• HOME
 • »
 • NEWS
 • »
 • sports
 • »
 • 'കരിയര്‍ ആരംഭിച്ചതും ഇവിടെ നിന്ന്'; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെ തോൽവിയ്ക്ക് പിന്നാലെ കണ്ണീരോടെ സാനിയ

'കരിയര്‍ ആരംഭിച്ചതും ഇവിടെ നിന്ന്'; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെ തോൽവിയ്ക്ക് പിന്നാലെ കണ്ണീരോടെ സാനിയ

ഗ്രാന്‍സ്ലാമില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ മിര്‍സ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 • Share this:

  ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് മിക്സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ സംഖ്യത്തിന് ഫൈനലില്‍ തോല്‍വി. ബ്രസീലിയന്‍ സഖ്യമായ ലൂയിസ സ്റ്റെഫാനി – റാഫേല്‍ മാറ്റോസ് സഖ്യം ഇന്ത്യന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6 – 7, 2 – 6 എന്നിങ്ങനെയായിരുന്നു.

  ഗ്രാന്‍സ്ലാമില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ മിര്‍സ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണായിരിക്കും ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ പ്രൊഫഷണല്‍ കരിയറിന്റെ അവസാന ടൂര്‍ണമെന്റെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

  ‘ഞാന്‍ ഇനിയും രണ്ട് ടൂര്‍ണമെന്റുകളില്‍ കൂടി കളിക്കും. എന്റെ പ്രൊഫഷണല്‍ കരിയർ 2005-ല്‍ മെല്‍ബണിലാണ് ആരംഭിച്ചത്. 18 വയസ്സുള്ളപ്പോള്‍ ഞാന്‍ ഇവിടെ മൂന്നാം റൗണ്ടില്‍ സെറീന വില്യംസുമായാണ് കളിച്ചത്. പിന്നീട് ഇവിടെ വീണ്ടും വീണ്ടും വരാനും ഇവിടെ ചില ടൂര്‍ണമെന്റുകള്‍ ജയിക്കാനും ചില മികച്ച ഫൈനലുകള്‍ കളിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. എനിക്ക് ഇവിടം ഒരു വീട് പോലെ തോന്നിപ്പിച്ചതിന് നന്ദി.’ സാനിയ പറഞ്ഞു.

  2009-ല്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയതിന് പുറമെ, സ്വിസ് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന ഹിംഗിസിനൊപ്പം 2016-ല്‍ വനിതാ ഡബിള്‍സ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും സാനിയ നേടിയിരുന്നു. സാനിയ തന്റെ കരിയറില്‍ ആകെ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്, അതില്‍ മൂന്ന് എണ്ണം വനിതാ ഡബിള്‍സിലും മറ്റ് മൂന്ന് എണ്ണം മിക്സഡ് ഡബിള്‍സിലുമാണ്.

  Also Read-ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ – ബൊപ്പണ്ണ സഖ്യം ഫൈനലിൽ

  മുമ്പ്, കായിക താരങ്ങളായ പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ ഇന്ത്യക്കാര്‍ പഠിച്ചെന്ന് സാനിയ മിര്‍സ പറഞ്ഞിരുന്നു. എന്നാല്‍ കരിയറായി കായിക ഇനം തിരഞ്ഞെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഇന്നും സാധിക്കുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവെയാണ് ഒരിയ്ക്കൽ സാനിയ ഇക്കാര്യം വ്യക്തമാക്കിയത്.

  ക്രിക്കറ്റ് മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ കായിക ഇനങ്ങളില്‍ മുന്നിലുള്ളത് വനിതാ താരങ്ങളാണെന്നത് അഭിമാനകരമാണ്. മാഗസിനുകളിലും ബില്‍ബോര്‍ഡുകളിലും വനിതാ കായിക താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അത് വലിയ കാര്യമാണ്. പെണ്‍കുട്ടിക്ക് കായിക താരമായി വളര്‍ന്നുവരാന്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് തനിക്കറിയാം.

  ഇത് മാറ്റത്തിന്റെ സൂചനയാണ്. എങ്കിലും ഇനിയും ഏറെ ദൂരം നമുക്ക് മുന്നേറാനുണ്ട്. ഗുസ്തി താരമാകണം എന്ന് പറയാന്‍ ഒരു പെണ്‍കുട്ടിക്ക് കഴിയാത്ത സാഹചര്യം ഇന്നുമുണ്ട്. ഇത് മാറണം. ബോക്‌സിങ് ഗ്ലൗസോ ബാഡ്മിന്റണ്‍ റാക്കറ്റോ തിരഞ്ഞെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകണം.

  തന്റെ കാര്യം തന്നെ എടുത്താല്‍, ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചിട്ടും തന്നോടുള്ള ചോദ്യം എന്നാണ് ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നായിരുന്നു എന്നും സാനിയ അന്ന് പറഞ്ഞിരുന്നു.

  Published by:Arun krishna
  First published: