പഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാനെ പിന്തുണച്ച് ചൈന
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ചൈന സമാധാനത്തിന് മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടു
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകര്‍ വെടിവെച്ച് കൊലപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പാകിസ്ഥാനെ പിന്തുണച്ച് ചൈന. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ചൈന സമാധാനത്തിന് മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടു. ഞായറാഴ്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ജിയാണ് സംഘര്‍ഷം ലഘൂകരിക്കാനുള്ള ആഹ്വാനം നടത്തിയത്.
ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളായ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഭാഗമായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
"ചൈന എല്ലായ്‌പ്പോഴും പാകിസ്ഥാനെ അതിന്റെ ശക്തമായ തീവ്രവാദ വിരുദ്ധ നടപടികളില്‍ പിന്തുണച്ചിട്ടുണ്ട്. കൂടാതെ, പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ന്യായമായ സുരക്ഷ ആശങ്കകള്‍ പൂര്‍ണമായും മനസ്സിലാക്കുന്നു," ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് വാംഗ് എടുത്തുപറഞ്ഞു. ചൈന സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
"സംഘര്‍ഷം ഇരുരാജ്യങ്ങളുടെയും അടിസ്ഥാന താത്പര്യങ്ങള്‍ക്ക് ഉപകരിക്കുകയില്ലെന്നും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നല്‍കുകയില്ലെന്നും ഇത് അംഗീകരിച്ച് ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുപക്ഷവും പരസ്പരം ചര്‍ച്ച ചെയ്ത് സാഹചര്യം തണുപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം," അദ്ദേഹം പറഞ്ഞു.
വാംഗുമായി നടത്തിയ ചര്‍ച്ചയില്‍ നിലവിലെ സംഘര്‍ഷങ്ങളെക്കുറിച്ച് പാക് വിദേശകാര്യമന്ത്രി ചൈനയെ അറിയിച്ചു. സംഘര്‍ഷം വഷളാക്കുന്ന നടപടികളെ പാകിസ്ഥാന്‍ എപ്പോഴും എതിര്‍ത്തിട്ടുണ്ടെന്നും അറിയിച്ചു. പക്വതയോടെയും ഉത്തരവാദിത്തത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികള്‍ പാകിസ്ഥാനെതിരായി സ്വീകരിക്കുകയാണെന്ന് പാക് മന്ത്രി ആരോപിച്ചു. അതേസമയം, പാകിസ്ഥാന് ചൈന നല്‍കുന്ന ഉറച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
advertisement
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചു. ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടയ്ക്കുകയും ചെയ്തു.
നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരേ പാകിസ്ഥാന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. നദീജലം തടഞ്ഞത് യുദ്ധമായി കണക്കാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിറുത്തി വയ്ക്കുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 28, 2025 10:44 AM IST