'ആറടിയും 163 കിലോ ഭാരവുമുള്ളയാള്‍ക്ക് ജോലി ചെയ്യാന്‍ ചെറിയ ഡെസ്‌ക്'; 38 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലൈബ്രറി ജീവനക്കാരന്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
ജോലിയ്ക്ക് പോകാന്‍ തന്നെ ഭയപ്പെടുന്ന അവസ്ഥയിലേക്കാണ് താനെത്തിയെന്ന് മാര്‍ട്ടിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു
ആറടിയും 163 കിലോഗ്രാം ഭാരവുമുള്ള തനിക്ക് ജോലി ചെയ്യാന്‍ ചെറിയ ഡെസ്‌ക് നല്‍കിയ സംഭവത്തില്‍ 4.6 മില്യണ്‍ ഡോളര്‍ (38.82 കോടിരൂപ ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറി (NYPL) ജീവനക്കാരന്‍. തനിക്ക് സ്വതന്ത്രമായി ഇരുന്ന് ജോലി ചെയ്യാന്‍ കഴിയാത്ത ഡെസ്‌കാണ് അധികൃതര്‍ നല്‍കിയതെന്നും ഇത് തന്നെ വല്ലാത്തൊരു മാനസികസംഘര്‍ഷത്തിലേക്കാണ് തള്ളിവിട്ടതെന്നും ഇദ്ദേഹം പറയുന്നു.
സ്റ്റാവ്‌റോസ് നിയാര്‍ക്കസ് ഫൗണ്ടേഷന്‍ ലൈബ്രറിയിലെ, ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റായ വില്യം മാര്‍ട്ടിന്‍ ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. മേലുദ്യോഗസ്ഥരില്‍ നിന്നുണ്ടായ വിവേചനവും പീഡനവും തന്നെ വിഷാദരോഗത്തിലേക്ക് നയിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.
2021 ഒക്ടോബറില്‍ മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഫിഫ്ത്ത് അവന്യൂ ലൈബ്രറിയിലെ ഒന്നാം നിലയിലെ സര്‍വീസ് ഡെസ്‌കിലേക്ക് മാര്‍ട്ടിനെ നിയമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. മാര്‍ട്ടിനെപ്പോലെ ശരീരപ്രകൃതമുള്ളവര്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ കഴിയാത്ത ഡെസ്‌കായിരുന്നു അതെന്ന് ബ്രൂക്ലീന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
advertisement
തന്റെ ശരീരപ്രകൃതത്തിന് അനിയോജ്യമായ സര്‍വീസ് ഡെസ്‌ക് അനുവദിക്കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്ന് മാര്‍ട്ടിന്‍ പറയുന്നത്. എന്നാല്‍ തന്റെ അഭ്യര്‍ത്ഥനകള്‍ മേലുദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
ഇതോടെ മാര്‍ട്ടിന്റെ തൊഴിലാളി യൂണിയന്‍ വിഷയത്തില്‍ ഇടപെട്ട് അദ്ദേഹത്തിന് മറ്റ് സര്‍വീസ് ഡെസ്‌കുകളില്‍ ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കി. എന്നാല്‍ 2023-ല്‍ സ്ഥിതി വഷളായി. പുതുതായി എത്തിയ അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം നിലയിലെ ചെറിയ ഡെസ്‌കിലിരുന്ന് ജോലി ചെയ്യണമെന്ന് മാര്‍ട്ടിനോട് ആവശ്യപ്പെട്ടു.
ജോലിസമയത്ത് കിടന്നുറങ്ങിയെന്നാരോപിച്ച് മാര്‍ട്ടിനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. വ്യാജ ആരോപണങ്ങളാണ് ഇതെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം തന്റെ മാനസികനില തകരാറിലാക്കിയെന്ന് മാര്‍ട്ടിന്‍ പരാതിയില്‍ വ്യക്തമാക്കി. ജോലിയ്ക്ക് പോകാന്‍ തന്നെ ഭയപ്പെടുന്ന അവസ്ഥയിലേക്ക് താനെത്തിയെന്നും മാര്‍ട്ടിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
advertisement
എന്നാല്‍ മാര്‍ട്ടിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറി അധികൃതര്‍ പറയുന്നത്. ജീവനക്കാരുടെ ക്ഷേമത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
November 25, 2024 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ആറടിയും 163 കിലോ ഭാരവുമുള്ളയാള്‍ക്ക് ജോലി ചെയ്യാന്‍ ചെറിയ ഡെസ്‌ക്'; 38 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലൈബ്രറി ജീവനക്കാരന്‍