• HOME
 • »
 • NEWS
 • »
 • world
 • »
 • യുകെയില്‍ ഇന്ത്യന്‍ ആധിപത്യം; സ്കിൽഡ് വർക്കർ, സ്റ്റുഡന്റ് വിസകൾ ലഭിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാര്‍

യുകെയില്‍ ഇന്ത്യന്‍ ആധിപത്യം; സ്കിൽഡ് വർക്കർ, സ്റ്റുഡന്റ് വിസകൾ ലഭിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാര്‍

പുതിയ ഗ്രാജ്യുവേറ്റ് പോസ്റ്റ് സ്റ്റഡി വർക്കിന് കീഴിൽ അനുവദിച്ച വിസയിൽ ഭൂരിഭാഗവും നേടിയത് ഇന്ത്യൻ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്

 • Share this:

  യുകെയിൽ സ്റ്റുഡന്റ് വിസകളും സ്കിൽഡ് വർക്കർ വിസകളും ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യം നൽകിയ വിസാ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. ലണ്ടൻ ഇമിഗ്രേഷന്റെ ഔദ്യോഗിക സ്ഥിതിവിവരണക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ഗ്രാജ്യുവേറ്റ് പോസ്റ്റ് സ്റ്റഡി വർക്കിന് കീഴിൽ അനുവദിച്ച വിസയിൽ ഭൂരിഭാഗവും നേടിയത് ഇന്ത്യൻ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

  ”വർക്ക് വിസ ലഭിച്ച ഭൂരിഭാഗം പേരും ഇന്ത്യൻ പൗരൻമാരാണ്. അവർ ഏകദേശം മൂന്നിലൊന്ന് ശതമാനം വരും. സ്കിൽഡ് വർക്കർ, സ്കിൽഡ് വർക്കർ – ഹെൽത്ത് ആൻഡ് കെയർ എന്നീ വിഭാഗങ്ങളിൽ അനുവദിച്ച വിസയിലും ഇന്ത്യൻ പൗരൻമാരാണ് കൂടുതൽ,” യുകെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് അവസാനത്തോടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 93,951 ഗ്രാജ്യൂവേറ്റ് റൂട്ട് എക്സ്റ്റൻഷനുകൾ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികൾ തങ്ങളുടെ ആശ്രിതരായി കുടുംബാംഗങ്ങളെയും, കുട്ടികളെയും രാജ്യത്തിലേക്ക് കൊണ്ടുവരുന്നതിന് യുകെ കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് വന്നത്. നിലവിൽ യുകെയിലെ പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് മാത്രമാണ് ആശ്രിതരായി തങ്ങളുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനാകുക.

  Also read-ഇമ്രാൻ ഖാന്റെ വൈദ്യ പരിശോധനയിൽ മദ്യം, കൊക്കെയ്ൻ സാന്നിധ്യം: പാക് ആരോഗ്യമന്ത്രി

  അതേസമയം ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ച സ്കിൽഡ് വർക്കർ വിസകളുടെ എണ്ണത്തിൽ 63 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലത്ത് 13390 ആണ് രേഖപ്പെടുത്തിയിരുന്നത്. ഇത് 2022-23 ആയപ്പോഴേക്കും 21,837 ആയി കൂടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹെൽത്ത് കെയർ വിഭാഗത്തിൽ അനുവദിച്ച വിസയുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ 14,485 പേരാണ് ഈ വിഭാഗത്തിൽ വിസ നേടിയത്. എന്നാൽ അത് ഈ വർഷം 29,726 ആയാണ് ഉയർന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 105 ശതമാനം വർധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

  എന്നാൽ ഇതോടൊപ്പം യുകെയിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റവും വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ കുടിയേറ്റങ്ങളുടെ എണ്ണം 606,000 ആണ്. ഇത് ബ്രിട്ടീഷ് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ യുക്രൈൻ വിസ പദ്ധതികൾക്ക് കീഴിലുള്ള അഭയാർത്ഥികൾ, ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി കുടിയേറുന്നവർ തുടങ്ങിയവരടങ്ങിയ വിഭാഗമാണ് കുടിയേറ്റം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് നൽകുന്ന വിവരം.

  Also read- ബലാത്സംഗക്കേസ്: ഇസ്ലാമിക പണ്ഡിതൻ താരിഖ് റമദാൻ കുറ്റവിമുക്തൻ

  അതേസമയം മൊത്തത്തിലുള്ള കുടിയേറ്റ സ്ഥിതി വിവര കണക്കുകളിൽ വിദേശ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തുന്നത് തെറ്റായ സമീപനമാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.’മൊത്ത കുടിയേറ്റ കണക്കുകളിൽ നിന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഒഴിവാക്കണം. അമേരിക്കയും ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാർത്ഥികളെ താൽക്കാലിക കുടിയേറ്റക്കാരായിട്ടാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾ തങ്ങളുടെ മാതൃരാജ്യത്തേക്ക് തന്നെ മടങ്ങിപ്പോകുന്നവരാണ്. അവരെക്കൂടി ഉൾപ്പെടുത്തി കുടിയേറ്റത്തെ സംബന്ധിച്ച അനാവശ്യ ഭയം സൃഷ്ടിക്കേണ്ട കാര്യമില്ല,” ഇന്റർനാഷണൽ സ്റ്റുഡന്റ് വിഷയവുമായി ബന്ധപ്പെട്ട ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ നേതാവ് ലോർഡ് കരൺ ബിലിമോറിയ പറഞ്ഞു.

  Published by:Vishnupriya S
  First published: