HOME /NEWS /Sports / ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ കുല്‍ദീപ് സ്ഥാനമര്‍ഹിച്ചിരുന്നു പക്ഷേ ഒഴിവാക്കപ്പെട്ടു; രാഹുല്‍ ദ്രാവിഡ്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ കുല്‍ദീപ് സ്ഥാനമര്‍ഹിച്ചിരുന്നു പക്ഷേ ഒഴിവാക്കപ്പെട്ടു; രാഹുല്‍ ദ്രാവിഡ്

kuldeep yadav

kuldeep yadav

രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, മുഹമ്മദ് ഷമിയുള്‍പ്പെടെയുള്ള താരങ്ങള്‍ പരുക്ക് മാറി ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയപ്പോള്‍ കുല്‍ദീപിനെ മാത്രം സെലക്ടര്‍മാര്‍ പരിഗണിച്ചില്ല

  • Share this:

    ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാന്‍ അര്‍ഹതയുണ്ടായിട്ടും കുല്‍ദീപ് യാദവിനെ തഴഞ്ഞതില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി ഇന്ത്യയുടെ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി 20 പേരുള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് കഴിഞ്ഞയാഴ്ച സിലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. സ്റ്റാന്റ്ബൈ താരങ്ങളായി നാലു പേരും സംഘത്തില്‍ ഇടം നേടിയിരുന്നു. ജൂണ്‍ 18ന് തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. അതിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കും.

    റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയ തീരുമാനം ശരിയായില്ലെന്നാണ് ദ്രാവിഡ് അഭിപ്രായപ്പെട്ടത്. രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, മുഹമ്മദ് ഷമിയുള്‍പ്പെടെയുള്ള താരങ്ങള്‍ പരുക്ക് മാറി ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയപ്പോള്‍ കുല്‍ദീപിനെ മാത്രം സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്പരകളിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും അവസാന ഇലവനില്‍ ചുരുക്കം അവസരങ്ങള്‍ മാത്രമേ താരത്തിന് ലഭിച്ചിരുന്നുള്ളൂ

    Also Read-ശ്രീലങ്കയുടെ നായകസ്ഥാനത്ത് നിന്നും കരുണാരത്നെ പുറത്ത്; കുശാല്‍ പെരേര പുതിയ ക്യാപ്റ്റന്‍

    ഇന്ത്യയുടേത് വളരെ സന്തുലിതമായ ടീമാണെന്നും ദ്രാവിഡ് വിലയിരുത്തി. 20 പേരുള്‍പ്പെടുന്ന സംഘമാണിത്. അര്‍ഹതയുണ്ടായിട്ടും ടീമിലെത്താതെ പോയ ഒരേയൊരാള്‍ കുല്‍ദീപ് യാദവാണ്. കുറച്ചു കാലമായി അദ്ദേഹത്തിന് അവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങളും കുല്‍ദീപിനെ പിന്നിലാക്കി. എത്ര മാത്രം സന്തുലിതമായ ടീമാണ് തങ്ങള്‍ക്കു വേണ്ടതെന്ന കാര്യത്തില്‍ കൃത്യമായ ധാരണ ഇന്ത്യക്കുണ്ടെന്നും ദ്രാവിഡ് വിശദമാക്കി.

    Also Read-അശ്വിനെയും ജഡേജയെയും ഇന്ത്യക്ക് ഒരുമിച്ച് കളിപ്പിക്കാനാകും; വിശദീകരണവുമായി രാഹുൽ ദ്രാവിഡ്‌

    'അശ്വിന്‍, ജഡേജ എന്നിവരുടെ സാന്നിധ്യം ബാറ്റിങിലും ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. ഇവര്‍ക്കു ബാക്കപ്പായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ട്. ഏതു ദിശയിലേക്കാണ് പോവേണ്ടത് എന്ന കാര്യത്തില്‍ ടീമിനു കൃത്യമായ ധാരണയുണ്ട്. ഇതു ഇന്ത്യയുടെ ബാറ്റിങിനെ കൂടുതല്‍ കരുത്തുറ്റതാക്കും. സംഘത്തിലെ നാലു ഫിംഗര്‍ സ്പിന്നര്‍മാരും ഇക്കാര്യത്തില്‍ സഹായിക്കുന്നവരാണ്. ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് തന്നെ തങ്ങളുടെ ഏറ്റവും മികച്ച ഇലവനെക്കുറിച്ച് ഇന്ത്യക്കു കൃത്യമായ ധാരണയുണ്ട്.' ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

    2019ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു കുല്‍ദീപ്. ഈ കാലയളവില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറും അദ്ദേഹമായിരുന്നു. ടെസ്റ്റില്‍ രണ്ടു അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ ഏഴു മല്‍സരങ്ങളില്‍ നിന്നും 26 വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഫോമും ആത്മവിശ്വാസവുമെല്ലാം നഷ്ടമായതായി കാണപ്പെടുന്ന കുല്‍ദീപിന് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിലും പ്ലെയിങ് ഇലവനില്‍ ഇടമില്ല. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണി താരത്തെ ഉപയോഗിച്ചത് പോലെ നിലവിലെ ക്യാപ്റ്റനായ വിരാട് കോഹ്ലിക്ക് കുല്‍ദീപിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന തരത്തിലുള്ള ആരോപണങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. ഇത് കൂടാതെ, ബാറ്റ്‌സ്മാന്‍മാര്‍ ഒന്ന് രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടാലും അവര്‍ക്ക് വീണ്ടും അവസരം ലഭിക്കുന്നത് പോലെ ബൗളര്‍മാര്‍ക്കും അതേ പരിഗണന ലഭ്യമാക്കണമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

    First published:

    Tags: India Cricket team, Kuldeep yadav, Rahul Dravid, World test championship final