5 ലക്ഷം നഴ്സുമാരുടെ നേതാവായി ആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ; യുകെയിലെ റോയൽ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റാകുന്ന ആദ്യ മലയാളി
- Published by:Rajesh V
- news18-malayalam
Last Updated:
സ്വദേശികളായ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജോയി തിരഞ്ഞെടുക്കപ്പെട്ടത്
യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) പ്രസിഡന്റായി മലയാളി നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരാൾ ഈ പദവിയിലെത്തുന്നത്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവും അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുള്ളതുമായ സംഘടനയാണ് ആർസിഎൻ.
ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയാണ് ബിജോയ്. നിലവിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായി ജോലി ചെയ്യുന്നു. മലയാളി നഴ്സിങ് ജീവനക്കാർ ഒറ്റക്കെട്ടായി പിന്തുണച്ചതോടെ ബിജോയി മികച്ച വിജയം നേടുകയായിരുന്നു. സ്വദേശികളായ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജോയി തിരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബർ 14ന് ആരംഭിച്ച പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉൾപ്പെടെയുള്ള നിരവധി മലയാളി സംഘടനകൾ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലും ബിജോയിയുടെ സ്ഥാനാർത്ഥിത്വത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു.
advertisement
ബിജോയ് ഉൾപ്പെടെ 6 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ൽ ബ്രിട്ടനിലാണ് റോയൽ കോളേജ് ഓഫ് നഴ്സിങ്ങ് പ്രവർത്തനം ആരംഭിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിങ് പഠനത്തിനും ഒരുവർഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാൻഡ് -5 നഴ്സായി ബിജോയ് ബ്രിട്ടനിൽ എത്തിയത്. ഇംപീരിയൽ കോളേജ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ നിയമനം. 2015ൽ ബാൻഡ്-6 നഴ്സായും 2016ൽ ബാൻഡ്-7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021ലാണ് ബാൻഡ്-8 തസ്തികയിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. 2012ൽ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൽ അംഗത്വം എടുത്തു.
advertisement
കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവേൽ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ നഴ്സുമാരാണ്.
“ആർസിഎൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു യഥാർത്ഥ ബഹുമതിയാണ്. ഒട്ടേറെ പ്രതീക്ഷകളുണ്ട്. ഒത്തൊരുമിച്ച് നഴ്‌സിംഗ് പ്രൊഫഷനെ കൂടുതൽ മൂല്യവത്തായതും ബഹുമാനം അർഹിക്കുന്നതുമായി മാറ്റാനാകും ശ്രമം''- ബിജോയ് സെബാസ്റ്റ്യൻ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 14, 2024 8:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
5 ലക്ഷം നഴ്സുമാരുടെ നേതാവായി ആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ; യുകെയിലെ റോയൽ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റാകുന്ന ആദ്യ മലയാളി