ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ ഇന്നലെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കൊപ്പം നാല് സ്റ്റാന്റ്‌ബൈ താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇതേ ടീം തന്നെയാണ് ഇറങ്ങുക. ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, പൃഥ്വി ഷാ എന്നീ താരങ്ങൾക്ക് ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.
ഇത്തവണത്തെ ഐ പി എൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഗംഭീര പ്രകടനമായിരുന്നു യുവതാരം പൃഥ്വി ഷാ പുറത്തെടുത്തത്. ഷായുടെയും ധവാന്റെയും തകർപ്പൻ ഓപ്പണിങ്ങ് കൂട്ടുകെട്ടിന്റെ പിൻബലത്തിലായിരുന്നു ഡൽഹി ടീം ടൂർണമെന്റിൽ വിജയക്കുതിപ്പുകൾ നടത്തിക്കൊണ്ടിരുന്നത്. ഈ സീസണിൽ എട്ട് മത്സരങ്ങളില്‍ നിന്നും 308 റണ്‍സാണ് യുവതാരം പൃഥ്വി ഷാ അടിച്ചുകൂട്ടിയത്. ഇപ്പോൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിലേക്ക് ഷായെ പരിഗണിക്കാത്തതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്റ്റാർ പേസർ ആശിഷ് നെഹ്‌റ.
'സാങ്കേതിക മികവിലേക്ക് നോക്കുമ്പോള്‍ ഏതൊരു താരത്തിനും അഡ്ജസ്റ്റ് ചെയ്യാന്‍ പ്രയാസമുണ്ടാവും. അഡ്ലെയ്ഡ് ടെസ്റ്റ് കളിക്കുന്ന സമയം 30-40 ടെസ്റ്റ് കളിച്ചതിന്റെ അനുഭവസമ്പത്ത് ഷായ്ക്കില്ല. ഒരു യുവതാരത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഒരു ടെസ്റ്റിന്റെ പേരില്‍ അവനെ ഒഴിവാക്കുന്നത് കടുപ്പമേറിയതാണ്. ഒരു ടെസ്റ്റിന് ശേഷം ഷായെ ബെഞ്ചിലിരുത്തരുത് എന്നാണ് ഓസീസ് പരമ്പരക്കിടയിലും എനിക്ക് തോന്നിയത്. കഴിഞ്ഞ വര്‍ഷത്തെ ഐ പി എല്‍ സമയവും ഷായെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തരുത് എന്നായിരുന്നു എന്റെ അഭിപ്രായം. ഏതാനും നല്ല ഇന്നിങ്സുകള്‍ പൃഥ്വി കളിച്ചിരുന്നു'- നെഹ്‌റ പറഞ്ഞു.
Also Read- എബി ഡി വില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു; സൂചന നൽകി ഗ്രെയിം സ്മിത്ത്
ഓസ്ട്രേലിയൻ പര്യടനത്തിൽ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഡക്കായാണ് ഷാ മടങ്ങിയത്. രണ്ടാം ഇന്നിങ്സിൽ വെറും നാല് റൺസ് നേടുമ്പോഴേക്കും താരം കൂടാരം കയറി. അതിനുശേഷം അടുത്ത മത്സരങ്ങളിൽ ഷായെ കളിപ്പിച്ചിരുന്നില്ല. ഈ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ്, ഏകദിനം, ടി20 പരമ്പരകളിലും താരത്തെ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഐ പി എൽ സീസണിൽ തുടർച്ചയായി രണ്ട് അർദ്ധസെഞ്ച്വറികൾ നേടിയിരുന്നെങ്കിലും സ്ഥിരതയില്ലായ്മ കാരണം കുറച്ചു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.
ഐ പി എല്ലിന് മുന്‍പായി നടന്ന സയ്യിദ് മുഷ്താഖ് അലി ടി20യിലും വിജയ് ഹസാരെ ട്രോഫിയിലും പൃഥ്വി ഷാ റണ്‍സ് വാരിക്കൂട്ടിയിരുന്നു. വിജയ് ഹസാരെയിൽ എട്ട് മത്സരങ്ങളിൽ നിന്നും 827 റൺസാണ് താരം പോക്കറ്റിലാക്കിയത്.
News summary: Ashish Nehra has said that Prithvi Shaw should not have been benched after 1st Test of 4-match series vs Australia.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ashish Nehra, Icc, Indian cricket team, Indian Team, Prithvi Shaw, World Test Champioship