IND vs ENG |മഴ രക്ഷിച്ചത് ഇംഗ്ലണ്ടിനെയോ അതോ ഇന്ത്യയെയോ? ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറയുന്നു
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഇന്ത്യക്ക് മുന്‍തൂക്കമുണ്ടായിരുന്നെന്ന് സമ്മതിച്ച റൂട്ട് ഇംഗ്ലണ്ടിന് മുന്നില്‍ അവസാന ദിനം ഒമ്പത് അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമുണ്ടായിരുന്നെന്നും പറഞ്ഞു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. അവസാന ദിനമായ ഇന്നലെ മഴ കളി മുടക്കിയതിനാല്‍ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 303 റണ്‍സ് നേടി ഇന്ത്യക്ക് മുന്നില്‍ 209 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. നാലാം ദിനത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംങ്‌സ് തുടങ്ങി കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു.
അവസാന ദിനത്തില്‍ 157 റണ്‍സ് സ്വന്തമാക്കിയാല്‍ ജയിക്കാം എന്നിരിക്കെ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ അഞ്ചാം ദിനത്തില്‍ നിര്‍ത്താതെ പെയ്ത മഴ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാമെന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷകളെ കെടുത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ പരമ്പരയിലുള്ളതിനാല്‍ ഈ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസവും നല്‍കുമായിരുന്നു. ഇപ്പോഴിതാ മത്സരത്തില്‍ വിജയ സാധ്യത ആര്‍ക്കായിരുന്നെന്നും ഇംഗ്ലണ്ടിന്റെ പദ്ധതികളെക്കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇന്ത്യക്ക് മുന്‍തൂക്കമുണ്ടായിരുന്നെന്ന് സമ്മതിച്ച റൂട്ട് ഇംഗ്ലണ്ടിന് മുന്നില്‍ അവസാന ദിനം ഒമ്പത് അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമുണ്ടായിരുന്നെന്നും പറഞ്ഞു.
advertisement
Read also: 'ഇപ്പോഴും നിങ്ങളെ ആവശ്യമില്ല', വിമര്‍ശകര്‍ക്ക് മറുപടിയുമായി ജസ്പ്രീത് ബുംറ, ട്വീറ്റ് വൈറല്‍
'അവസാന ദിവസം ഒരു സമയത്ത് 40 ഓവറെങ്കിലും മത്സരം നടക്കുമെന്ന് ചിന്തിച്ചിരുന്നു. ഇത്തരമൊരു പിച്ചില്‍ ഒമ്പത് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നെന്നാണ് കരുതുന്നത്. ഇന്ത്യയായിരുന്നു ഡ്രൈവിങ് സീറ്റില്‍. എന്നാല്‍ ഒന്നോ രണ്ടോ വിക്കറ്റ് വീണാല്‍ മത്സരം മാറിമറിയുമെന്ന് ഞങ്ങള്‍ക്കറിയാം. അഞ്ചാം ദിനത്തിന്റെ സമ്മര്‍ദ്ദത്തോടൊപ്പം പിച്ചിലെ വേഗത കൂടിയാകുമ്പോള്‍ ഒമ്പത് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് സാധിക്കുമായിരുന്നുവെന്നാണ് കരുതുന്നത്. വളരെ ആവേശകരമായ ഫൈനല്‍ ദിനമാണ് മഴ നഷ്ടപ്പെടുത്തിയത്' -റൂട്ട് പറഞ്ഞു.
advertisement
ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ പേസ് ബൗളിംഗ് യൂണിറ്റ് പുറത്തെടുത്തത്. കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 183 എന്ന സ്‌കോറിനും രണ്ടാം ഇന്നിങ്‌സില്‍ 303 എന്ന സ്‌കോറിനും തളച്ചിട്ടത് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ്. മത്സരത്തില്‍ മുഴുവന്‍ വിക്കറ്റുകളും ഇന്ത്യയ്ക്ക് വേണ്ടി നേടിയത് ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിലെ മുഴുവന്‍ വിക്കറ്റുകളും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നേടുന്നത്. ഇതിനുമുന്‍പ് 2018 ജോഹനാസ്ബര്‍ഗ് ടെസ്റ്റില്‍ 20 വിക്കറ്റുകളും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നേടിയിരുന്നു.
advertisement
ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമി മൂന്നും ഷര്‍ദുല്‍ താക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ബുംറ അഞ്ചും സിറാജും ഷര്‍ദുലും രണ്ട് വിക്കറ്റ് വീതവും ഷമി ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്സ് മൈതാനത്ത് വെച്ച് നടക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 10, 2021 9:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG |മഴ രക്ഷിച്ചത് ഇംഗ്ലണ്ടിനെയോ അതോ ഇന്ത്യയെയോ? ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറയുന്നു