ഐ എസ് എല്‍: കേരള ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്തി ഫിഫ; നടപടി വിദേശ താരത്തിന് കരാര്‍ തുക നല്‍കാത്തതില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
താരങ്ങളുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച പണമിടപാടിലുണ്ടായ പരാതിയെ തുടര്‍ന്നാണ് ടീമുകളെ ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ തീരുമാനം എടുത്തിരിക്കുന്നത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ രംഗത്ത്. കേരളത്തിന്റെ ഏക ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനും ഐ എസ് എല്ലിലെ തന്നെ ക്ലബായ ഈസ്റ്റ് ബംഗാളിനുമാണ് ഫിഫ വിലക്ക് കൊടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരള ടീമിന് ഫിഫ ട്രാന്‍സ്ഫര്‍ ബാനുമായി ബന്ധപ്പെട്ട് ഫിഫയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രസ്താവന ലഭിച്ചതായിട്ടാണ് സൂചന.
താരങ്ങളുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച പണമിടപാടിലുണ്ടായ പരാതിയെ തുടര്‍ന്നാണ് ടീമുകളെ ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ തീരുമാനം എടുത്തിരിക്കുന്നത്. വിലക്ക് തീരുന്നത് വരെ പുതിയ താരങ്ങളുമായി കരാറില്‍ ഏര്‍പ്പെടാനോ രജിസ്റ്റര്‍ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും കഴിയില്ല. പുതിയ സീസണായി നല്ല സ്‌ക്വാഡ് ഒരുക്കാന്‍ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാകും ഈ വിലക്ക് നല്‍കിയിരിക്കുന്നത്.
മുന്‍ ബ്ലാസ്റ്റേഴ്‌സ് സ്ലൊവേനിയന്‍ താരം മറ്റേജ് പൊപ്ലാനിക്കിന്റെ വേതനവുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വിലക്ക് ലഭിച്ചിരിക്കുന്നത്. പൊപ്ലാനിക്കും, താരം ഇപ്പോള്‍ കളിക്കുന്ന സ്‌കോട്ടിഷ് ക്ലബ് ലിവിസ്റ്റണ്‍ എഫ് സിയുടെയും സംഘടിതമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫിഫ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജോണി എ കോസ്റ്റയുടെ പരാതിയലാണ് ഈസ്റ്റ് ബംഗാളിനെതിരെ ഫിഫി ട്രാന്‍സ്ഫര്‍ ബാന്‍ ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഈ പരാതിയില്‍ ജൂണ്‍ ആദ്യം തന്നെ ഫിഫയും എ ഐ എഫ് എഫും ക്ലബ്ബുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
advertisement
2018-2020 സീസണില്‍ കേരളത്തിന്റെ വിദേശ താരങ്ങളില്‍ ഒരാളായിരുന്ന മറ്റേജ് പൊപ്ലാനിക്കിന് ക്ലബ് ഇതുവരെ കരാറില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ തുകയും നല്‍കിട്ടില്ല. താരത്തിന്റെ പരാതിയെത്തുടര്‍ന്ന് ഫിഫാ കമ്മിറ്റി കൂടി കേരള ടീം മാനേജ്‌മെന്റിന്റെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടെത്തുകയും തുടര്‍ന്ന് ബാന്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. പൊപ്ലാനിക്കിന് നല്‍കനുള്ള തുക ക്ലബ് വീട്ടി കഴിഞ്ഞാല്‍ നാളെ മുതല്‍ തുറക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോക്ക് ബ്ലാസ്റ്റേഴ്‌സിന് പങ്കെടുക്കാന്‍ സാധിക്കും.
advertisement
വന്‍ മുന്നൊരുക്കങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഇടയ്ക്കു വച്ച് പുറത്താക്കപ്പെട്ട സ്പാനിഷ് കോച്ച് കിബു വിക്കൂനയ്ക്കു പകരം സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമോനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് ടീമില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിശീലകരെ ഇടയ്ക്കിടക്ക് മാറ്റുന്നത് പതിവാക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ ഐ എസ് എല്ലിലെ പത്താമത്തെ പരിശീലകന്‍ ആണ് വുകോമോനോവിച്ച്. പുതിയ സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ബാംഗ്‌ളൂര്‍ എഫ്‌സിയില്‍ നിന്നും ഹര്‍മന്‍ജോത് ഖബ്ര, വിദേശ ലീഗുകളില്‍ കളിക്കുകയായിരുന്ന സഞ്ജീവി സ്റ്റാലിന്‍, റൗണ്ട്ഗ്‌ളാസ്സ് പഞ്ചാബില്‍ നിന്നും റുയിവാ ഹോര്‍മിപാം എന്നിവരെ പുതുതായി ടീമില്‍ എത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2021 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐ എസ് എല്‍: കേരള ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്തി ഫിഫ; നടപടി വിദേശ താരത്തിന് കരാര്‍ തുക നല്‍കാത്തതില്‍