• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics| ഫോട്ടോഫിനിഷിൽ അമേരിക്ക; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചൈനയെ പിന്തള്ളി അമേരിക്ക ഒളിമ്പിക് ജേതാക്കൾ

Tokyo Olympics| ഫോട്ടോഫിനിഷിൽ അമേരിക്ക; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചൈനയെ പിന്തള്ളി അമേരിക്ക ഒളിമ്പിക് ജേതാക്കൾ

എല്ലാ മത്സരങ്ങളും പൂർത്തിയായപ്പോൾ അമേരിക്കയ്ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളാണ് സ്വന്തമായുള്ളത്. ഏഴ് മെഡലുകൾ മൊത്തത്തിൽ നേടിയ ഇന്ത്യ 48-ാം സ്ഥാനത്താണ്.

ടോക്യോ ഒളിമ്പിക്സ്

ടോക്യോ ഒളിമ്പിക്സ്

  • Share this:
    ടോക്യോ ഒളിമ്പിക്സിൽ ഒന്നാം സ്ഥാനം ഫോട്ടോഫിനിഷിലൂടെ സ്വന്തമാക്കി അമേരിക്ക. ടോക്യോ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തിയത്. 2016ൽ റിയോയിലും അതിന് മുൻപ് 2012ൽ ലണ്ടനിലും നടന്ന ഒളിമ്പിക്സുകളിലും അമേരിക്ക തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.

    ടോക്യോ ഒളിമ്പിക്സിന്റെ അവസാന ദിനമായ ഇന്ന് എല്ലാ മത്സരങ്ങളും പൂർത്തിയായപ്പോൾ അമേരിക്കയ്ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളാണ് സ്വന്തമായുള്ളത്. മെഡലുകളുടെ എണ്ണത്തിൽ മുന്നിൽ ആയിരുന്നെങ്കിലും ഇന്നലെ വരെ സ്വർണ മെഡലുകളുടെ എണ്ണത്തിൽ ചൈനക്ക് പിന്നിലായിരുന്നു അമേരിക്ക. അവസാന ദിനമായ ഇന്ന് ഈ സ്വർണ മെഡലുകളുടെ ബലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാം എന്ന് കരുതിയിരുന്ന ചൈനയെ ഞെട്ടിച്ചുകൊണ്ട് അമേരിക്ക മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി മുന്നിലേക്ക് കയറുകയായിരുന്നു.
    അവസാന ദിനമായ ഇന്ന് വനിതകളുടെ ബാസ്​കറ്റ്​ബാളിലും വോളിബാളിലുമുള്‍പ്പടെ നേടിയ മൂന്ന് സ്വർണ മെഡലുകളാണ് ചൈനയെ പിന്തള്ളി ഒന്നാമതെത്താൻ അമേരിക്കയെ സഹായിച്ചത്. അതേസമയം ചൈനക്ക് ഇന്ന് മെഡലുകൾ നേടാൻ കഴിഞ്ഞില്ല.

    27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. 22 സ്വർണമടക്കം 65 മെഡലുകൾ നേടിയ ബ്രിട്ടനാണ് നാലാം സ്ഥാനത്ത്. 20 സ്വർണം സ്വന്തമായുള്ള റഷ്യൻ ഒളിമ്പിക് കമ്മിറ്റിയാണ് അഞ്ചാം സ്ഥാനത്ത്. പക്ഷെ മൊത്തം മെഡലുകളുടെ കണക്കെടുത്താൽ അവർ അമേരിക്കക്കും ചൈനക്കും പിന്നിൽ മൂന്നാം സ്ഥാനത്തുണ്ട്. 71 മെഡലുകളാണ് അവർ മൊത്തം നേടിയത്.



    അതേസമയം ഏഴ് മെഡലുകൾ മൊത്തത്തിൽ നേടിയ ഇന്ത്യ 48-ാം സ്ഥാനത്താണ്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യൻ സംഘം നേടിയത്. ഇതിൽ ജാവലിൻ ത്രോയിലൂടെ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. താരം നേടിയ സ്വർണം ഒളിമ്പിക്സിൽ അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ ആയിരുന്നു.

    Also read- Tokyo Olympics| ടോക്യോയിൽ ഇന്ത്യക്കായി സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ

    ഇന്ത്യക്ക് വേണ്ടി മീരാഭായ് ചാനു (ഭാരോദ്വഹനം), രവി കുമാർ ദാഹിയ (ഗുസ്തി) എന്നിവരാണ് വെള്ളി നേടിയത്. അതേസമയം പി വി സിന്ധു (ബാഡ്മിന്റൺ), ലവ്‌ലിന ബോർഗോഹെയ്ൻ (ബോക്സിങ്), ഭജരംഗ് പുനിയ (ഗുസ്തി), പുരുഷ ഹോക്കി ടീം എന്നിവരാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്. ഹോക്കിയിൽ ഒളിമ്പിക്സിൽ 41 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് വീണ്ടും മെഡൽ ലഭിച്ചത്. വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 5-4 എന്ന സ്കോറിന് തകർത്താണ് ഇന്ത്യ മെഡൽ സ്വന്തമാക്കി ചരിത്രം കുറിച്ചത്.
    Published by:Naveen
    First published: