ടോക്യോയിൽ സൂര്യൻ അസ്തമിച്ചപ്പോൾ അതിനു മുകളിൽ ഇന്ത്യക്ക് വേണ്ടി സുവർണ സൂര്യനായി ഉദിച്ച് നീരജ് ചോപ്ര. ഇന്ത്യക്കായി ജാവലിനിൽ സ്വർണം നേടിയപ്പോൾ പിറന്നത് ചരിത്ര നേട്ടം. തന്റെ അരങ്ങേറ്റ ഒളിമ്പിക്സിൽ ജാവലിനിൽ ഇന്ത്യക്കായി സ്വർണം എറിഞ്ഞെടുത്ത താരം ഇന്ത്യക്ക് ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ആദ്യത്തെ സ്വർണ മെഡൽ കൂടിയാണ് സമ്മാനിച്ചത്.
ഒളിമ്പിക്സിൽ 2008ൽ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ സ്വർണ മെഡൽ നേടിയതിന് ശേഷം ഇന്ത്യക്ക് വേണ്ടി വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ കൂടിയാണ് നീരജ് ചോപ്ര. നീരജിന്റെ സ്വർണ മെഡൽ ഉൾപ്പെടെ അത്ലറ്റിക്സിൽ ഇതുവരെ ഇന്ത്യ മൂന്ന് മെഡലുകളാണ് നേടിയത്.
ഇന്ത്യക്കായി ഒളിമ്പിക്സിൽ മറ്റ് ഇനങ്ങളിൽ ആദ്യ മെഡൽ നേടിയ താരങ്ങൾ ആരൊക്കെ എന്ന് നോക്കാം : ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ :ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാര്‍ഡാണ് ഇന്ത്യയ്ക്കായി ആദ്യ ഒളിമ്പിക് മെഡൽ നേടിയത്. 1900 പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത പ്രിച്ചാർഡ് 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിൽ നിന്നും രണ്ട് വെള്ളി മെഡലുകളാണ് നേടിയത്.
ടീമിനത്തിലെ ആദ്യ ഒളിമ്പിക് മെഡൽ :ടീമിനത്തിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ആയിരുന്നു. 1928 ആംസ്റ്റർഡാം ഒളിമ്പിക്സിൽ ധ്യാൻ ചന്ദ് അടങ്ങിയ ഇന്ത്യൻ സംഘമാണ് ഒളിമ്പിക്സിൽ ഹോക്കി ടൂർണമെന്റ് ജയിച്ച് ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത്.
ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണം :1928 ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഹോക്കിയിലൂടെയാണ് ഇന്ത്യ ഒളിമ്പിക്സിൽ ആദ്യമായി പോഡിയത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം :ഹോക്കിയിലൂടെ ഇന്ത്യ സ്വർണം നേടിയിരുന്നെങ്കിലും വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യയുടെ ആദ്യ സ്വർണം പിറക്കുന്നത് 2008 ബീജിംഗ് ഒളിമ്പിക്സിലാണ്. ബീജിംഗിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ നിന്നും അഭിനവ് ബിന്ദ്രയാണ് ഇന്ത്യക്കായി ഒളിമ്പിക്സിലെ ആദ്യ വ്യക്തിഗത സ്വർണ മെഡൽ നേടിയത്.
ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വർണം :ജാവലിൻ ത്രോയിലൂടെ നീരജ് ചോപ്രയാണ് ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത്. ജാവലിനിൽ ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം എറിഞ്ഞെടുത്താണ് ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായത്. ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണത്തിനൊപ്പം മൂന്നാമത്തെ മെഡൽ കൂടിയാണ് താരം നേടിയത്.
ഗുസ്തി :ഇന്ത്യക്കായി ഗുസ്തിയിൽ ആദ്യ മെഡൽ നേടിയത് കെ ഡി ജാഥവ് ആയിരുന്നു. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ നിന്നും അദ്ദേഹം വെങ്കല മെഡൽ നേടിയിരുന്നു. എന്നാൽ ഗുസ്തിയിൽ ഇന്ത്യക്ക് വേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത് സുശീൽ കുമാറാണ്. 2012 ലണ്ടൻ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 66കിലോ ഫ്രീസ്റ്റൈൽ ഇനത്തിൽ നിന്നാണ് അദ്ദേഹം ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേടിയത്.
ടെന്നീസ് :ടെന്നീസിൽ ലിയാൻഡർ പെയ്‌സാണ് ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്. 1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ ടെന്നീസ് സിംഗിൾസിൽ പെയ്സ് വെങ്കല മെഡൽ കരസ്ഥമാക്കിയിരുന്നു.
ഭാരോദ്വഹനം :2000 സിഡ്‌നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ 69 കിലോ വിഭാഗത്തിൽ നേടിയ വെങ്കല മെഡലാണ് ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ. സിഡ്‌നിയിൽ മെഡൽ സ്വന്തമാക്കിയ കർണം മല്ലേശ്വരി ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൂടി സ്വന്തമാക്കി. ഈ ഇനത്തിൽ ടോക്യോയിൽ 49 കിലോ വിഭാഗത്തിൽ മീരാഭായി ചാനു നേടിയ വെള്ളിയാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
ഷൂട്ടിംഗ് :ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയാണ് ആദ്യ സ്വർണം നേടിയതെങ്കിലും ഈ ഇനത്തിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത് രാജ്യവർധൻ സിങ് റാഥോഡ് ആയിരുന്നു. 2005 അതെൻസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഡബിൾ ട്രാപ് ഇനത്തിൽ അദ്ദേഹം വെള്ളി നേടിയതാണ് ഇന്ത്യയുടെ ഷൂട്ടിങ്ങിലെ ആദ്യ മെഡൽ നേട്ടം.
ബോക്സിങ്:ബോക്സിങ്ങിൽ ഇന്ത്യയുടെ ആദ്യ മെഡൽ പിറന്നത് 2008 ബീജിംഗ് ഒളിമ്പിക്സിൽ നിന്നുമായിരുന്നു. പുരുഷന്മാരുടെ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വിജേന്ദർ സിങ് നേടിയ വെങ്കല മെഡലാണ് ഈ ഇനത്തിൽ ആദ്യത്തേത്.
ബാഡ്മിന്റൺ :2012 ലണ്ടൻ ഒളിമ്പിക്സിൽ നിന്നും വനിതാ സിംഗിൾസ് ഇനത്തിൽ വെങ്കലം സ്വന്തമാക്കിയ സൈന നെഹ്‌വാളാണ് ഇന്ത്യക്കായി ബാഡ്മിന്റണിൽ ആദ്യ മെഡൽ നേടിയത്. എന്നാൽ 2016ലെ റിയോ ഒളിമ്പിക്സിൽ പി വി സിന്ധു നേടിയ വെള്ളിയാണ് ഇന്ത്യയുടെ ഈ ഇനത്തിലെ മികച്ച മെഡൽ നേട്ടം. റിയോയിൽ വെള്ളി നേടിയ സിന്ധു ടോക്യോയിൽ വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.