'എക്‌സ്ട്രാ ബാറ്റ്‌സ്മാനോ? അതിലൊന്നും കാര്യമില്ല'; ലീഡ്സിലെ തകര്‍ച്ചയില്‍ പ്രതികരിച്ച് വിരാട് കോഹ്ലി
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഒന്നുകില്‍ ജയിക്കാനായി കളിക്കണം അല്ലെങ്കില്‍ തോല്‍വി ഒഴിവാക്കാനായി കളിക്കുക എന്നതാണ് തന്റെ നയമെന്നും കോഹ്ലി വ്യക്തമാക്കി.
ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞെങ്കിലും അടുത്ത മത്സരത്തില്‍ ഒരു ബാറ്റ്സ്മാനെക്കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും തോറ്റതിന് പിന്നാലെയായിരുന്നു കോഹ്ലിയുടെ പ്രതികരണം. ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനമാണ് രണ്ട് ഇന്നിങ്സിലും ഇന്ത്യയെ കുഴക്കിയത്. എന്നാലും 20 വിക്കറ്റും വീഴ്ത്താനുള്ള ബൗളര്‍മാരുടെ എണ്ണത്തില്‍ ഒത്തുതീര്‍പ്പിന് തയാറല്ലെന്നും ലീഡ്സിലെ തോല്‍വിക്കുശേഷം കോഹ്ലി പറഞ്ഞു.
ആറാം നമ്പറില്‍ ഒരു ബാറ്റ്സ്മാനെക്കൂടെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ഒരു തികഞ്ഞ ബാറ്റ്സ്മാനെ കുറിച്ചാണോ പറയുന്നത് എന്നായിരുന്നു പ്രസ് കോണ്‍ഫറന്‍സില്‍ കോഹ്ലി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. അങ്ങനെയൊരു ബാലന്‍സില്‍ എനിക്ക് വിശ്വാസമില്ല. തോല്‍വി ഒഴിവാക്കുകയോ ജയിക്കാന്‍ ശ്രമിക്കുകയോ ആണ് നമുക്ക് ചെയ്യാനാവുക. ഇത്രയും ബാറ്റ്സ്മാന്മാരെ വെച്ച് മുന്‍പ് നമ്മള്‍ മത്സരം സമനിലയിലാക്കിയിട്ടുണ്ട്, കോഹ്ലി പറഞ്ഞു.
ഒന്നുകില്‍ ജയിക്കാനായി കളിക്കണം അല്ലെങ്കില്‍ തോല്‍വി ഒഴിവാക്കാനായി കളിക്കുക എന്നതാണ് തന്റെ നയമെന്നും കോഹ്ലി വ്യക്തമാക്കി. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ നമ്മുടെ ടോപ് 6 ബാറ്റ്സ്മാന്മാര്‍ അവരുടെ ജോലി ചെയ്യുന്നില്ലെങ്കില്‍, എക്സ്ട്രാ ബാറ്റ്സ്മാന്‍ അവിടെ രക്ഷക്കെത്തുമെന്ന് ഒരു ഉറപ്പുമില്ല. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അഭിമാനം തോന്നണം എന്നും കോഹ്ലി ചൂണ്ടിക്കാണിച്ചു.
advertisement
വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ ഏഴ് ബാറ്റ്സ്മാന്മാരാണ് ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യക്കായി ഇറങ്ങിയത്. ലോര്‍ഡ്സ് ടെസ്റ്റിലെ വിജയഫോര്‍മുല തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. നാല് പേസര്‍മാരാണ് ഇന്ത്യക്കായി എറിഞ്ഞത്. രവീന്ദ്ര ജഡേജയായിരുന്നു ഏക സ്പിന്‍ ബൗളര്‍. അതേസമയം സെപ്തംബര്‍ രണ്ടിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തിയേക്കും. എന്നാല്‍ ബൗളിങ് വകുപ്പിലായിരിക്കും ഇന്ത്യയുടെ മാറ്റങ്ങള്‍.
ലീഡ്സിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് വീണ്ടും തിരിച്ചടി; രവീന്ദ്ര ജഡേജ പരിക്കിന്റെ പിടിയില്‍
ലീഡ്സ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജ പരിക്കിന്റെ പിടിയിലായതാണ് ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കുന്നത്. പരിക്കിനെ തുടര്‍ന്ന് ജഡേജയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കി. പരിക്ക് സാരമുള്ളതാണോ എന്നത് വ്യക്തമായിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇന്ത്യന്‍ ടീം താരത്തെ സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിടുന്നത്.
advertisement
ആശുപത്രിയില്‍ പരിശോധനയ്ക്കായി വിധേയനായ ജഡേജ തന്നെയാണ് പരിക്കിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചത്. ആശുപത്രിയില്‍ പരിശോധനാ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം, എത്തിപ്പെടാന്‍ അത്ര സുഖകരമല്ലാത്ത സ്ഥലം എന്ന അടിക്കുറിപ്പോടെ ജഡേജ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് പങ്കുവെച്ചത്.
ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ ബൗണ്ടറി തടയുന്നതിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ഗ്രൗണ്ട് വിട്ട ജഡേജ പുറത്ത് പ്രാഥമിക ചികിത്സ സ്വീകരിച്ചതിന് ശേഷമാണ് വീണ്ടും തിരിച്ചെത്തിയത്. താരത്തിന് പറ്റിയ പരിക്ക് ഗുരുതരമാണെങ്കില്‍ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാകും. ഇന്ത്യക്കായി ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങുന്ന താരമാണ് ജഡേജ. പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി നേട്ടം ഉള്‍പ്പെടെ 126 റണ്‍സ് നേടിയ താരം രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2021 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എക്‌സ്ട്രാ ബാറ്റ്‌സ്മാനോ? അതിലൊന്നും കാര്യമില്ല'; ലീഡ്സിലെ തകര്‍ച്ചയില്‍ പ്രതികരിച്ച് വിരാട് കോഹ്ലി