IPL 2024, DC Vs MI : മുംബൈയ്ക്ക് സീസണിലെ ആദ്യ ജയം; ഡല്‍ഹിയെ 29 റണ്‍സിനെ പരാജയപ്പെടുത്തി
- Published by:Arun krishna
- news18-malayalam
Last Updated:
മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 205/8 റണ്‍സില്‍ അവസാനിച്ചു
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സ്വന്തം തട്ടകത്തില്‍ 29 റണ്‍സിന്‍റെ ആവേശകരമായ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ കപ്പ് ഉയര്‍ത്തിയ മുംബൈയ്ക്ക് പുതിയ ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കീഴില്‍ ഈ സീസണില്‍ ഒരു മത്സരവും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 205/8 റണ്‍സില്‍ അവസാനിച്ചു. 25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്കോറർ.
advertisement
സ്കോർ ബോർഡിൽ 22 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ഡേവിഡ് വാർണറെ ഡല്‍ഹിക്ക് നഷ്ടമായി. അർധ സെഞ്ചറി നേടിയപൃഥ്വി ഷായെ (40 പന്തിൽ 66) ജസ്പ്രീത് ബുമ്ര ക്ലീൻ ബോൾഡാക്കിയതോടെ ഡല്‍ഹിയുടെ നില പരുങ്ങലിലായി. 31 പന്തിൽ 41 റൺസ് നേടിയ അഭിഷേക് പൊറൽ ടിം ഡേവിഡിന് ക്യാച്ച് നൽകി മടങ്ങി. അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് നടത്തിയ അത്യുഗ്രന്‍ ബാറ്റിങ്ങാണ് ഡൽഹിയുടെ സ്കോര്‍ 200 കടത്തിയത്.
അവസാന ഓവറില്‍ തുടരെ 3 വിക്കറ്റുകള്‍ വീണതോടെ ഡല്‍ഹിയുടെ പോരാട്ടം 29 റണ്‍സ് അകലെ അവസാനിച്ചു. ക്യാപ്റ്റൻ റിഷഭ് പന്ത് (1), അക്ഷർ പട്ടേൽ (8), ലളിത് യാദവ് (3), കുമാർ കുശാഗ്ര (0), ജേ റിച്ചാർഡ്സൻ (2) എന്നിവർ നിരാശപ്പെടുത്തിയത് ഡല്‍ഹിക്ക് തിരിച്ചടിയായി. മുംബൈ ഇന്ത്യൻസിനായി ജെറാൾഡ് കോട്സീ 4 ഓവറിൽ 34 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും റോമാരിയോ ഷെപ്പെര്‍ഡ് ഒരു വിക്കറ്റും നേടി.
advertisement
ബാറ്റര്‍മാരുടെ മികച്ച പ്രകടനത്തിലൂടെയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മുന്നില്‍ 235 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുംബൈ ഇന്ത്യന്‍സ് തീര്‍ത്തത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം മുംബൈ ഇന്നിങ്സിന് അടിത്തറപാകി. ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
27 പന്തില്‍ നിന്ന് 3 സിക്സും 6 ഫോറുമടക്കം 49 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍. അര്‍ധ സെഞ്ചുറിയ്ക്ക് തൊട്ടരികെ അക്സര്‍ പട്ടലാണ് രോഹിതിനെ പുറത്താക്കി ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവിന് റണ്‍സൊന്നും നേടാന്‍ കഴിഞ്ഞില്ല. ഇഷാന്‍ കിഷന് കൂട്ടായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൂടി എത്തിയതോടെ സ്കോറിന്‍റെ വേഗം കൂടി. 23 പന്തില്‍ 42 റണ്‍സുമായി ഇഷാന്‍ കിഷനും മടങ്ങി. അക്സര്‍ പട്ടേലാണ് ഇക്കുറിയും ഡല്‍ഹിക്കായി വിക്കറ്റെടുത്തത്. 6 റണ്‍സ് മാത്രം നേടിയ യുവതാരം തിലക് വര്‍മ നിരാശപ്പെടുത്തി.
advertisement
അവസാന ഓവറുകളില്‍ ടിം ഡേവിഡും (45) റൊമാരിയോ ഷെപ്പേര്‍ഡും (39) നടത്തിയ മികച്ച ബാറ്റിങ് പ്രകടനം മുംബൈയ്ക്ക് 234 എന്ന മികച്ച സ്കോര്‍ തന്നെ സമ്മാനിച്ചു.അക്സര്‍ പട്ടേലും ആന്‍റ്റിച്ച് നോര്‍ക്യയും 2 വിക്കറ്റ് വിതം നേടി ഖലീല്‍ അഹമ്മദ് 1 വിക്കറ്റും വീഴ്ത്തി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
April 07, 2024 7:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024, DC Vs MI : മുംബൈയ്ക്ക് സീസണിലെ ആദ്യ ജയം; ഡല്‍ഹിയെ 29 റണ്‍സിനെ പരാജയപ്പെടുത്തി