കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ ലോക ജനതയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ വെളിച്ചമായി മാറിയ ഒളിമ്പിക്സിന് ടോക്യോയുടെ മണ്ണിൽ കൊടിയിറക്കം. മഹാമാരിക്കിടയിലും കായിക മാമാങ്കത്തെ പ്രൗഢഗംഭീരമായി അവതരിപ്പിച്ച ടോക്യോ നഗരത്തിനും ജപ്പാൻ രാജ്യത്തിനും കായിക ലോകത്തിന്റെ നന്ദി. കോവിഡ് മഹാമാരിക്കിടയിൽ കടുത്ത നിയന്ത്രണങ്ങളോടെ ഏകദേശം മൂന്നാഴ്ചയോളം അരങ്ങു തകർത്ത ഒളിമ്പിക്സിന് ടോക്യോയിൽ തിരശ്ശീല വീണു. 2024ൽ ഫ്രഞ്ച് നഗരമായ പാരീസിൽ കണ്ടുമുട്ടും എന്ന ഉറപ്പിൽ അത്ലറ്റുകൾ ടോക്യോ നഗരത്തോട് ഉപചാരം ചൊല്ലി പിരിഞ്ഞു.
ഉദ്‌ഘാടന ചടങ്ങിലേത് പോലെ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പരിപാടികളാണ് സമാപന ചടങ്ങിൽ അരങ്ങേറിയത്. ഒരുമിച്ച് മുന്നോട്ട് എന്നതായിരുന്നു സമാപന ചടങ്ങിന്റെ ആശയം.
സമാപന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ച് രാജ്യത്തിന്റെ പതാകയേന്തിയത് ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഭജ്‌രംഗ് പുനിയയായിരുന്നു. ഒളിമ്പിക്സിലെ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡുലകൾ നേടി 48ാ൦ സ്ഥാനത്തെത്തി. ലണ്ടൻ ഒളിമ്പിക്സിൽ നേടിയ ആറ് മെഡലുകൾ ആയിരുന്നു ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം. ലണ്ടൻ ഒളിമ്പിക്സിൽ 67ാ൦ സ്ഥാനത്തായിരുന്നു ഇന്ത്യ.
ഇന്ത്യയുടെ ഏക സ്വർണം നേടിയ നീരജ് ചോപ്ര, ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലാണ് നേടിയത്. മീരാഭായ് ചാനുവും രവി കുമാർ ദാഹിയയും വെള്ളി നേടിയപ്പോൾ പി വി സിന്ധു, ലവ്ലിന ബോർഗോഹെയ്ൻ, ഭജ്‌രംഗ് പുനിയ, പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും സ്വന്തമാക്കി.
39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളുമായി അമേരിക്ക ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തി. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മെഡലുകളുടെ എണ്ണത്തിൽ മുന്നിൽ ആയിരുന്നെങ്കിലും ഇന്നലെ വരെ സ്വർണ മെഡലുകളുടെ എണ്ണത്തിൽ ചൈനക്ക് പിന്നിലായിരുന്നു അമേരിക്ക. അവസാന ദിനമായ ഇന്ന് ഈ സ്വർണ മെഡലുകളുടെ ബലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാം എന്ന് കരുതിയിരുന്ന ചൈനയെ ഞെട്ടിച്ചുകൊണ്ട് അമേരിക്ക മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി മുന്നിലേക്ക് കയറുകയായിരുന്നു.
27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. 22 സ്വർണമടക്കം 65 മെഡലുകൾ നേടിയ ബ്രിട്ടനാണ് നാലാം സ്ഥാനത്ത്. 20 സ്വർണം സ്വന്തമായുള്ള റഷ്യൻ ഒളിമ്പിക് കമ്മിറ്റിയാണ് അഞ്ചാം സ്ഥാനത്ത്.
കോവിഡ് ഭീഷണി നിലനിന്നിട്ട് പോലും അത് ഗെയിംസിന്റെ നടത്തിപ്പിനെ ബാധിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ സംഘാടകർക്ക് കഴിഞ്ഞു. ഒളിമ്പിക് വില്ലേജിൽ വരെ രോഗബാധ എത്തിയെങ്കിലും കടുത്ത നിയന്ത്രങ്ങങ്ങളോടെയും മികച്ച ആസൂത്രണത്തിലൂടെയും കോവിഡ് പ്രതിസന്ധി നിയന്ത്രിച്ച് നിർത്താൻ അവർക്ക് കഴിഞ്ഞു. നേരത്തെ, കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സാണ് ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെ അരങ്ങേറിയത്.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സമാപന ചടങ്ങിൽ അടുത്ത ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ഫ്രാൻസിന്റെ പ്രതിനിധിയായ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഓൺലൈൻ വഴിയാണ് പങ്കെടുത്തത്. ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സമാപന ചടങ്ങിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങില്‍ അടുത്ത ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങി. ഫ്രാന്‍സിന്റെ നാഷണല്‍ ഓര്‍ക്കസ്ട്രയാണ് ചടങ്ങില്‍ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിച്ചത്.
പിന്നാലെ ളിമ്പിക് പതാക ടോക്യോ ഗവര്‍ണര്‍ കൊയ്‌കെ യുറിക്കോ ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ചിന് കൈമാറി. അദ്ദേഹം പതാക അടുത്ത ഒളിമ്പിക്‌സ് വേദിയായ പാരീസിന്റെ മേയര്‍ മേയര്‍ അന്ന ഹിഡാല്‍ഗോയ്ക്ക് കൈമാറിയതോടെ ചടങ്ങിന് സമാപനമായി. തുടര്‍ന്ന് ഗെയിംസ് അവസാനിച്ചതായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഒളിമ്പിക്‌സിന്റെ തുടര്‍ച്ചയായ പാരാലിമ്പിക്‌സ് ഈ മാസം 24ന് ടോക്യോയില്‍ തുടക്കമാകും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.