ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നാശം വിതച്ച ഭൂകമ്പത്തിന്റെ തീവ്രത വിളിച്ചോതുന്ന ചിത്രങ്ങളാണ് ലോകമാധ്യമങ്ങളില്‍ നിറയുന്നത്. അതില്‍ എഎഫ്പി ഫോട്ടോഗ്രാഫര്‍ അദീം അറ്റ്ലാന് എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ ലോകജനതയെ കണ്ണീരിലാഴ്ത്തുന്നത്. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ജീവനറ്റ തന്റെ മകളുടെ കൈപിടിച്ച് നില്ക്കുന്ന ഒരു പിതാവിന്റെ ചിത്രമാണ് അദീം തന്റെ ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തിയത്. കഹ്രാമന്‍മാരാസിലെ ഒരു അപ്പാര്‍ട്ട്മെന്റ് പ്രദേശത്താണ് ഈ കാഴ്ച.
തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയിലും തന്റെ മകളുടെ കൈപിടിച്ച് നില്‍ക്കുകയാണ് മെസൂട്ട് ഹാന്‍സര്‍ എന്ന പിതാവ്. ഇര്‍മാക് എന്ന തന്റെ മകളുടെ ജീവനറ്റ കൈകളിലാണ് ആ പിതാവ് കൈയ്യുറപ്പിച്ചിരിക്കുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ട അദീം ആ കാഴ്ച തന്റെ ക്യാമറയിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട മെസൂട്ട് അദീമിനെ അരികിലേക്ക് വിളിച്ചു. ശേഷം തന്റെ കുഞ്ഞിന്റെ ചിത്രങ്ങളെടുത്തോളു എന്ന് പറയുകയായിരുന്നു.
പതിനഞ്ച് വയസ്സാണ് തന്റെ മകള്‍ക്ക് പ്രായമെന്നും കിടക്കയില്‍ കിടക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതെന്നും മെസൂട്ട് അദീമിന് കാണിച്ചുകൊടുത്തു. തന്റെ നഷ്ടം ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ഫോട്ടോ എടുക്കാന്‍ പറഞ്ഞതെന്ന് ആ പിതാവ് പറഞ്ഞു.
എന്നാല്‍ ഫോട്ടോ എടുത്തതിന് ശേഷവും ആ പിതാവിന്റെയും മകളുടെയും മുഖം തന്റെ മനസ്സില്‍ നിന്ന് പോയിട്ടില്ലെന്ന് അദീം പറയുന്നു.
” എന്റെ കണ്ണില്‍ നിന്നും കണ്ണീര് ഒഴുകുകയായിരുന്നു. ഞാന്‍ വളരെയധികം വിഷമിച്ചു. ദൈവമേ എന്തൊരു വേദനയാണിത്.,’ എന്നാണ് അദീം പറഞ്ഞത്. ഭൂചലനത്തിലെ ഏറ്റവും വലിയ ദുരന്ത കാഴ്ചകളിലൊന്നാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്റെ അയല്‍വാസികള്‍ നിശബ്ദത പാലിക്കാന്‍ പറഞ്ഞു. കാരണം കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേള്‍ക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ പറഞ്ഞത്,’ അദീം പറഞ്ഞു.
40 വര്‍ഷമായി ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അദീം. ഏകദേശം 15 വര്‍ഷത്തോളമായി എഎഫ്പിയില്‍ ജോലി ചെയ്യുന്നു. ഈ വര്‍ഷക്കാലയളവില്‍ കണ്ട ഏറ്റവും ദുരന്തപൂര്‍ണ്ണമായ കാഴ്ചയാണ് ഇതെന്ന് അദീം പറഞ്ഞു. ആഗോള മാധ്യമങ്ങളുടെ മുന്‍ പേജുകളില്‍ തന്നെ ഈ ചിത്രം അച്ചടിച്ചുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലും നിരവധിപേരാണ് ഈ പിതാവിന്റെ ചിത്രം പങ്കുവെച്ചത്. ഒരിക്കലും മറക്കാനാകാത്ത ചിത്രമെന്നാണ് പലരും തന്നോട് പറഞ്ഞതെന്ന് അദീം പറയുന്നു.
ഫെബ്രുവരി ആറിന് പുലര്‍ച്ചെയാണ് തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ നിലംപതിക്കുകയും നാലായിരത്തിലധികം പേര് മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാന്‍ടെപ് നഗരത്തിന്റൈ വടക്കു ഭാഗത്താണ് ഭൂചലനം ഉണ്ടായത്.ഗൂഗിള്‍ മാപ് പ്രകാരം, ഈജിയന്‍ കടല്‍ മേഖലയില്‍ നിന്ന് ഏകദേശം 11 മണിക്കൂര്‍ അകലെയാണ് ഗാസിയാന്‍ടെപ്പ് സ്ഥിതി ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.