• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL| മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതിലെ പ്രതിഷേധമല്ല ഐപിഎൽ പിന്മാറ്റത്തിന് പിന്നിൽ; വിശദീകരണവുമായി ക്രിസ് വോക്‌സ്

IPL| മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതിലെ പ്രതിഷേധമല്ല ഐപിഎൽ പിന്മാറ്റത്തിന് പിന്നിൽ; വിശദീകരണവുമായി ക്രിസ് വോക്‌സ്

രണ്ടാം പാദത്തിൽ നിന്നും പിന്മാറിയ വോക്‌സിന് പകരം ഓസ്‌ട്രേലിയൻ താരമായ ബെൻ ഡ്വാർഷ്യസിനെ പകരക്കാരനായി ഡൽഹി ക്യാപിറ്റൽസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

News18

News18

 • Last Updated :
 • Share this:
  ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന് പിന്നാലെ മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയത് വലിയ വാർത്തയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോ, ഡല്‍ഹി ക്യാപിറ്റൽസിന്റെ ക്രിസ് വോക്‌സ്, പഞ്ചാബ് കിംഗ്‌സിന്റെ ഡേവിഡ് മലാന്‍ എന്നിവരാണ് പിന്മാറിയത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ അറിയച്ചതിനെ തുടര്‍ന്നാണ് താരങ്ങളുടെ പിന്മാറ്റം എന്ന വാർത്തകൾ ഇതിന് പിന്നാലെ വന്നിരുന്നു. എന്നാലിപ്പോൾ ഇത്തരം വാര്‍ത്തകളെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ബൗളറായ ക്രിസ് വോക്‌സ്.

  അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ചല്ല ഐപിഎല്ലില്‍ നിന്ന് പിന്മാറിയതെന്നാണ് വോക്‌സ് പറയുന്നത്. ''ടി20 ലോകകകപ്പിനുള്ള ടീമിലേക്ക് വിളിയെത്തിയത് അപ്രതീക്ഷിതമായിരുന്നു. ലോകകപ്പിന് പിന്നലെ ആഷസ് പരമ്പരയും വരുന്നുണ്ട്. ഈ രണ്ട് ടൂർണമെന്റുകളും വളരെയേറെ പ്രാധാന്യമുള്ളതാണ്. പൂര്‍ണ കായികക്ഷമതയോടെ ഇവ രണ്ടും കളിക്കണമെന്നുണ്ട്. ചുരുങ്ങിയ സമയത്തിനിടയിൽ നടക്കുന്ന ഈ രണ്ട് ടൂർണമെന്റുകളിലും കളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മികച്ച മുന്നൊരുക്കങ്ങൾ നടത്തി പരിശീലനം മികച്ചതാക്കാൻ ശ്രമിക്കണം, ഇക്കാര്യങ്ങൾ കൊണ്ടാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അല്ലാതെ മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതിലെ പ്രതിഷേധം മൂലമല്ല.'' വോക്‌സ് വ്യക്തമാക്കി.

  രണ്ടാം പാദത്തിൽ നിന്നും പിന്മാറിയ വോക്‌സിന് പകരം ഓസ്‌ട്രേലിയൻ താരമായ ബെൻ ഡ്വാർഷ്യസിനെ പകരക്കാരനായി ഡൽഹി ക്യാപിറ്റൽസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  വോക്‌സ്, ബെയർസ്‌റ്റോ, മലാൻ എന്നീ ഇംഗ്ലീഷ് താരങ്ങൾക്ക് പുറമെ ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്) എന്നിവര്‍ നേരത്തെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. പത്തിൽ കൂടുതൽ താരങ്ങളുടെ പ്രതിനിധ്യമുണ്ടായിരുന്ന ലീഗിലെ രണ്ടാം പാദത്തിൽ ഇതോടെ ഇംഗ്ലണ്ട് താരങ്ങളുടെ എണ്ണം സാരമായി കുറഞ്ഞിട്ടുണ്ട്.

  ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ (കൊൽക്കത്ത), ആദ്യ പാദത്തിൽ മടങ്ങിയ ലിയാം ലിവിങ്സ്റ്റൺ (രാജസ്ഥാൻ), സാം കറന്‍, മൊയീന്‍ അലി (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), ഐപിഎല്ലിലെ ആദ്യ സീസൺ കളിക്കാൻ ഒരുങ്ങുന്ന ആദിൽ റഷീദ് (പഞ്ചാബ്), വെടിക്കെട്ട് ബാറ്റ്സ്മാൻ ജേസൺ റോയ് (ഹൈദരാബാദ്) എന്നിവർ ടൂർണമെന്റിനായി എത്തിയിട്ടുണ്ടെങ്കിലും ലീഗ് മത്സരങ്ങൾക്ക് ശേഷം ഇവരിൽ ചിലർ പിന്മാറിയേക്കുമെന്നുള്ള സൂചനകളും വരുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട്- പാകിസ്താൻ ടി20 പരമ്പര നടക്കുന്നുന്നുണ്ട് എന്നതിനാൽ ഈ പരമ്പരയ്ക്ക് ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുന്ന ഇംഗ്ലണ്ട് താരങ്ങളുടെ സേവനം പ്ലേഓഫിൽ ടീമുകൾക്ക് ലഭിക്കുകയില്ല.

  യുഎഇയിൽ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന രണ്ടാം പാദത്തിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്. ഒക്ടോബര്‍ 15നാണ് ഫൈനല്‍.

  യുഎഈയില്‍ നടക്കുന്ന മത്സരങ്ങളില്‍ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
  Published by:Naveen
  First published: