മാസ്ക്ധരിക്കാതെ പുറത്തിറങ്ങിയാൽ ശവപ്പെട്ടിയിൽ കിടത്തി ശിക്ഷ. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ മുനിസിപ്പൽ പൊലീസിന്റെ ശിക്ഷാ രീതിയാണിത്. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് വെച്ച് പിടികൂടുന്നവരെ ശവപ്പെട്ടിയിൽ ഏതാനും മിനിറ്റ് കിടത്തുന്നതാണ് ശിക്ഷ. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുകയാണ് അധികൃതർ.
മാസ്കില്ലാതെ പുറത്തിറങ്ങി നടന്നാൽ കോവിഡ് ബാധിക്കാൻ സാധ്യത ഏറെയാണ്. ശവപ്പെട്ടിയിൽ കിടക്കാനുള്ള സാധ്യതയും ഉണ്ട് . ഇത് പൊതു ജനത്തെ ഓർമപ്പെടുത്തുകയാണ് ഈ ശിക്ഷാവിധിയിലുടെ പൊലീസ് ലക്ഷ്യമിട്ടത്. ആളുകളെ ഇങ്ങനെ ശവപ്പെട്ടിയിൽ കിടത്തുന്നതും മറ്റുള്ളവർ ഇതിന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
മുനിസിപ്പൽ പൊലീസ് തലവൻ ബുധി നോവിയൻ തന്നെ ഇത് നിർത്തിവെക്കാൻ നിർദേശം നൽകി കഴിഞ്ഞു. മാസ്കില്ലാതെ പുറത്തിറങ്ങുന്നവർക്ക് പിഴയും നിർബന്ധിത സാമൂഹിക സേവനവുമാണ് നൽകേണ്ടതെന്നാണ് കോവിഡ് മാർഗനിർദേശങ്ങളിൽ പറയുന്നത്. ഇതനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
വലിയ പിഴയാണ് മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഈടാക്കുന്നത്. ഈ തുക അടച്ചില്ലെങ്കിൽ പൊതുനിരത്തുകൾ വൃത്തിയാക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഒരുമണിക്കൂർ ചെയ്യേണ്ടിവരും. പിഴയടക്കാൻ പണമോ, സാമൂഹിക സേവനത്തിന് സമയമോ ഇല്ലെന്ന് പറയുന്നവരെയാണ് ശവപ്പെട്ടിയിൽ കിടത്തുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ നിയമലംഘകർ പിഴയടയ്ക്കുകയോ സാമൂഹിക സേവനം നടത്തുകയോ വേണമെന്ന കാര്യത്തിൽ മാറ്റമില്ലെന്ന് പൊലീസ് അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.