'ലോക ചാമ്പ്യന്മാര്‍ ഇന്നെവിടെ?'; 2011 ലോകക്കപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്

Last Updated:
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നാണ് 2011 ലെ ലോകക്കപ്പ് വിജയം. സച്ചിനും സെവാഗും ഗംഭീറും യുവാരജും അടങ്ങിയ ടീം ലോകകപ്പ് ഉയര്‍ത്തിയത് ഈ തലമുറയിലെ കളിയാരാധകര്‍ക്ക് മറക്കാന്‍ കഴിയുകയില്ല. 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിന്റെ വിജയമായിരുന്നു ശ്രീലങ്കക്കെതിരെ ഇന്ത്യ നേടിയത്.
ലോകകപ്പ് ടീമിലെ സീനിയര്‍ താരങ്ങളായിരുന്ന സച്ചിനെയും സെവാഗിനെയും പോലുള്ളവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കോഹ്‌ലിയും അശ്വിനും അടങ്ങുന്ന സംഘം ഇന്നും ദേശീയ ടീമില്‍ കളിതുടരുന്നുമുണ്ട്. ഇന്ത്യക്ക് രണ്ടാമത് ഏകദിന കിരീടം സമ്മാനിച്ച പതിനഞ്ച് അംഗ ടീം ഇപ്പോള്‍ എവിടെയാണെന്ന് നോക്കാം.
1. വീരേന്ദര്‍ സെവാഗ്
2011 ലോകകപ്പിനു ശേഷം കരിയര്‍ നേരെ താഴോട്ട് പതിച്ച താരങ്ങളിലൊരാളാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ വീരേന്ദര്‍ സെവാഗ്. 2013 ല്‍ ടെസ്റ്റ് ടീമില്‍ നിന്നും പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും തഴയപ്പെട്ട വീരു 2016 ജനുവരി വരെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളിച്ചു. പിന്നീട് മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായ് താരം പ്രഖ്യാപിക്കുകയായിരുന്നു.
advertisement
കളി ജീവിതം അവസാനിപ്പിച്ച താരത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സ് കളത്തിലെ കാഴ്ചകളേക്കാള്‍ മികച്ചതായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ പല ഇടപെടലുകളും വിമര്‍ശനങ്ങള്‍ക്കും കാരണമായി. പിന്നീട് ഐപിഎല്ലില്‍ പഞ്ചാബിന്റെ മാനേജ്‌മെന്റിനൊപ്പവും താരം പ്രത്യക്ഷപ്പെട്ടു. അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് വീരു അപേക്ഷയും നല്‍കിയിരുന്നു.
2. സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന കളി ജീവിതം അവസാനിപ്പിക്കുന്നത് 2012 ലെ ഏഷ്യാകപ്പിനു പിന്നാലെയാണ്. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ നൂറാം സെഞ്ച്വറിയും തികച്ചശേഷമായിരുന്നു താരത്തിന്റെ വിടവാങ്ങല്‍. 2013 നവംബറില്‍ 200 ാം ടെസ്റ്റ് മത്സരവും കളിച്ച ശേഷമായിരുന്നു സച്ചിന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചത്.
advertisement
വികാരനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു താരത്തിന്റെ വിടവാങ്ങല്‍ ചടങ്ങ്. വിരമിച്ചതിനു ശേഷം മുംബൈ ഇന്ത്യന്‍സിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ബിസിസിഐയുടെ ഉപദേശക സമിതിയിലും സച്ചിന്‍ അംഗമാണ്.
3. ഗൗതം ഗംഭീര്‍
ലോകകപ്പ് ഫൈനലിലെ ഒരൊറ്റ ഇന്നിങ്ങ്‌സ് മതി ആരാധകര്‍ക്ക് തങ്ങളുടെ പ്രിയ ഗൗതിയെ ഓര്‍ക്കാന്‍. പക്ഷേ അതിനു പിന്നാലെ സെവാഗിന്റേതിനു സമാനമായ അവസ്ഥയാണ് ഡല്‍ഹി താരത്തെ കാത്തിരുന്നത്. 2012 ല്‍ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരം 2013 ല്‍ പരിമിത ഓവര്‍ ടീമില്‍ നിന്നും പുറത്തായി. 2014 ലും 2016 ലും ദേശീയ ടീമിലേക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും താരത്തിന് ടീമില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയാതെപോയി. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോം തുടരുന്ന താരം ദേശീയ ടീമിലേക്ക് മടങ്ങി വരാന്‍ സാധ്യതകളേറെയാണ്.
advertisement
4. വിരാട് കോഹ്‌ലി
2011 ലോകകപ്പ ടീമിലെ പ്രായം കുറഞ്ഞ താരങ്ങളിലൊരാളായിരുന്നു വിരാട് കോഹ്‌ലി. ഇന്ത്യന്‍ ക്രിക്കറ്റിനെ സച്ചിനു പിന്നാലെ തോളിലേറ്റിയ താരം 2015 ല്‍ ടെസ്റ്റ് ടീമിന്റെയും 2017 ല്‍ പരിമിത ഓവര്‍ മത്സരങ്ങളുടെയും നായകനായും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് കോഹ്‌ലി.
5. യുവരാജ് സിങ്ങ്
2011 ലെ ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട യുവരാജിന്റെ ജീവിതം സമാനതകളില്ലാത്ത നിമിഷങ്ങളിലൂടെയാണ് കടന്ന് പോയത്. പരമ്പരയ്ക്ക് പിന്നാലെ അര്‍ബുദ ബാധിതനാണെന്ന് തിരിച്ചറിഞ്ഞ താരം കളത്തില്‍ നിന്ന് വിട്ട നിന്നു. എന്നാല്‍ രോഗത്തെ അതിജീവിച്ച താരം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യന്‍ ക്രിക്കര്‌റിനു തന്നെ ഉര്‍ജ്ജമേകിയ നിമിഷമായിരുന്നു.
advertisement
പക്ഷേ പിന്നീട് താരത്തിനു ടീമില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയാതെ പോവുകയും ചെയ്തു. ടീമിലുള്‍പ്പെടുകയും പുറത്താവുകയും ചെയ്യുന്ന താരം ആഭ്യന്തര ക്രിക്കറ്റില്‍ സജീവ സാന്നിധ്യമാണ്.
6. എംഎസ് ധോണി
ലോകക്കപ്പില്‍ മുത്തമിട്ട രണ്ടാമത്തെ ഇന്ത്യന്‍ നായകന്‍, സിക്‌സറിലൂടെ വിജയറണ്‍ കുറിച്ച താരം തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്കര്‍ഹനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോണി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പ് ചെയ്യുന്നത് ധോണി തന്നെയാണ്. അടുത്ത ലോകകപ്പിലും താരം കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
advertisement
7. സുരേഷ് റെയ്‌ന
ലോകകപ്പിലൂടെ ഇന്ത്യന്‍ ഏകദിന ടീമിലിടം ഉറപ്പിച്ച താരമാണ് സുരേഷ് റെയ്‌ന. ടെസ്റ്റ് ടീമില്‍ നിന്ന് തഴയപ്പെടുന്നുണ്ടെങ്കിലും നിലവിലെ മികച്ച ഏകദിന താരങ്ങളുടെ പട്ടികയെടുത്താല്‍ റെയ്‌നയെ കാണാന്‍ കഴിയും. പക്ഷേ കഴിഞ്ഞ കുറച്ച് കാലങ്ങളായി ടീമിന് പുറത്താണ് താരത്തിന്റെ സ്ഥാനം. 2015 ഒക്ടോബറിലാണ് റെയ്‌ന ഏകദിന ടീമില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. പിന്നാലെ 2016 ല്‍ ടി 20യില്‍ നിന്നും താരം തഴയപ്പെട്ടു. 2017 ലും 2018 ലും ടി ട്വന്റി ടീമിലേക്ക് തിരിച്ച വന്നെങ്കിലും സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനു കഴിഞ്ഞില്ല. 2018 ല്‍ ഏകദിന ടീമിലേക്കും താരം മടങ്ങിയെത്തിയിരുന്നു. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത താരം യുപിയ്ക്കായ് ആഭ്യന്തര ക്രിക്കറ്റിലുണ്ട്.
advertisement
8. യൂസഫ് പത്താന്‍
ലോകകപ്പിനുശേഷം കരിയര്‍ താഴേക്ക് പതിച്ച താരമാണ് യൂസഫ് പത്താന്‍. വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം നടത്തുന്ന ഈ ഔള്‍റൗണ്ടര്‍ നിലവില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മാത്രമാണ് പങ്കെടുക്കുന്നത്. ഐപിഎല്ലില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നിലവില്‍ പത്താന്‍.
9. ഹര്‍ഭജന്‍ സിങ്ങ്
മറ്റ് സീനിയര്‍ താരങ്ങളെപ്പോലെ തന്നെയാണ് ഹര്‍ഭജന്റെയും കളിജീവിതം. ലോകകപ്പിനു തൊട്ട് പിന്നാലെ 2011 സെപ്റ്റംബറില്‍ ഏകദിന ടീമില്‍ നിന്നും ഒക്ടോബറില്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായ താരം ഇടയ്ക്കിടെ ദേശീയ ടീമിലേക്ക മടങ്ങിയെത്താറുണ്ടെങ്കിലും നിലവില്‍ കളത്തിനു പുറത്ത് തന്നെയാണ്. ഐപിഎല്ലില്‍ മുംബൈയെ നയിച്ചിരുന്ന താരം നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിനായും താരം കളത്തിലിറങ്ങുന്നു.
10. സഹീര്‍ ഖാന്‍
ലോകകപ്പിന്റെ താരങ്ങളിലൊരാളായ സഹീര്‍ ഫിറ്റ്‌നെസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2012 ലാണ് ടീമിനു പുറത്താകുന്നത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരത്തിന് പിന്നീട് ഒരിക്കലും തിരിച്ചെത്താന്‍ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 2014 ലാണ് സഹീര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നത്.
11. എസ് ശ്രീശാന്ത്
ടി ട്വന്റി ലോകകപ്പും ഏകദിന ലോകകപ്പും നേടിയ ടീം അംഗമായ ശ്രീശാന്ത് ഇന്ത്യയുടെ മികച്ച ബൗളര്‍ മാരില്‍ ഒരാളായിരുന്നു. ലോകകപ്പ് ഫൈനല്‍ മത്സരമാണ് ശ്രീയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ അവസാനത്തെ അന്താരാഷ്ട്ര മത്സരം. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ടെസ്റ്റില്‍ ഇന്ത്യക്കായ് ഇറങ്ങിയത്. 2013 ഐപിഎല്ലില്‍ ഉയര്‍ന്ന ഒത്തുകളി വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട താരത്തിനു പിന്നീട് മടങ്ങിവരവ് ഉണ്ടായിട്ടില്ല. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും വിലക്ക് നീങ്ങാതെ കളിജീവിതം പ്രതിസന്ധിയിലായ താരമാണ് ശ്രീശാന്ത്.
12. പീയുഷ് ചൗള
ലോകകപ്പിനു പിന്നാലെ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട താരം 2012 ല്‍ ടെസ്റ്റിലും ടി ട്വന്റിയിലും മടങ്ങി വന്നെങ്കിലും വീണ്ടും പടിക്ക് പുറത്താവുകയായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടക്ക് അഞ്ച് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് ചൗള കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ യുപിയെ നയിച്ച താരം നിലവില്‍ ഗുജറാത്തിനായാണ് കളിക്കുന്നത്.
13. ആര്‍ അശ്വിന്‍
കോഹ്‌ലിയെപ്പോലെ ലോകക്കപ്പ് ടീമില്‍ യുവതാരമായിരുന്ന അശ്വിന്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ബൗളറായി വളര്‍ന്ന് വരികയായിരുന്നു. 2017 ല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് സ്ഥാനം നഷ്ടമായെങ്കിലും ടെസ്റ്റ് ടീമിലെ സ്ഥാരാംഗമാണ് അശ്വിന്‍.
14. മുനാഫ് പട്ടേല്‍
ലോകകപ്പിനുശേഷം കളിജീവിതം അവസാനിച്ച മറ്റൊരു പ്രതിഭ. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം ചെറിയ അവസരങ്ങള്‍ മാത്രമാണ് താരത്തിനു ലഭിച്ചത്. 2015 ഓടെ ഐപിഎല്ലില്‍ നിന്നും പുറത്തായ താരം 2017 ന് ശേഷം പ്രൊപഷണല്‍ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല.
15. ആശിഷ് നെഹ്‌റ
ലോകകപ്പ് ഫൈനലായിരുന്നു നെഹ്‌റയുടെ അവസാന ഏകദിന മത്സരം. പിന്നീട് ടി 20 മത്സരങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തിയ നെഹ്‌റ 2017 ലാണ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നത്. ഈ കാലയളവില്‍ നിരവധി തവണ പരിക്കിന്റെ പിടിയിലും താരം അകപ്പെടുകയുണ്ടായി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ലോക ചാമ്പ്യന്മാര്‍ ഇന്നെവിടെ?'; 2011 ലോകക്കപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്
Next Article
advertisement
ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു; രവീന്ദ്ര ജഡേജയുടെ ഭാര്യ മന്ത്രിയായേക്കും
ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു; രവീന്ദ്ര ജഡേജയുടെ ഭാര്യ മന്ത്രിയായേക്കും
  • ഗുജറാത്ത് മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു, പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി.

  • രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയുമ മന്ത്രിസഭയലെത്തുമെന്നാണ് സൂചന.

  • പുതിയ മന്ത്രിസഭയിൽ 22 അല്ലെങ്കിൽ 23 അംഗങ്ങൾ ഉണ്ടാകും, 4-5 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.

View All
advertisement