കേരളാ ബ്ലാസ്റ്റേഴ്‌സും രോഹിത് കുമാറും പരസ്പരധാരണയോടെ കരാര്‍ റദ്ദാക്കി; താരം ബെംഗളൂരു എഫ്‌സിയിലേക്ക്

Last Updated:

ഹൈദരാബാദ് എഫ് സിയില്‍ നിന്നും കഴിഞ്ഞ സീസണിലാണ് രോഹിത് ബ്ലാസ്റ്റേഴ്‌സിലെത്തിയത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ഇന്ത്യന്‍ യുവ മിഡ്ഫീല്‍ഡര്‍ രോഹിത് കുമാര്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും വിട പറയുന്നു. ക്ലബ്ബ് വിടുന്ന താരത്തെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് ഐ എസ് എല്‍ വമ്പന്മാരായ ബെംഗളൂരു എഫ് സിയാണ്. ഹൈദരാബാദ് എഫ് സിയില്‍ നിന്നും കഴിഞ്ഞ സീസണിലാണ് രോഹിത് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. അടുത്ത സീസണിലേക്ക് കടക്കുന്നതിന് മുന്‍പ് പരസ്പര ധാരണ പ്രകാരം ക്ലബ്ബുമായുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ബെംഗളൂരുവില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ഡോട്ട്‌കോമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ സീസണില്‍ വലിയ പ്രതീക്ഷകളോടെ കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തിയ രോഹിത്തിന് 11 മത്സരങ്ങളിലാണ് അവസരം ലഭിച്ചത്. ഇതില്‍ 6 മത്സരങ്ങളില്‍ മാത്രമായിരുന്നു അദ്ദേഹം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം പിടിച്ചത്. ബ്ലാസ്റ്റേഴ്‌സ് തികച്ചും നിരാശാജനകമായ പ്രകടനം കാഴ്ചവച്ച സീസണില്‍ 17 ടാക്കിളുകളും, എട്ട് ഇന്റര്‍സെപ്ഷനുകളും, നാല് ക്ലിയറന്‍സുകളും, അഞ്ച് ബ്ലോക്കുകളുമായി ഭേദപ്പെട്ട പ്രകടനം മാത്രമാണ് രോഹിതിന് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്. തനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് ബെംഗളൂരു എഫ് സിയിലേക്ക് പോകാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്ന് സൂചനകളുണ്ടെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല.
advertisement
2016/17 സീസണില്‍ ഐ ലീഗ് ക്ലബ്ബായ ഡി എസ് കെ ശിവാജിയന്‍സില്‍ കളിച്ച് ഫുട്‌ബോളില്‍ തന്റെ സീനിയര്‍ കരിയര്‍ തുടങ്ങിയ രോഹിത് തൊട്ടടുത്ത സീസണില്‍ എഫ് സി പൂനെ സിറ്റിയിലൂടെ ഐ എസ് എല്ലിലേക്ക് കാലെടുത്ത് വച്ചു. രണ്ട് വര്‍ഷങ്ങള്‍ പൂനെയില്‍ കളിച്ച രോഹിത് 2019-20 സീസണില്‍ ഹൈദരാബാദ് എഫ് സിയിലേക്ക് മാറി. ഐ എസ് എല്ലിന്റെ ഒരു സീസണില്‍ ഹൈദരാബാദ് എഫ് സിയില്‍ കളിച്ചതിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
advertisement
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനങ്ങള്‍ കാഴ്ച വെച്ച് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന ബെംഗളൂരു എഫ് സി, അടുത്ത സീസണിലേക്ക് ഒരു ശക്തമായ ടീമിനെ തന്നെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി ആദ്യ ചുവടെന്ന നിലയില്‍ ക്ലബ്ബ് ടീമിലെത്തിക്കാനൊരുങ്ങുന്ന ആദ്യ താരമാണ് രോഹിത് കുമാര്‍. രോഹിത്തുമായി കരാര്‍ ഉറപ്പിക്കുന്ന കാര്യത്തില്‍ ബെംഗളൂരു എഫ് സിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
advertisement
നിലവില്‍ എ എഫ് സി ചാമ്പ്യന്‍ഷിപ്പിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കായി മാലിദ്വീപിലായിരുന്നു ബെംഗളുരു ടീം. എന്നാല്‍ ടീമിലെ ചില താരങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ടീം രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയും ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മത്സരങ്ങള്‍ മുഴുവനായും മാറ്റിവയ്ക്കുന്നുവെന്നും മാലിദ്വീപ് കായിക മന്ത്രി അറിയിച്ചിരുന്നു. ടീമിലെ താരങ്ങളും സ്റ്റാഫുകളും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മാലിദ്വീപ് അധികൃതര്‍ കര്‍ശന നിലപാടെടുത്തത്. ക്ലബിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഒരുതരത്തിലും സ്വീകാര്യമല്ല എന്നാണ് കായിക മന്ത്രി പറഞ്ഞത്. താരങ്ങളില്‍ നിന്നും വന്ന വീഴ്ച ബെംഗളൂരു എഫ്‌സി ഉടമയായ പാര്‍ത്ത് ജിന്‍ഡാലും സ്ഥിരീകരിച്ചിരുന്നു.
advertisement
മത്സരങ്ങള്‍ ഒരൊറ്റ വേദിയില്‍ നടത്തണമെന്ന എഎഫ്‌സിയുടെ തീരുമാനത്തിന്റെ ഭാഗമായി പ്ലേ ഓഫും ഗ്രൂപ്പ് ഡിയിലെ എല്ലാ മത്സരങ്ങളും മാലിദ്വീപിലാണ് സംഘടിപ്പിക്കുന്നത്. മത്സരത്തിനായി എത്തുന്ന താരങ്ങള്‍, ക്ലബുകളുടെ സ്റ്റാഫുകള്‍ എന്നിവര്‍ ഹോട്ടലില്‍ തന്നെ തങ്ങണമെന്നും മത്സരത്തിനും പരിശീലനത്തിനും അല്ലാതെ പുറത്തിറങ്ങരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതാണ് ബെംഗളൂരു എഫ്‌സി താരങ്ങള്‍ ലംഘിച്ചത്. വലിയ വിവാദമായ സംഭവത്തില്‍ ക്ലബ്ബ് തങ്ങളുടെ തെറ്റ് സമ്മതിച്ച് മാപ്പ് പറയുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
കേരളാ ബ്ലാസ്റ്റേഴ്‌സും രോഹിത് കുമാറും പരസ്പരധാരണയോടെ കരാര്‍ റദ്ദാക്കി; താരം ബെംഗളൂരു എഫ്‌സിയിലേക്ക്
Next Article
advertisement
Love Horoscope December 22 | ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ് ; വ്യക്തമായി ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം അറിയാം
ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ് ; വ്യക്തമായി ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ സന്തോഷവും പുതിയ തുടക്കത്തിനും സാധ്യതയുണ്ട്

  • കുംഭം രാശികൾക്ക് തെറ്റിദ്ധാരണകൾ നേരിടേണ്ടി വരാം

  • കന്നി രാശിക്കാർക്ക് ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ്

View All
advertisement