സെപ്റ്റംബർ 19, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എക്കാലവും ഓർത്തിരിക്കാൻ പോന്ന ഒരു നിമിഷം പിറന്നത് ഇന്നേ ദിവസമാണ്. 14 വര്‍ഷങ്ങള്‍ക്ക് മുൻപ് 2007ൽ ടി20 ലോകകപ്പിന്റെ ആദ്യ പതിപ്പിൽ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഓവറിലെ ആറ് പന്തുകളിൽ ആറും സിക്സറിന് പറത്തി യുവരാജ് സിങ് തകർത്താടിയതിന്റെ അവിസ്മരണീയ മുഹൂർത്തം സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് ആരാധകർ. ട്വിറ്ററിൽ യുവരാജിന്റെ റെക്കോർഡ് നേട്ടത്തിന്റെ ഓർമ പുതുക്കിക്കൊണ്ട് ബിസിസിഐയും ഐസിസിയും ഇട്ട പോസ്റ്റുകൾക്ക് താഴെ കമന്റ് രേഖപ്പെടുത്തിയാണ് ഇന്ത്യൻ ആരാധകർ ഈ അവിസ്മരണീയ മുഹൂർത്തം ആഘോഷമാക്കുന്നത്.
2007ല്‍ പ്രഥമ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു യുവരാജിന്റെ ഈ വിസ്ഫോടക ഇന്നിംഗ്സ് പിറന്നത്. ബ്രോഡിനെതിരെ നടത്തിയ കടന്നാക്രമണത്തിലൂടെ യുവി അന്താരാഷ്ട്ര ടി20 മത്സരത്തിൽ ഒരോവറിലെ ആറ് പന്തും സിക്സ് പറത്തുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. അന്ന് 12 പന്തില്‍ അർധസെഞ്ചുറി കുറിച്ച് ടി20യിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി എന്ന റെക്കോർഡ് കൂടി യുവി സ്വന്തം പേരിലേക്ക് എഴുതി. 14 വർഷങ്ങൾക്കിപ്പുറവും ആ റെക്കോർഡിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. അന്ന് ആറ് സിക്സ് നേട്ടം സ്വന്തമാക്കിയ യുവി വെറും 16 പന്തുകളിൽ നിന്ന് 58 റൺസ് നേടി ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റിൽ സെവാഗും ഗംഭീറും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി മികച്ച തുടക്കമാണ് നൽകിയത്. പിന്നീട് വിക്കറ്റുകൾ വീണതിന് ശേഷം അഞ്ചാമനായാണ് യുവരാജ് ക്രീസിൽ എത്തിയത്. യുവി ക്രീസിലേക്ക് എത്തുമ്പോൾ 16.4 ഓവറിൽ 155 ന് മൂന്ന് എന്ന നിലയിൽ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു ഇന്ത്യ. 19ാ൦ ഓവർ വരെ ശാന്തമായി നീങ്ങിയിരുന്ന യുവരാജ് ആ ഓവറിന് തൊട്ടുമുൻപ് ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫുമായി വാക്പോരിൽ ഏർപ്പെട്ടു. ഫ്ലിന്റോഫിന് നേരെ ക്ഷുഭിതനായി അടുത്ത യുവിയെ അമ്പയർമാരും ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ധോണിയുമാണ് തടഞ്ഞു നിർത്തിയത്.
തന്റെ ഓവർ തീർത്ത് ഫ്ലിന്റോഫ് ഫീൽഡിങ്ങിന് പോയെങ്കിലും യുവരാജിന്റെ അരിശം അടങ്ങിയിരുന്നില്ല. അടുത്ത ഓവർ എറിയാൻ വന്നത് അന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതുമുഖമായിരുന്ന സ്റ്റുവർട്ട് ബ്രോഡായിരുന്നു. ഫ്ലിന്റോഫിനോടുള്ള അരിശം മുഴുവൻ യുവി ബ്രോഡിനെതിരെ തീർക്കുകയാണുണ്ടായത്. ആദ്യ മൂന്ന് പന്തുകളിലും തന്റെ പന്തിൽ യുവി സിക്സർ പറത്തിയതോടെ ബ്രോഡ് നിസ്സഹായനായി നിന്നു. പിന്നീട് മികച്ച ലൈൻ കണ്ടെത്താൻ കഴിയാതിരുന്ന ഇംഗ്ലണ്ട് താരത്തിന്റെ ബാക്കിയുള്ള മൂന്ന് പന്തുകളും ബൗണ്ടറി ലൈനിന് അപ്പുറം കടത്തി യുവി തകർത്താടുകയായിരുന്നു. മത്സരത്തിന്റെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് യുവി പുറത്തായത്. യുവിയുടെ പ്രകടനത്തിന്റെ ബലത്തിൽ 218 റൺസെന്ന കൂറ്റൻ സ്കോർ നേടിയ ഇന്ത്യ മത്സരം 18 റൺസിന് വിജയിക്കുകയും പിന്നീട് ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് കിരീടം ചൂടുകയും ചെയ്തു.
2007 ലോകകപ്പിലെ പ്രകടനത്തിന് പിന്നാലെ 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന് പിന്നിലും യുവരാജിന്‍റെ വിലമതിക്കാനാകാത്ത സംഭാവനയുണ്ട്. ഒരു ലോകകപ്പില്‍ 300 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഓള്‍റൗണ്ടറായി യുവരാജ് മാറിയിരുന്നു. 2019ലാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.