'പ്രണയം വിജയിക്കുന്നു': വത്തിക്കാനെ പരസ്യമായി വെല്ലുവിളിച്ച് സ്വവർഗ പങ്കാളികളെ ആശിർവദിച്ച് പുരോഹിതർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കഴിഞ്ഞ മാർച്ചിൽ വത്തിക്കാനിൽ നിന്ന് ഔദ്യോഗികമായി പുറത്തിറക്കിയ രേഖയിൽ ദൈവത്തിന് പാപകർമങ്ങളെ ആശിർവദിക്കാൻ കഴിയില്ല എന്നതുകൊണ്ട് കത്തോലിക്ക പുരോഹിത സമൂഹത്തിന് സ്വവർഗ ദമ്പതികളെ ആശിർവദിക്കാനും കഴിയില്ല എന്ന് പറഞ്ഞിരുന്നു
ക്രൈസ്തവ പുരോഹിതർക്ക് സ്വവർഗ ദമ്പതികളെ ആശിർവദിക്കാൻ കഴിയില്ലെന്ന് അടുത്തിടെ വത്തിക്കാൻ പുറത്തിറക്കിയ ശാസനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് ജർമനിയിലെ പുരോഗമനകാരികളായ കത്തോലിക്കർ. ദൈവത്തിന് പാപത്തെ അനുഗ്രഹിക്കാൻ കഴിയില്ലെന്ന് കത്തോലിക്കാ പള്ളി പറഞ്ഞതിന് പിന്നാലെയാണ് 'പ്രണയം വിജയിക്കുന്നു' എന്ന പേരിലുള്ള മുന്നേറ്റത്തിന് തുടക്കമായത്.
കഴിഞ്ഞ മാർച്ചിൽ വത്തിക്കാനിൽ നിന്ന് ഔദ്യോഗികമായി പുറത്തിറക്കിയ രേഖയിൽ ദൈവത്തിന് പാപകർമങ്ങളെ ആശിർവദിക്കാൻ കഴിയില്ല എന്നതുകൊണ്ട് കത്തോലിക്ക പുരോഹിത സമൂഹത്തിന് സ്വവർഗ ദമ്പതികളെ ആശിർവദിക്കാനും കഴിയില്ല എന്ന് പറഞ്ഞിരുന്നു. യാഥാസ്ഥിതിക വിഭാഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചു പുറത്തിറക്കിയ ആ രേഖയോട് ലോകമെമ്പാടുമുള്ള കത്തോലിക്കരായ എൽ ജി ബി ടി ക്യു ജനവിഭാഗം അതൃപ്തി പ്രകടിപ്പിച്ചു. ആ ശാസനത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് ജർമനിയിൽ നിരവധി പുരോഹിതർ പരസ്യമായി അതിനെ വെല്ലുവിളിക്കുകയും സ്വവർഗ ദമ്പതികളെ തുടർന്നും ആശിർവദിക്കുകയും ചെയ്യുന്നത്.
advertisement
Also Read-'സ്വവർഗ വിവാഹങ്ങൾ വിശുദ്ധ കർമമല്ല'; കേരളത്തിലും സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കില്ലെന്ന് കത്തോലിക്കാ സഭ
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയ്‌റ്റേഴ്‌സ് ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിൽ ജർമൻ പുരോഹിതർ സ്വവർഗ ദമ്പതികളെ ആശിർവദിക്കുന്നത് കാണാം. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയ വീഡിയോയ്ക്ക് മിശ്രപ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. നിരവധി ആളുകൾ ഈ മുന്നേറ്റത്തെ പിന്തുണച്ചപ്പോൾ മറ്റു ചിലർ അതിനോട് വിയോജിപ്പും രേഖപ്പെടുത്തുന്നു. "പ്രണയം വിജയിക്കുന്നു: സ്വവർഗ ദമ്പതികളെ ആശിർവദിക്കുന്നതിലൂടെ വത്തിക്കാനെ പരസ്യമായി വെല്ലുവിളിക്കുന്ന ജർമൻ പുരോഹിതരെ പരിചയപ്പെടാം" എന്നതാണ് റോയ്‌റ്റേഴ്‌സ് വീഡിയോയ്ക്ക് നൽകിയ ക്യാപ്‌ഷൻ.
advertisement
WATCH: 'Love Wins': Meet the German priests who are defying the Vatican by blessing same-sex couples pic.twitter.com/ojBxQTTqwB
— Reuters (@Reuters) May 16, 2021
പലയിടത്തും ക്രൈസ്തവ വിശ്വാസികളുടെ ഒത്തുച്ചേരലുകൾ സ്വവർഗ വിവാഹങ്ങൾ ആഘോഷിക്കുന്നതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഇത് യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിന് കാരണമായിട്ടുണ്ട്. ഈ മുന്നേറ്റത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ജർമൻ പുരോഹിതരും പള്ളികളിലെ ജീവനക്കാരും ചേർന്ന് സ്വവർഗ ദമ്പതികൾക്കും അനുഗ്രഹം നൽകണമെന്നും പള്ളികളുടെ പുറത്ത് മഴവിൽ പതാകകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
advertisement
Also Read-സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കില്ലെന്ന് കത്തോലിക്കാ സഭ; ഇരട്ടത്താപ്പെന്ന വിമർശനവുമായി ഗായകൻ എൽട്ടൻ ജോൺ
"മഴവില്ല് ഒരു രാഷ്ട്രീയ പ്രതീകമാണ്", എന്നാണ് ഹാൻസ് ആൽബർട്ട് ഗങ്ക് എന്ന പുരോഹിതൻ പ്രതികരിച്ചത്. ദൈവം തന്റെ സ്നേഹത്തിൽ നിന്ന് ആരെയും മാറ്റി നിർത്തുന്നില്ലെന്നും സ്വവർഗ ദമ്പതികൾക്ക് ആശിർവാദം നൽകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 42കാരനായ അലക്‌സാണ്ടർ ലാങ്വാൾഡും പങ്കാളിയും ഉൾപ്പെടെ നിരവധി സ്വവർഗ ദമ്പതികളാണ് അദ്ദേഹത്തിൽ നിന്ന് അനുഗ്രഹം വാങ്ങിയത്. "നമ്മൾ രൂപീകരിക്കുന്ന ബന്ധങ്ങൾ ഏതൊക്കെയാണ് എന്നതല്ല, മറിച്ച് നമ്മളെല്ലാം ദൈവത്തിന്റെ സൃഷ്ടികളും അതിനാൽ തുല്യരും ആണെന്നതാണ് പ്രധാനപ്പെട്ട കാര്യം", കത്തോലിക്കാ വിശ്വാസിയായി വളർന്ന ലാങ്വാൾഡ് പറയുന്നു.
advertisement
വത്തിക്കാന്റെ ശാസനത്തെ തുടർന്ന് അമേരിക്കയിൽ സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ആക്ടിവിസ്റ്റുകൾ വലിയ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. കത്തോലിക്കാ സർവകലാശാലകൾ തങ്ങൾ സ്വവർഗാനുരാഗികളായ വിദ്യാർത്ഥികളെ തുടർന്നും സ്വാഗതം ചെയ്യുമെന്ന് ആവർത്തിച്ചു വ്യതമാക്കുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2021 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'പ്രണയം വിജയിക്കുന്നു': വത്തിക്കാനെ പരസ്യമായി വെല്ലുവിളിച്ച് സ്വവർഗ പങ്കാളികളെ ആശിർവദിച്ച് പുരോഹിതർ