'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്‌കാരം
Last Updated:
ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്‌കാരം സ്വന്തമാക്കിയതിനു പുറമെ ബാലണ്‍ ഡി ഓറിലും മുത്തമിട്ട് ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിയിരിക്കുകയാണ് ക്രൊയേഷ്യന്‍ ദേശീയ ടീം നായകനും റയല്‍ മാഡ്രിഡ് താരവുമായ ലൂക്കാ മോഡ്രിച്ച്. ലോക ഫുട്‌ബോളില്‍ ഈ വര്‍ഷം മാത്രം മികച്ച താരത്തിനുള്ള നാലാമത്തെ പുരസ്‌കാരമാണ് മോഡ്രിച്ച് സ്വന്തമാക്കിയത്. ഫിഫ ലോക ഫുട്‌ബോളറിനും ബാലണ്‍ ഡി ഓറിനും പുറമെ യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള 2017-18 വര്‍ഷത്തിലെ യുവേഫ പുരസ്‌കാരവും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുസ്‌കാരവും താരം തന്റെ ഷെല്‍ഫിലെത്തിച്ചിരുന്നു.
കഴിഞ്ഞ ഒരു ദശകമായി ലോക ഫുട്ബോള്‍ അടക്കി വാണിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയും നിഴലില്‍ നിന്ന് മറ്റൊരു സൂപ്പര്‍ താരത്തിന്റെ മോചനത്തിനാണ് ഈ വര്‍ഷം ഫുട്‌ബോള്‍ ലോകം സാക്ഷിയായതെന്ന് നിസംശയം പറയാന്‍ കഴിയും. ലോകകപ്പില്‍ ക്രൊയേഷ്യക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ടീമിന്റെയും നായകന്റെയും നേട്ടം ക്രൊയേഷ്യക്ക് അഭിമാന മുഹൂര്‍ത്തമാണ്.
Also Read: ബാലൺ ഡി ഓർ പുരസ്കാരം ലൂക്ക മോഡ്രിച്ചിന്
2003 ല്‍ ക്രൊയേഷ്യന്‍ ക്ലബ്ബായ ഡിനാമോ സാഗ്രെബ്ബിലൂടെ സീനിയര്‍ ഫുട്ബോള്‍ മൈതാനത്തെത്തിയ മോഡ്രിച്ച് 2008 വരെ ക്ലബ്ബില്‍ തുടരുകയായിരുന്നു. 94 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകളാണ് ഈ കാലയളവില്‍ താരം നേടിയത്. 2008 ല്‍ ടോട്ടനത്തിലെത്തിയ താരം 2012 വരെയുള്ള നാല് വര്‍ഷക്കാലയളവിലാണ് ടോട്ടനത്തിനായി കളിമെനഞ്ഞത്. 127 മത്സരങ്ങളില്‍ ടോട്ടനത്തിന്റെ മിഡ്ഫീല്‍ഡറായും അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായും നിറഞ്ഞ് നിന്ന മോഡ്രിച്ച് 13 ഗോളുകളും സ്വന്തമാക്കി. പിന്നീട് റയല്‍ മാഡ്രിഡിലെത്തിയ താരം ലോക ഫുട്ബോളിലെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. കിസ്റ്റ്യാനോ റെണാള്‍ഡോയെന്ന അതികായനൊപ്പം റയലില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച താരം ഇതുവരെ 180ത്സരങ്ങളിലാണ് ക്ലബ്ബിനായി ബൂട്ടുകെട്ടിയത്. 9 ഗോളുകളും മോഡ്രിച്ച് സ്വന്തമാക്കി.
advertisement
2001 ല്‍ ക്രൊയേഷ്യയുടെ ദേശീയ ജൂനിയര്‍ ടീമിലൂടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിറങ്ങിയ മോഡ്രിച്ച് 36 മത്സരങ്ങളിലാണ് ജൂനിയര്‍ ടീമിനായി മൈതാനത്തിറങ്ങിയത്. 4 ഗോളുകളും ഇക്കാലയളവില്‍ സ്വന്തമാക്കി. 2006 ല്‍ ആയിരുന്നു മോഡ്രിച്ചിന്റെ സീനിയര്‍ ടീം പ്രവേശനം. 118 മത്സരങ്ങളില്‍ ദേശീയ ടീം ജഴ്സിയണിഞ്ഞ താരം റഷ്യന്‍ ലോകകപ്പിലെ രണ്ടു ഗോളുള്‍പ്പെടെ 14 ഗോളുകളാണ് ഇക്കാലയളവില്‍ സ്വന്തംപേരില്‍ കുറിച്ചത്. അതും ദേശീയ ടീം നായകനെന്ന താരപരിവേഷത്തോടെ.
advertisement
2006 ല്‍ ക്രൊയേഷ്യന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച ലൂക്കാ മോഡ്രിച്ച് എന്ന മിഡ്ഫീല്‍ഡര്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലോക ഫുട്ബോളറും ബാലണ്‍ ഡി ഓറും സ്വന്തമാക്കി തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ക്രൊയേഷ്യന്‍ ഫുട്ബോളിനും ഇത് അഭിമാന നിമിഷമാണ്. മോഡ്രിച്ചിന്റെ നായകത്വത്തിനു കീഴില്‍ റഷ്യന്‍ ലോകകപ്പിനിറങ്ങിയ സംഘം ഇത്തവണ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ നൈജീരിയക്കും അര്‍ജന്റീനയ്ക്കും എതിരെയായിരുന്നു മോഡ്രിച്ചിന്റെ ഗോള്‍ നേട്ടം. രണ്ടു ഗോളുകള്‍ നേടിയ താരം ടീമിന്റെ പ്ലേ മേക്കര്‍ എന്ന നിലയില്‍ ടൂര്‍ണ്ണമെന്റിലുടനീളം കാഴ്ചവെച്ച പ്രകടനമാണ് അദ്ദേഹത്തെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
advertisement
2017- 18 സീസണിലെ മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ച് സ്വന്തമാക്കിയത് റയല്‍ മാഡ്രിഡിലെ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തിലാണ്. ക്ലബ്ബിലെ തന്റെ മുന്‍ സഹതാരവും പോര്‍ച്ചുഗല്‍ ദേശീയ ടീം നായകനുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിവരെ പിന്തള്ളിയായിരുന്നു യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ച് സ്വന്തമാക്കിയത്. ലോക ഫുട്ബോളറിനായുള്ള പോരാട്ടത്തിലും ബാലണ്‍ ഡി ഓര്‍ വേദിയിലും മോഡ്രിച്ച് പിന്നിലാക്കിയത് ഈ താരങ്ങളെ തന്നെയാണ്.
You Must Read This: ഇന്ത്യ- ഓസീസ്: വിധി നിര്‍ണ്ണയിക്കുക ഇവരുടെ പോരാട്ടങ്ങള്‍
advertisement
യൂറോപ്പിലെ മികച്ച താരത്തിനു പുറമെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും മോഡ്രിച്ചിനു തന്നെയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ക്രൊയേഷ്യന്‍ നായകന്‍ ഈ പദവി നേടുന്നത്. പത്തുവര്‍ഷമായി റൊണാള്‍ഡോയും മെസിയും മാറി മാറി സ്വന്തമാക്കിയിരുന്ന രണ്ട് പദവികളാണ് ഇത്തവണ മോഡ്രിച്ച് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താര പദവിയിലേക്ക് പുതിയ അവകാശി എത്തുന്നത് ലോക ഫുട്‌ബോളിനും അഭിമാന നിമിഷമാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2018 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്കാരം