ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ അതീവ ദുഃഖിതനെന്ന് മാര്‍പ്പാപ്പ; അഗാധമായി ഖേദിക്കുന്നുവെന്ന് ഇസ്രയേൽ

Last Updated:

പള്ളിക്ക് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പള്ളി വികാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു 

News18
News18
ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അതീവ ദുഃഖിതനാണെന്ന് ലിയോ പതിനാലാമ്മന്‍ മാര്‍പ്പാപ്പ. ആക്രമണത്തെ 'സൈനിക ആക്രമണ'മെന്നാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളില്‍ വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ സര്‍വ്വശക്തമായ ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ കാരുണ്യത്തിന് സമര്‍പ്പിക്കുന്നതായും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നതായും മാര്‍പ്പാപ്പ അറിയിച്ചു.
പള്ളിക്ക് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പള്ളി വികാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ഗാസയിലെ ലാറ്റില്‍ കത്തോലിക്കരുടെ അധികാര പരിധിയിലുള്ള തിരുക്കുടുംബ ദേവാലയത്തിന് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയെതന്ന് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് അറിയിച്ചു. 20 മാസമായി ഇസ്രയേല്‍ തുടരുന്ന യുദ്ധത്തില്‍ ഇവിടെയുള്ള ചെറിയ ക്രിസ്ത്യന്‍ സമൂഹത്തിന് പള്ളി ഒരു അഭയകേന്ദ്രമായിരുന്നു.
അതേസമയം, ഗാസയിലെ പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ അഗാധമായി ഖേദിക്കുന്നുവെന്ന് ഇസ്രയേല്‍ പറഞ്ഞു. ''ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിൽ ലക്ഷ്യസ്ഥാനം തെറ്റി സ്‌ഫോടക വസ്തു പതിച്ചതില്‍ അഗാധമായി ഖേദിക്കുന്നു. നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖിപ്പിക്കുന്നു,'' ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
advertisement
മാര്‍പ്പാപ്പയുടെ ആശ്വാസ വാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നതായും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
പള്ളിക്ക് നേരെ നടത്തിയ ആക്രമണം തെറ്റായിരുന്നുവെന്ന് നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
പള്ളിയില്‍ ലക്ഷ്യസ്ഥാനം തെറ്റി സ്‌ഫോടനം നടന്നതായി ഇസ്രയേല്‍ പ്രതിരോധ സേനയും സമ്മതിച്ചു. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ അറിയിച്ചു.
ദേവാലയം നേരിട്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ ബാറ്റിസ്റ്റ പിസബല്ല വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. ഇടവക വികാരിയായ ഫാദര്‍ ഗബ്രിയേല്‍ റൊമാനെല്ലിക്കും മറ്റ് നിരവധിപേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി പാത്രിയാര്‍ക്കീസ് പറഞ്ഞു. 30 വര്‍ഷത്തോളമായി ഗാസയില്‍ ശുശ്രൂഷ ചെയ്ത് വരികയാണ് അര്‍ജന്റീനക്കാരനായ റൊമാനെല്ലി.
advertisement
ആക്രമണത്തില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് മുമ്പും ഇസ്രയേല്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. 2023 ഡിസംബറില്‍ ഇസ്രയേൽ സൈനികർ നടത്തിയ സ്‌നൈപ്പര്‍ ആക്രമണത്തില്‍ പള്ളിയുടെ ഉള്ളില്‍ അഭയം തേടിയ രണ്ട് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചിരുന്നതായും പാത്രിയര്‍ക്കീസ് അറിയിച്ചു.
കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഈ പള്ളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹം മിക്കവാറും ഈ പള്ളിയിലേക്ക് ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കുമായിരുന്നു.
advertisement
യുദ്ധത്തിന് മുമ്പ് ഏകദേശം 1000 ക്രിസ്ത്യാനികളാണ് ഗാസയിലുണ്ടായിരുന്നത്. ഇത് ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. യുദ്ധത്തില്‍ 58,000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.‌
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ അതീവ ദുഃഖിതനെന്ന് മാര്‍പ്പാപ്പ; അഗാധമായി ഖേദിക്കുന്നുവെന്ന് ഇസ്രയേൽ
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement