനരെയ്നെയുമാണ്. ചന്ദര്‍പോള്‍ കുടുംബത്തിന്റെ വിക്കറ്റെടുത്ത് ഇപ്പോള്‍ അശ്വിനും ഈ ചരിത്രനേട്ടം സ്വന്തം പേരിൽ കുറിച്ചു.
advertisement
അതേസമയം ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 150 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത അശ്വിനും മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേർന്നാണ് വെസ്റ്റിൻഡീസിനെ തകർത്തത്. വിൻഡീസ് നിരയിൽ 47 റൺസെടുത്ത ആലിക്ക് അത്തനാസെയാണ് ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ ആദ്യദിനം വിക്കറ്റ് നഷ്ടം കൂടാതെ 80 റൺസെന്ന നിലയിലാണ് ഇന്ത്യ. 40 റൺസോടെ യശ്വസ്വീ ജയ്സ്വാളും 30 റൺസോടെ നായകൻ രോഹിത് ശർമ്മയുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കുവേണ്ടി യശ്വസ്വീ ജയ്സ്വാൾ, ഇഷാൻ കിഷൻ എന്നിവർ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 13, 2023 7:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs WI: അച്ഛനെയും മകനെയും പുറത്താക്കിയ ആദ്യ ഇന്ത്യൻ താരം; ആർ അശ്വിന് അപൂർവ നേട്ടം