കായികരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടെന്നീസ് താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഏറ്റവും മികച്ച പുരുഷ കായിക താരമായപ്പോള്‍ വനിതാ ടെന്നീസ് താരം ജപ്പാന്റെ നവോമി ഒസാക്കയാണ് മികച്ച വനിതാ കായിക താരം. ജര്‍മന്‍ ഫുട്ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. സ്പെയിനിലെ സെവിയ്യയില്‍ ഓണ്‍ലൈനായാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ഒസാക്ക കരിയറിലെ രണ്ടാം യു എസ് ഓപ്പണ്‍ കിരീടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ യു എസ് ഓപ്പണ്‍ വിജയിയായ ജപ്പാന്റെ ഒസാക്ക അമേരിക്കയില്‍ നടക്കുന്ന വംശീയതയ്ക്കെതിരേ ഫെയ്സ് മാസ്ക്ക് ഉപയോഗിച്ച് എല്ലാ മല്‍സരങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തന്റെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ റാഫേല്‍ നദാല്‍ 20 ഗ്രാന്സ്ലാം കിരീടമെന്ന റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. രണ്ടാം തവണയാണ് നദാല്‍ ലോറസിലെ മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2011ലാണ് ഇതിനു മുമ്പ് നദാല്‍ ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ സീസണിലെ ടീമിന്റെ മികച്ച പ്രകടനമാണ് ബയേണിനെ പുരസ്കാരത്തിനര്‍ഹരാക്കിയത്.
ഈ വര്‍ഷത്തെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായികതാരത്തിനുള്ള പുരസ്കാരം ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്ട്ടണ് സ്വന്തമാക്കിയപ്പോള്‍ മികച്ച സ്പോര്‍ട്ടിംഗ് ഇന്‍സ്പിരേഷനല്‍ താരത്തിനുള്ള പുരസ്കാരം ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ സ്വന്തമാക്കി. വംശീയതയ്ക്കെതിരേ ഹാമില്ട്ടണ് നടത്തിയ പ്രതിഷേധങ്ങള്‍ സമൂഹത്തിന് മികച്ച പാടങ്ങള്‍ നല്‍കുന്നുവെന്ന് അവാര്‍ഡ് ജൂറി പ്രത്യേകം പരാമര്‍ശിച്ചു. ഫുട്ബോള്‍ കളിക്കളത്തിനുള്ളിലെ പ്രകടനവും പുറത്ത് സല നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തങ്ങളെയും മാനിച്ചാണ് സ്പോര്‍ട്ടിങ് ഇന്‍സ്പിരേഷനല്‍ പുരസ്കാരം സലായ്ക്ക് ലഭിച്ചത്. സമഗ്രസംഭാവനക്കുള്ള പുരസ്കാരത്തിന് അമേരിക്കന്‍ ടെന്നീസ് ഇതിഹാസം ബില്ലി ജീന്‍ കിംഗ് അര്‍ഹയായി.
വര്‍ഷം മുഴുവനും കായിക നേട്ടങ്ങള്‍ക്കൊപ്പം കായിക ലോകത്തെ വ്യക്തികളെയും ടീമുകളെയും ആദരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങാണ് ലോറസ് വേള്‍ഡ് സ്പോര്‍ട്സ് അവാര്‍ഡ്. ലോറസ് സ്പോര്‍ട്ട് ഫോര്‍ ഗുഡ് ഫൗണ്ടേഷന് സ്ഥാപക രക്ഷാധികാരികളായ ഡൈംലറും റിച്ചമോണ്ടും ചേര്‍ന്നാണ് 1999 ല്‍ ഇത് സ്ഥാപിച്ചത്. മെഴ്സിഡസ് ബെന്‍സ്, ഐ ഡബ്ല്യു സി ഷാഫൗസെന്‍, മിട്സുബിഷി യു എഫ് ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവരാണ് ഇതിനെ പിന്തുണയ്ക്കുന്നത്. 40 ലധികം രാജ്യങ്ങളിലെ 160 ഓളം കമ്മ്യൂണിറ്റി പ്രോജക്ടുകളെ ലോറസ് സ്പോര്‍ട്ട് ഫോര്‍ ഗുഡ് ഫൗണ്ടേഷന് പിന്തുണയ്ക്കുന്നുണ്ട്. അക്രമവും വിവേചനവും ദോഷവും അവസാനിപ്പിക്കാന്‍ കായികരംഗത്തെ ശക്തി ഉപയോഗപ്പെടുത്താനും ലോകത്തെ മാറ്റാന്‍ കായികത്തിന് ശക്തിയുണ്ടെന്ന് തെളിയിക്കാനും ഈ പ്രോഗ്രാമുകള്‍ ലക്ഷ്യമിടുന്നു. അത്ലറ്റിക്സിലെ വിജയത്തിന്റെ പരമ്പരാഗത പ്രതീകമായി കണക്കാക്കപ്പെടുന്ന ലോറല്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് 'ലോറസ്'എന്ന പേര് ഉരുത്തിരിഞ്ഞത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.