• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2023 | വിരാട് കോഹ്ലിയുടെ കാൽതൊട്ട് വന്ദിച്ച് റിങ്കു സിങ്; ദൃശ്യം വൈറൽ

IPL 2023 | വിരാട് കോഹ്ലിയുടെ കാൽതൊട്ട് വന്ദിച്ച് റിങ്കു സിങ്; ദൃശ്യം വൈറൽ

മത്സരശേഷം ഇരു ടീമിലെയും അംഗങ്ങൾ ഹസ്തദാനം ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി റിങ്കു സിങ് വിരാട് കോഹ്ലിയുടെ കാലിൽ തൊട്ട് വന്ദിച്ചത്

  • Share this:

    ബെംഗളൂരു: ഐപിഎൽ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ കാൽതൊട്ട് വന്ദിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്. ഈ ദൃശ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2023 മത്സരത്തിന് ശേഷമാണ് സംഭവം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർ‌സി‌ബി) വിജയിച്ചതിന് പിന്നാലെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) താരം റിങ്കു സിംഗ് വിരാട് കോഹ്‌ലിയുടെ കാലിൽ തൊട്ടത്. ഇതിനുപിന്നാലെ റിങ്കുവിനെ ആലിംഗനം ചെയ്തു കോഹ്ലി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.

    മത്സരശേഷം ഇരു ടീമിലെയും അംഗങ്ങൾ ഹസ്തദാനം ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി റിങ്കു സിങ് വിരാട് കോഹ്ലിയുടെ കാലിൽ തൊട്ട് വന്ദിച്ചത്. തോളിൽ തട്ടിയ കോഹ്ലി റിങ്കുവിനെ ചേർത്തുപിടിച്ചു.

    തുടർ തോൽവികൾക്ക് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം കണ്ട മത്സരമായിരുന്നു ഇത്. 21 റൺസിനാണ് കൊൽക്കത്ത വിജയിച്ചത്. 201 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ബാംഗ്ലൂരിന് 20 ഓവറിൽ 179/8 എന്ന സ്കോറിൽ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.

    201 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിനായി ക്രീസില്‍ എത്തിയ റോയല്‍ ചലഞ്ചേഴ്സിനായി വിരാട് കോഹ്‌ലി (37 പന്തില്‍ 54), മഹിപാല്‍ ലോമര്‍ (18 പന്തില്‍ 34) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.

    ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി ഓപ്പൺ ചെയ്ത ജേസണ്‍ റോയിയും നാരായണ്‍ ജഗദീശനും ചേർന്ന് ആദ്യ വിക്കറ്റില്‍ 9.2 ഓവറില്‍ 83 റണ്‍സ് നേടി. 29 പന്തില്‍ 27 റണ്‍സ് നേടിയ നാരായണ്‍ ജഗദീശനെ ഡേവിഡ് വില്ലിയുടെ കൈകളിലെത്തിച്ച്‌ വൈശാഖ് വിജയ്കുമാര്‍ ആര്‍സിബിക്ക് ആദ്യ ബ്രേക്ക് നല്‍കി. ഓവറിന്‍റെ അവസാന പന്തില്‍ ജേസണ്‍ റോയിയെയും വൈശാഖ് വിജയ്കുമാര്‍ പുറത്താക്കി. 29 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും അടക്കം 56 റണ്‍സ് നേടിയ ജേസണ്‍ റോയ് ബൗള്‍ഡാകുകയായിരുന്നു. നേരിട്ട 22-ാം പന്തില്‍ റോയ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.

    പിന്നീട് വെങ്കിടേഷ് അയ്യറും ക്യാപ്റ്റന്‍ നിതീഷ് റാണയും ചേർന്ന് കൊല്‍ക്കത്തയെ മുന്നോട്ടുനയിച്ചു. 21 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ നിതീഷ് റാണ 48 റൺസെടുത്തു. അടുത്ത പന്തിൽ വെങ്കിടേഷ് അയ്യറും (26 പന്തില്‍ 31) പുറത്തായി. ഇരു വിക്കറ്റുകളും ഹസരെങ്കയ്ക്കായിരുന്നു. റിങ്കു സിംഗ് (10 പന്തില്‍ 18 നോട്ടൗട്ട്), ഡേവിസ് വൈസ് (മൂന്ന് പന്തില്‍ 12 നോട്ടൗട്ട്) എന്നിവരുടെ അതിവേഗ സ്കോറിങ് കൊൽക്കത്തയെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 എന്ന സ്കോറില്‍ എത്തിക്കുകയായിരുന്നു.

    Published by:Anuraj GR
    First published: