ടോക്യോ ഒളിമ്പിക്സിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് മീരാഭായ് ചാനു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി വെള്ളി മെഡലാണ് മീരാ ഭായ് നേടിയിരിക്കുന്നത്. ചൈനയുടെ ഷിയൂഹി ഹൗ ഒളിംപിക് റെക്കോഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ ആദ്യ ദിനത്തില്‍ മെഡല്‍ പട്ടികയില്‍ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിച്ച വെള്ളി മെഡല്‍ നേട്ടമാണ് മീര സ്വന്തമാക്കിയിരിക്കുന്നത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തുന്നത്.
മെഡല്‍ നേട്ടത്തിന് ശേഷം മീരാഭായി ചാനുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും അതീവ സന്തോഷത്തിലാണ്. 'ഞങ്ങള്‍ ഇന്ന് വളരെയധികം സന്തോഷത്തിലാണ്. ഇത് അവളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമാണ്. മണിപ്പൂരും, മൊത്തം ഇന്ത്യക്കാരും ഇന്ന് അവളെ ഓര്‍ത്ത് അഭിമാനിക്കുന്നു.'- മീരാഭായിയുടെ സഹോദരന് എ എന്‍ ഐയോട് പറഞ്ഞു.
The moment - first reaction of family;neighbours & friends as @mirabai_chanu wins silver @Tokyo2020 - first medal for India come through a NE girl #Sunzubachaspatimayum reports for Manipur for @ndtv pic.twitter.com/0ggRfPkKMX
— Ratnadip Choudhury (@RatnadipC) July 24, 2021
മത്സരം നടക്കുന്ന സമയത്ത് മീരഭായിയുടെ നാട്ടുകാരും വീട്ടുകാരും ടി വിയുടെ മുന്നില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയിരുന്നു. ഭൂരിഭാഗം ആളുകളും ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ് മത്സരം വീക്ഷിച്ചത്. 'ഇന്ന് ഞങ്ങള്‍ വീട്ടില്‍ മീന്‍ കറി ഉണ്ടാക്കും. ഞങ്ങള്‍ സാധാരണ സസ്യാഹാരമാണ് കഴിക്കാറുള്ളത്. എന്നാല്‍ ഇന്ന് അങ്ങനെ പറ്റില്ല. ഇന്ന് എന്റെ മകള്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടി. അവള് സ്വര്‍ണം നേടണമായിരുന്നു. എന്നാല്‍ ഈ വെള്ളി മെഡലും ഞങ്ങള്‍ക്ക് സ്വര്‍ണം തന്നെയാണ്. രാജ്യം മുഴുവന്‍ അവളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.' മീരാഭായ് ചാനുവിന്റെ മാതാവ് സൈഖോം തോംബി ദേവി പറഞ്ഞു.
സാമ്പത്തിക പരാധീനതകളേറെയുള്ള കുടുംബത്തില്‍ വളര്‍ന്ന മീരാബായ് ചാനുവിനെ കായിക താരമാകണമെന്നത് വലിയ ആഗ്രഹമായിരുന്നു. ചേട്ടനൊപ്പം വിറക് ശേഖരിക്കാന്‍ പോയ ചാനു മുതിര്‍ന്ന സഹോദരന് ചുമന്നതിനേക്കാള് ഭാരമുള്ള വിറക് കെട്ട് അനായാസം എടുത്ത് പൊക്കുന്നത് കണ്ട് വിട്ടുകാര് വിസ്മയിച്ചു. ഇതായിരുന്നു മീരയുടെ ജീവിതത്തിലെ വഴിത്തിരിവ്. 13ആം വയസിലാണ് കായിക താരമാകണമെന്ന മോഹം മീരാഭായിയില്‍ ഉടലെടുത്തത്. അമ്പെയ്ത്ത്കാരിയാകാനാണ് മീരാഭായി ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഭാരോദ്വഹനത്തിലാണ് തന്റെ സ്വപ്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. വഴി മാറി സഞ്ചരിക്കേണ്ടി വന്നിട്ടും രാജ്യത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും കാത്ത് ഒളിമ്പിക് വേദിയില്‍ വെള്ളി മെഡലെന്ന ചരിത്രം നേട്ടം സ്വന്തമാക്കാന്‍ മീരാ ഭായിക്ക് സാധിച്ചിരിക്കുന്നു.
2016ല്‍ റിയോ ഒളിമ്പിക്സില 48 കിലോ വിഭാഗം ഭാരോദ്വാഹന മത്സരത്തില്‍ ആറു ശ്രമങ്ങളില്‍ ഒരിക്കല്‍ മാത്രമായിരുന്നു ചാനുവിന് ലക്ഷ്യം ഉയര്‍ത്താനായത്. അന്ന് നിറഞ്ഞ കണ്ണുകളുമായി തല കുനിച്ച് മടങ്ങിയ മീരാഭായ് ചാനുവിന് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ടോക്യോവില്‍ സ്വപ്നം നിറവേറിയിരിക്കുന്നു. 49 കിലോ ഭാരദ്വോഹത്തില്‍ സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് ചാനു കാത്തത്. 2000ലെ സിഡ്നി ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ അഭിമാനമാവുകയാണ് മീരാ ഭായ് ചാനു. ഭാരോദ്വാഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാവുകയാണ് മീര. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വാഹനത്തില്‍ വീണ്ടും ഒരു ഇന്ത്യന്‍ വനിത നേട്ടം കുറിയ്ക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Saikhom Mirabai Chanu, Tokyo Olympics, Tokyo Olympics 2020