വമ്പന്മാർ അടിപതറിയ ഖത്തർ ലോകകപ്പിൽ വേദനിപ്പിക്കുന്ന നിരവധി രംഗങ്ങൾ ഇതിനകം ഫുട്ബോൾ പ്രേമികളുടെ മനസ്സിലുണ്ടാകും. എന്നാൽ 2022 ലോകകപ്പ് ഓർമിക്കപ്പെടുക ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പൊട്ടിക്കരഞ്ഞു കൊണ്ടുള്ള മടക്കമായിരിക്കും. മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിന്റെ പരാജയത്തിനു ശേഷമുള്ള റൊണാൾഡോയുടെ മുഖം ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരാൾക്കും സഹിക്കാൻ കഴിയുന്നതല്ല.
ലോകത്തിലെ മികച്ച ഫുട്ബോൾ താരങ്ങളിൽ ആദ്യത്തെ പേരുകാരിൽ ഒരാൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. അത് അദ്ദേഹത്തെ എതിർക്കുന്നവർക്കും സമ്മതിക്കേണ്ടി വരും. പോർച്ചുഗൽ എന്ന ടീമിന് ഇന്ന് ഇത്രയധികം ആരാധകരെ ലോകം മുഴുവൻ ഉണ്ടാക്കിയതിന്റെ പെരുമ ഈ താരത്തിന് മാത്രമാണ്. തന്റെ അവസാന ലോകകപ്പിൽ പോർച്ചുഗലിന് കപ്പ് എന്ന ലക്ഷ്യത്തിൽ കുറഞ്ഞതൊന്നും ആ കായിക താരത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കില്ല.
View this post on Instagram
Also Read- ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതത്തിൽ അടുത്തിടെ ഉണ്ടായ 5 നഷ്ടങ്ങൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കായികതാരത്തെ കുറിച്ചുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നതും അതുതന്നെയാണ്. എക്കാലത്തേയും മികച്ച താരം എന്നാണ് കോഹ്ലി റൊണാൾഡോയെ വിശേഷിപ്പിച്ചത്.
“ഫുട്ബോളിനും ലോകത്തിലെ ഫുട്ബോൾ പ്രേമികൾക്കും നിങ്ങൾ നൽകിയതിനെ ചെറുതാക്കാൻ ഒരു ട്രോഫിക്കും ടൈറ്റിലിനും കഴിയില്ല. നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ ഞാനടക്കമുള്ള ലോകമെമ്പാടുമുള്ള പലർക്കുമുണ്ടാകുന്ന ആവേശവും ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനവും വിശദീകരിക്കാൻ ഒരു ടൈറ്റിലിനും സാധിക്കില്ല. അത് ദൈവത്തിന്റെ വരമാണ്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപവും ഏതൊരു കായികതാരത്തിനും യഥാർത്ഥ പ്രചോദനവും ആയ, ഓരോ തവണയും ഹൃദയം തുറന്നു കളിക്കുന്ന മനുഷ്യന് ലഭിക്കുന്ന യഥാർത്ഥ അനുഗ്രഹം. എന്നെ സംബന്ധിച്ച് എക്കാലത്തേയും മികച്ച താരം നിങ്ങളാണ്”- വൈകാരികമായ കുറിപ്പിൽ വിരാട് കോഹ്ലിയുടെ വാക്കുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.