ഐപിഎൽ (IPL 2021) പതിനാലാം സീസണിന് തിരശീല വീണിരിക്കുകയാണ്. യുഎഇയിൽ നടന്ന ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പർ കിങ്‌സാണ് (Chennai Super Kings) ചാമ്പ്യന്മാരായത്. ഐപിഎൽ അവസാനിച്ചെങ്കിലും അടുത്ത സീസണിനെ (IPL 2022) കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ. അടുത്ത സീസണിൽ മെഗാ താരലേലം നടക്കാനുള്ളതിനാൽ ഏതൊക്കെ താരങ്ങളെയാകും ടീമുകൾ നിലനിർത്തുക എന്നത് ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
ഇതിൽ പ്രധാനമായും അടുത്ത സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ കപ്പിത്താനായി എം എസ് ധോണിയുണ്ടാകുമോ എന്നാണ് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നത്. അടുത്ത സീസണിലും താൻ ഐപിഎല്ലിൽ ഉണ്ടാകുമെന്ന സൂചന ധോണി നൽകിയിട്ടുണ്ടെങ്കിലും താരം കളിക്കാരനായാണോ അതോ ടീമിന്റെ മാർഗനിർദേശി ആയാണോ ഉണ്ടാവുക എന്നത് വ്യക്തമാക്കിയിട്ടില്ല. ഇതാണ് ആരാധകരിൽ ആകാംക്ഷ സൃഷ്ടിക്കുന്നത്. എന്തായാലും ധോണിക്ക് ഒരങ്കത്തിന് കൂടിയുള്ള ബാല്യമുണ്ടെന്നും അടുത്ത സീസണിലും ചെന്നൈക്ക് വേണ്ടി കളിക്കണമെന്നും വിരമിക്കലിനെ കുറിച്ച് ചിന്തിക്കരുതെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിരേന്ദർ സെവാഗ് (Virender Sehwag).
''ചെന്നൈ ഒരു ഗംഭീര ടീമാണ്. ധോണിയുടെ ലെഗസി മറികടക്കാൻ ഇന്ത്യൻ ടീമിലെ ആർക്കും സാധിക്കില്ല. അതുപോലെ തന്നെ ചെന്നൈക്കൊപ്പം ധോണിയുടെ നേട്ടങ്ങളെയും ആർക്കും മറികടക്കാൻ സാധിക്കില്ല. ചെന്നൈക്കൊപ്പം ധോണിക്ക് ഒരു വർഷം കൂടി ശേഷിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് അടുത്ത സീസണിലും ധോണി കളിക്കണം. അതിന് ശേഷം മാത്രമേ വിരമിക്കാവൂ.' സെവാഗ് പറഞ്ഞു.
ഒരു ക്യാപ്റ്റനെ അളക്കുന്നത് അയാള്‍ നേടിയ കിരീടങ്ങളുടെ എണ്ണം വച്ചാണെന്നും ഇത് പ്രകാരം നോക്കുകയാണെങ്കില്‍ ധോണിക്ക് സമാനം ആരുമില്ലെന്നും സെവാഗ് പറയുന്നുണ്ട്. ഐപിഎൽ കിരീടങ്ങളുടെ എണ്ണത്തിൽ ധോണിക്ക് മുകളിലായി രോഹിത് ശർമയുണ്ടെങ്കിലും ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒമ്പത് ഫൈനലുകൾ കളിക്കുക ചെറിയ കാര്യമല്ലെന്നും രോഹിത് ശര്‍മയ്ക്ക് അതിനായി ഒരുപാട് അധ്വാനിക്കേണ്ടി വരുമെന്നും സെവാഗ് പറഞ്ഞു.
'എത്ര ട്രോഫികള്‍ നേടിയിട്ടുണ്ടെന്ന് നോക്കിയാണ് ഒരു ക്യാപ്റ്റന്റെ ലെഗസി തീരുമാനിക്കുന്നത്. ധോണി ഒമ്പത് ഫൈനലുകളില്‍ നിന്നും നാലെണ്ണമാണ് നേടിയത്. അദ്ദേഹത്തിനൊപ്പം എത്തുക ഏതൊരു ക്യാപ്റ്റനും വലിയൊരു വെല്ലുവിളിയാകും. രോഹിത് ശര്‍മ്മ അടുത്തുണ്ട്. പക്ഷെ ഒമ്പത് ഫൈനലുകളിൽ ടീമിനെ നയിക്കുവാൻ രോഹിത് ഇനിയും ഒരുപാട് അധ്വാനിക്കേണ്ടി വരും.' - സെവാഗ് കൂട്ടിച്ചേർത്തു.
അതേസമയം, മെഗാ താരലേലം നടക്കുന്ന അടുത്ത സീസണിൽ ചെന്നൈ ആരെങ്കിലും നിലനിർത്തുകയാണെങ്കിൽ ആദ്യം ധോണിയെ ആയിരിക്കും നിലനിർത്തുകയെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. 'അടുത്ത സീസണിൽ എത്ര കളിക്കാരെ നിലനിർത്താൻ കഴിയുമെന്ന കാര്യത്തില്‍ ബിസിസിഐ (BCCI) വ്യക്തത വരുത്തേണ്ടതുണ്ട്. എന്നാല്‍ അതെല്ലാം പിന്നീട് വരുന്ന കാര്യങ്ങളാണ്. കാരണം ധോണിയെ നിലനിർത്താനാണ് ടീം ശ്രമിക്കുന്നത്, കാരണം ഈ കപ്പലിന് ഒരു കപ്പിത്താൻ വേണം.' എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
'തല' ഇവിടെതന്നെ കാണും; അടുത്ത സീസണിലും ചെന്നൈ ടീമില്‍ കാണുമെന്ന് ധോണി
'മെഗാ താരലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്ന ബിസിസിഐ പോളിസി അനുസരിച്ചിരിക്കും തീരുമാനം. സിഎസ്‌കെയ്ക്ക് ഗുണപരമായ തീരുമാനം കൈക്കൊള്ളും. ഫ്രാഞ്ചൈസിക്ക് തിരിച്ചടിയാവാത്ത തരത്തില്‍ കോര്‍ ടീമിനെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അടുത്ത 10 വര്‍ഷത്തേക്കുള്ള ടീമിനെ മുന്‍കൂട്ടി നിശ്ചയിക്കേണ്ട മെഗാ താരലേലമാണ് വരുന്നത്. 2008ലെ കോര്‍ ഗ്രൂപ്പ് 10 വര്‍ഷത്തിലധികം ടീമിനെ നയിച്ചു. സമാനമായി അടുത്ത 10 വര്‍ഷത്തേക്ക് ആരൊക്കെ ടീമിന് സംഭാവനകള്‍ നല്‍കുമെന്ന് ഗൗരവമായി ചിന്തിക്കണം'- ധോണി പറഞ്ഞു.
'ഞാന്‍ സിഎസ്‌കെയില്‍ കളിക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളതല്ല. എന്താണ് സിഎസ്‌കെയ്ക്ക് ഏറ്റവും നല്ലതെന്നതിലാണ് കാര്യം. കഴിഞ്ഞ 10 വര്‍ഷത്തോളമായി ടീം ശക്തമായ നിലയില്‍ പോവുകയാണ്. ഇപ്പോള്‍ മികച്ചത് കണ്ടെത്താനുള്ള സമയമായിരിക്കുകയാണ്. ഞാനിപ്പോഴും ടീമിനോട് വിടചൊല്ലിയിട്ടില്ല' ധോണി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennai super kings, Dhoni CSK, Ipl, MS Dhoni, Virender Sehwag