ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങൽ' എന്ന് പേരിൽ പുറത്തുവിട്ട് ഹമാസ്
- Published by:Sarika N
- news18-malayalam
Last Updated:
1986ൽ പിടികൂടിയ ഇസ്രായേലി വായുസേനാംഗം റോൺ അരാദിന്റെ പേരാണ് ബന്ദികൾക്കെല്ലാം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്
ഗാസ സിറ്റി: ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഗാസയിൽ ബാക്കിയുള്ള 47 ഇസ്രായേലി ബന്ദികളുടെ ‘വിടവാങ്ങൽ’ ചിത്രങ്ങൾ ഹമാസ് ശനിയാഴ്ച പ്രസിദ്ധീകരിച്ചു. 'ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിടിവാശിയും [ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഇയാൽ] സാമിറിന്റെ വിധേയത്വവും കൊണ്ട് ഗാസയിലെ ഈ സൈനിക നടപടിയുടെ തുടക്കത്തിലുള്ള ഒരു വിടവാങ്ങൽ ചിത്രമാണിത്' എന്ന അടിക്കുറിപ്പോടെയാണ് ഹമാസിന്റെ സായുധവിഭാഗമായ എസെദ്ദിൻ അൽ-ഖസാം ബന്ദികളുടെ ചിത്രങ്ങൾ ടെലിഗ്രാം ചാനലിലൂടെ പുറത്തുവിട്ടത്.
1986ൽ പിടികൂടിയ ഇസ്രായേലി വായുസേനാംഗം റോൺ അരാദിന്റെ പേരാണ് ബന്ദികൾക്കെല്ലാം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്.
ഏതാണ്ട് രണ്ടുവർഷമായി ഇവർ ഹമാസിൻ്റെ തടങ്കലിലാണ്. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ശേഷമാണ്
സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ 48 പേരെ ബന്ദികളാക്കിയത്. ഇവരിൽ രണ്ട് അമേരിക്കൻ പൗരന്മാരും ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബന്ദികളുടെ ഭാവി ഇസ്രായേൽ നേതൃത്വത്തിന്റെയും പ്രധാനമന്ത്രി നെതന്യാഹുവിന്റെയും രാഷ്ട്രീയ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഹമാസ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചതായി ടി.ആർ.ടി. വേൾഡ് റിപ്പോർട്ട് ചെയ്തു. മൂന്ന് വർഷത്തോളമായി നീളുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി സമഗ്ര സമാധാന ഉടമ്പടിക്ക് ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, നെതന്യാഹു വെടിനിർത്തൽ ആശയങ്ങളെ പലപ്പോഴും തള്ളിക്കളയുകയായിരുന്നു. ബന്ദികളുടെ അതിജീവനത്തെ അവഗണിച്ച് സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനുവേണ്ടി നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് ഇസ്രായേലിലും മറ്റു രാജ്യങ്ങളിലും ആരോപണം ഉയരുന്നതിനിടെയാണ് ഹമാസ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
advertisement
യുദ്ധം തുടരുന്നതിനിടെ, ഇസ്രായേൽ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലും വ്യോമാക്രമണം നടത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ, സെപ്റ്റംബർ 9-ന് ഖത്തറിലെ ദോഹയിലുള്ള ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇതുവരെ 65,000-ത്തിലധികം പലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ നടപടി 'വംശഹത്യ' ആണെന്ന് പല മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്നു. കഴിഞ്ഞ നവംബറിൽ, ഗാസയിലെ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി.) അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 21, 2025 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങൽ' എന്ന് പേരിൽ പുറത്തുവിട്ട് ഹമാസ്