• HOME
 • »
 • NEWS
 • »
 • sports
 • »
 • അല്‍ നാസറിനു വേണ്ടിയുള്ള ആദ്യ മത്സരത്തില്‍ റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍? സൂചനകളുമായി സൗദി ക്ലബ്ബ്

അല്‍ നാസറിനു വേണ്ടിയുള്ള ആദ്യ മത്സരത്തില്‍ റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍? സൂചനകളുമായി സൗദി ക്ലബ്ബ്

അല്‍നാസര്‍, അല്‍ഹിലാല്‍ ടീമുകളുമായി സൗഹൃദ മത്സരത്തിനായി മെസ്സിയുടെ പിഎസ്ജി ടീം സൗദിയിലേക്ക് ഉടനെത്തുമെന്നാണ് ക്ലബ്ബ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 • Share this:

  അല്‍നാസറിന് വേണ്ടിയുള്ള ആദ്യ മത്സരത്തിനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആദ്യ മത്സരത്തില്‍ പിഎസ്ജി താരം ലയണല്‍ മെസ്സിയെയായിരിക്കും റൊണാള്‍ഡോ നേരിടുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

  അല്‍നാസര്‍, അല്‍ഹിലാല്‍ ടീമുകളുമായി സൗഹൃദ മത്സരത്തിനായി മെസ്സിയുടെ പിഎസ്ജി ടീം സൗദിയിലേക്ക് ഉടനെത്തുമെന്നാണ് ക്ലബ്ബ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ആദ്യ മത്സരത്തില്‍ പിഎസ്ജിയെ തന്നെയാകും അല്‍നാസര്‍ നേരിടുക എന്ന് തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

  ഈ അഭ്യൂഹങ്ങളില്‍ അഭിപ്രായവുമായി അല്‍നാസറിന്റെ കോച്ച് റൂഡി ഗാര്‍സിയയും രംഗത്തെത്തിയിരുന്നു. ഫ്രഞ്ച് മാധ്യമമായ എല്‍ ഇക്വീപിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

  Also Read-പ്രതിഫലത്തിൽ മെസ്സിയെ കടത്തിവെട്ടി റൊണാൾഡോ; ലൂയിസ് വിറ്റൺ പരസ്യത്തിന് റൊണാൾഡോയ്ക്ക് ലഭിച്ചത്

  ‘അദ്ദേഹത്തിന്റെ അരങ്ങേറ്റം അല്‍നാസറിന്റെ ജെഴ്‌സിയിലായിരിക്കില്ല. അല്‍ഹിലാലിന്റെയും അല്‍ നാസറിന്റെയും ഒരു മിശ്രിതമായിരിക്കും കളി. അല്‍ നാസറിന്റെ കോച്ച് എന്ന നിലയില്‍, അത്ര സന്തോഷിക്കാനുള്ള കാര്യമല്ല അത് എന്ന് എനിക്കറിയാം,’ ഗാര്‍സിയ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിനായുള്ള മത്സരങ്ങള്‍ ഉടന്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

  അതേസമയം മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ കളിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുക്കയാണ്. ഇക്കഴിഞ്ഞ ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ പുറത്തുപോയതോടെ ആരാധകര്‍ നിരാശയിലായിരുന്നു.

  നവംബറില്‍ റൊണാള്‍ഡോയുടെ ക്ലബ്ബായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടനോട് തോറ്റതിനെ തുടര്‍ന്ന് കൗമാരക്കാരനായ ഒരു എവര്‍ട്ടന്‍ ആരാധകന്റെ കയ്യില്‍ നിന്ന് റൊണാള്‍ഡോ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി പൊട്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് റൊണാള്‍ഡോയ്ക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് രണ്ട് മത്സരങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

  Also Read-‘ആശംസാപ്രവാഹം കൊണ്ട് ഫോണ്‍ നിലച്ചിട്ടുണ്ടാകും’: മെസിയെ വിളിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മുൻ അർജന്റീനൻ താരം

  കളിക്കാരുടെ സ്റ്റാറ്റസ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (RSTP) സംബന്ധിച്ച ഫിഫയുടെ റെഗുലേഷന്‍സ് അനുസരിച്ച്, ഒരു കളിക്കാരന് അവരുടെ മുന്‍ അസോസിയേഷന്‍ നല്‍കിയിട്ടുള്ള നാല് മത്സരങ്ങള്‍ക്ക് വരെയുള്ള വിലക്ക് പുതിയ അസോസിയേഷന്‍ നടപ്പിലാക്കണം.

  നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി റെക്കോര്‍ഡ് പ്രതിഫലം വാങ്ങി കരാറിലേര്‍പ്പെട്ടത്. റൊണാള്‍ഡോയുമായി രണ്ടര വര്‍ഷത്തെ കരാര്‍ ഒപ്പിട്ട അല്‍ നാസര്‍ ക്ലബ് താരത്തിന് നല്‍കുന്നത് 1770 കോടി രൂപയാണ് (200 മില്യണ്‍ ഡോളര്‍). പരസ്യവരുമാനം ഉള്‍പ്പടെയാണിത്. പുതിയ കരാര്‍ അനുസരിച്ച് റൊണാള്‍ഡോയ്ക്ക് ഒരു മാസം 16.67 മില്യന്‍ യൂറോ അഥവാ ഏകദേശം 147 കോടി രൂപയാണ് ലഭിക്കുന്നത്. ഇനി ഒരാഴ്ച ലഭിക്കുന്ന പ്രതിഫലം അറിയണ്ടേ? 38.88 മില്യന്‍ യൂറോ അഥവാ 34 കോടി രൂപയാണ് കളിക്കാന്‍ ഇറങ്ങിയാലും ഇല്ലെങ്കിലും റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത്.

  അതേസമയം സൗദി പ്രോ ലീഗില്‍ വെള്ളിയാഴ്ച അല്‍ തേയ്ക്കെതിരെ അല്‍ നാസറര്‍ 2-0ന് ജയിച്ചു. ഈ കളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയിരുന്നില്ലെങ്കിലും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം മിര്‍സൂള്‍ പാര്‍ക്കിലെ പരിശീലന മുറിയിലിരുന്ന് അല്‍ നാസര്‍ ക്ലബ്ബിന്റെ വിജയം ആഘോഷിക്കുന്ന വീഡിയോ വൈറലായിരുന്നു.

  Published by:Jayesh Krishnan
  First published: