HOME /NEWS /Sports / IPL 2021| രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്റീനില്ല; ബബിൾ ലംഘിച്ചാൽ ശിക്ഷ

IPL 2021| രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്റീനില്ല; ബബിൾ ലംഘിച്ചാൽ ശിക്ഷ

IPL

IPL

ടൂർണമെന്റിന്റെ ഭാഗമാവാൻ വരുന്ന വിദേശ താരങ്ങൾ അവരുടെ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുൻപ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി, അതിന്റെ ഫലം നെഗറ്റിവ് ആണെങ്കിൽ മാത്രമേ താരങ്ങൾക്ക് അതാത് ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരാനാവൂ.

  • Share this:

    യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ വിദേശ താരങ്ങള്‍ക്ക് ക്വാറന്റീനുണ്ടാവില്ലെന്ന് ബിസിസിഐ. കഴിഞ്ഞ ദിവസം ടൂർണമെന്റിനെ സംബന്ധിച്ച് ബിസിസിഐ പുറത്തുവിട്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ക്വാറന്റീനിൽ ഇളവുകൾ നൽകിയെങ്കിലും ടൂർണമെന്റ് നടക്കുമ്പോൾ താരങ്ങൾക്കായി ഒരുക്കിയിട്ടുള്ള ബയോ ബബിൾ സംവിധാനം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും എന്നത് ബിസിസിഐ വ്യക്തമാക്കി.

    വിദേശ താരങ്ങളുടെ ക്വാറന്റീൻ ഒഴിവാക്കിയത് ചില നിബന്ധനകളോടെയായിരുന്നു. ടൂർണമെന്റിന്റെ ഭാഗമാവാൻ വരുന്ന വിദേശ താരങ്ങൾ അവരുടെ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുൻപ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി, അതിന്റെ ഫലം നെഗറ്റിവ് ആണെങ്കിൽ മാത്രമേ താരങ്ങൾക്ക് അതാത് ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരാനാവൂ. താരങ്ങളുടെ കൂടെ വരുന്ന കുടുംബങ്ങൾക്കും ഇത് ബാധകമാണ്. ഇതോടൊപ്പം താരങ്ങളുടെ കുടുംബാംഗങ്ങൾക്കും ബയോ ബബിള്‍ വിട്ട് പുറത്ത് പോകുവാൻ ഉള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല.

    തീര്‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ പുറത്ത് പോവുകയാണെങ്കില്‍ ടീമിനൊപ്പം തിരികെ ചേരുന്നതിന് മുൻപ് ആറ് ദിവസം ക്വാറന്റീനില്‍ കഴിയുകയും ഇതിൽ രണ്ടിടവിട്ട ദിവസങ്ങളില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്യേണ്ടതുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

    യുഎഇയിൽ വെച്ച് നടക്കുന്ന രണ്ടാം പാദ ഐപിഎൽ മത്സരങ്ങളുടെ മത്സരക്രമാം ബിസിസിഐ നേരത്തെ പുറത്തുവിട്ടിരുന്നു. ഫൈനലടക്കം 31 മത്സരങ്ങളാണ് ഇനിയും നടക്കാനുള്ളത്. സെപ്റ്റംബർ 19നാണ് രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബർ 15നാണ് ഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഒക്ടോബർ എട്ടിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ്.

    യുഎഇയിൽ നടക്കുന്ന മത്സരങ്ങളിൽ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാർജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതിൽ ദുബായിൽ 13, ഷാർജയിൽ 10, അബുദാബിയിൽ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതിൽ ആദ്യ ക്വാളിഫയർ ഫൈനൽ എന്നിവ ദുബായിലും, എലിമിനേറ്റർ രണ്ടാം ക്വാളിഫയർ എന്നിവ ഷാർജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.

    നേരത്തെ ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് ബയോബബിളിനുള്ളിൽ താരങ്ങളിലേക്കും വ്യാപിച്ചതോടെയാണ് ബിസിസിഐ ഐപിഎൽ നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്. ടൂർണമെന്റ് നിർത്തിവെക്കുമ്പോൾ ഡൽഹി, പഞ്ചാബ് എന്നീ ടീമുകൾ എട്ട് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ബാക്കിയുള്ള എല്ലാ ടീമുകളും ഏഴ് മത്സരങ്ങളാണ് പൂർത്തിയാക്കിയിരുന്നത്. ഇതിൽ 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ആയിരുന്നു പോയിന്റ് ടേബിളിൽ തലപ്പത്ത്. പത്ത് പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. പോയിന്റ് ടേബിളിൽ നാലാമതുള്ള മുംബൈ ഇന്ത്യൻസിന് എട്ട് പോയിന്റാണുള്ളത്.

    First published:

    Tags: IPL 2021, IPL 2021 Covid 19, IPL 2021 Fixture, IPL UAE