SA vs IND | ഷമിക്ക് അഞ്ച് വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 130 റൺസ് ലീഡ്
- Published by:Naveen
- news18-malayalam
Last Updated:
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്. 146 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം. ഒന്നാം ഇന്നിങ്സിൽ 327 റൺസിന് പുറത്തായ ശേഷം ബൗളിങ്ങിന് ഇറങ്ങിയ ഇന്ത്യ പേസർമാരുടെസഹായത്താൽ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ട് 130 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 103 പന്തില്‍ നിന്ന് 10 ബൗണ്ടറികളടക്കം 52 റണ്‍സെടുത്ത ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.
16 ഓവറിൽ 44 റൺസ് വഴങ്ങി ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് 146 റൺസിന്റെ ലീഡാണ് നിലവിലുള്ളത്. അഞ്ച് റൺസോടെ കെ എൽ രാഹുലും നാല് റൺസോടെ നൈറ്റ് വാച്ച്മാൻ ഷാര്‍ദുല്‍ ഠാക്കൂറുമാണ് ക്രീസിൽ. നാല് റൺസെടുത്ത മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മാർകോ യാൻസെനാണ് വിക്കറ്റ്. രണ്ട് ദിനം ശേഷിക്കെ വേഗത്തിൽ റൺസ് കണ്ടെത്തി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ കൂറ്റൻ സ്കോർ വെച്ചുനീട്ടാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്.
advertisement
ഇന്ത്യയുടെ സ്കോർ പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാറിനെ (1) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രേക്ക് നൽകിയത്. പിന്നീടായിരുന്നു ഷമിയുടെ തകർപ്പൻ പ്രകടനം. കീഗന്‍ പീറ്റേഴ്‌സണ്‍ (15), എയ്ഡന്‍ മാര്‍ക്രം (13) എന്നിവരെ ഷമി മടക്കിയപ്പോൾ സ്സി വാൻ ഡർ ദസ്സനെ (3) പുറത്താക്കി സിറാജ് ദക്ഷിണാഫ്രിക്കയെ തകർച്ചയിലേക്ക് തള്ളിയിടുകയായിരുന്നു.
പിന്നീട് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ടെംബ ബവുമ - ക്വിന്റണ്‍ ഡീ ക്കോക്ക് സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും 63 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഡിക്കോക്കിനെ മടക്കി ഷാര്‍ദുല്‍ ഠാക്കൂർ ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് ബ്രേക്ത്രൂ നൽകി. അഞ്ചാം വിക്കറ്റില്‍ ഇവർ കൂട്ടിച്ചേർത്ത 72 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അഞ്ചിന് 109 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ചായയ്ക്ക് പിരിഞ്ഞത്.
advertisement
എന്നാൽ ചായയ്ക്ക് ശേഷം കളി ആരംഭിച്ചപ്പോൾ 12 റണ്‍സെടുത്ത വിയാന്‍ മള്‍ഡറെ മടക്കി ഷമി ഇന്ത്യയുടെ മേൽക്കൈ ഉറപ്പിച്ചു. കീപ്പർ ഋഷഭ് പന്തിനായിരുന്നു ക്യാച്ച്. പിന്നീട് അർധ സെഞ്ചുറി തികച്ച ബവുമയെ (52) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച ഷമി അവരുടെ അവസാന പ്രതീക്ഷയും അറുക്കുകയായിരുന്നു. 103 പന്തില്‍ നിന്നും 52 റണ്‍സെടുത്ത ബവുമയെ ഷമി പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നീട് ഒത്തുചേർന്ന മാർക്കോ യാൻസെൻ –കഗീസോ റബാദ സഖ്യം 8–ാം വിക്കറ്റിൽ 37 റൺസുമായി ചെറിയ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും യാൻസെനെ (19) വിക്കറ്റിന് മുന്നിൽ കുരുക്കി ഷാര്‍ദുല്‍ ഇന്ത്യക്ക് വീണ്ടും ബ്രേക്ത്രൂ നൽകി. പിന്നാലെ റബാഡയെ (25) പന്തിനെ കൈകളിലേക്ക് എത്തിച്ച് ഷമി മത്സരത്തിൽ വിക്കറ്റ് നേട്ടം അഞ്ചാക്കി. അഞ്ച് വിക്കറ്റ് നേട്ടത്തോടൊപ്പം ടെസ്റ്റിൽ 200–ാം വിക്കറ്റ് കൂടിയാണ് ഷമി സ്വന്തമാക്കിയത്. പിന്നാലെ തന്നെ കേശവ് മഹാരാജിനെ പുറത്തിക്കിയ ബുംറ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 197ൽ അവസാനിപ്പിച്ചു. നേരത്തെ ബൗളിങ്ങിനിടെ പരിക്കേറ്റ് ഗ്രൗണ്ടിൽ നിന്നും മുടന്തി പോയ ബുംറ കളത്തിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യക്ക് ആശ്വാസമായി.
advertisement
എൻഗിഡിക്ക് മുന്നിൽ തകർന്ന് ഇന്ത്യ
മൂന്നിന് 272 റൺസ് എന്ന ശക്തമായ നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് കൂട്ടത്തകർച്ചയാണ് നേരിടേണ്ടി വന്നത്. ലുംഗി എന്‍ഗിഡി (Lungi Ngidi) ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ കേവലം 55 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. എന്‍ഗിഡി പിന്തുണ നൽകിക്കൊണ്ട് റബാഡ (Kagiso Rabada) മൂന്ന് വിക്കറ്റ് വീഴ്ത്തി. 123 റൺസ് നേടിയ കെ എൽ രാഹുലാണ് (K L Rahul) ഇന്ത്യയുടെ ടോപ് സ്‌കോറർ.
advertisement
മൂന്നാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. തലേന്നത്തെ സ്കോറിലേക്ക് ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും രാഹുലിനെ മടക്കി റബാഡയാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. റബാഡയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ താരം വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. 16 ഫോറും ഒരു സിക്‌സും അടക്കം 123 റൺസ് നേടിയാണ് രാഹുൽ പുറത്തായത്. പിന്നാലെ രഹാനെയും മടങ്ങി. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കെ എന്‍ഗിഡിക്കെതിരെ അപ്പര്‍ കട്ടിന് ശ്രമിക്കവെയാണ് രഹാനെ പുറത്തായത്. താരത്തിന്റെ ബാറ്റില്‍ ഉരസിയ പന്ത് ഡി കോക്കിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.
advertisement
പിന്നാലെ ഇന്ത്യൻ താരങ്ങളുടെ ഡ്രസിങ് റൂമിലേക്കുള്ള ഘോഷയാത്രയായിരുന്നു. ഋഷഭ് പന്തും (8) അശ്വിനും (4) ഷാർദുലുമെല്ലാം (4) വന്ന പോലെ തന്നെ മടങ്ങിയതോടെ കൂറ്റൻ സ്കോർ സ്വപ്നം കണ്ട ഇന്ത്യൻ ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നു. മുഹമ്മദ് സിറാജ് നാല് റൺസോടെ പുറത്താകാതെ നിന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 28, 2021 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
SA vs IND | ഷമിക്ക് അഞ്ച് വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 130 റൺസ് ലീഡ്