ബാങ്കുകളോട് ചേർന്നുള്ള മണ്ണ് വീട്ടില്‍ സൂക്ഷിച്ചാല്‍ സമ്പത്തും ഭാഗ്യവും കുമിഞ്ഞുകൂടുമോ? ചൈനയിലെ കച്ചവടക്കാര്‍ പറയുന്നത്
- Published by:meera_57
- news18-malayalam
Last Updated:
ബാങ്കുകളുടെ സമീപത്തുനിന്ന് ശേഖരിക്കുന്ന ഒരു പിടി മണ്ണിന് ഏകദേശം 10,200 രൂപയാണ് കച്ചവടക്കാര്‍ ഈടാക്കുന്നതത്രേ
വായ്പകളും നിക്ഷേപങ്ങളുമായി ബാങ്കുമായി സാമ്പത്തിക ഇടപാടുകള്‍ (bank transactions) നടത്താത്തവര്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ചുരുക്കമായിരിക്കും. ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള ഒരു ട്രെന്‍ഡാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. വന്‍കിട ബാങ്കുകളോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്ന് ശേഖരിക്കുന്ന മണ്ണ് വീട്ടില്‍ സൂക്ഷിക്കുകയാണെങ്കില്‍ സമ്പത്തും ഭാഗ്യവും കുമിഞ്ഞുകൂടുമെന്നാണ് വിശ്വാസം. ബാങ്കുകളുടെ സമീപത്തുനിന്ന് ശേഖരിക്കുന്ന ഒരു പിടി മണ്ണിന് 888 യുവാന്‍ (ഏകദേശം 10,200) രൂപയാണ് കച്ചവടക്കാര്‍ ഈടാക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകാര്യകാര്യ സ്ഥാപനങ്ങള്‍ക്ക് ചുറ്റുമുള്ള പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ നിന്നുള്ള മണ്ണ്, ബാങ്കിന്റെ ലോബിയിലെ ചെടികള്‍ വളര്‍ത്തുന്ന ചട്ടയില്‍ നിന്ന് ശേഖരിച്ച മണ്ണ്, പണം എണ്ണുന്ന യന്ത്രങ്ങളില്‍ പറ്റിപ്പിടിച്ച പൊടി എന്നിവയടങ്ങിയതാണ് ഈ മണ്ണ് എന്ന് വില്‍പ്പനക്കാര്‍ അവകാശപ്പെടുന്നു.
ബാങ്ക് ഓഫ് ചൈന, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന, ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക്, ബാങ്ക് ഓഫ് കമ്യൂണിക്കേഷന്‍സ് എന്നീ അഞ്ച് പ്രധാന ചൈനീസ് ബാങ്കുകളില്‍ നിന്ന് ശേഖരിച്ച നാല് തരം മണ്ണ് വില്‍ക്കുന്നുണ്ടെന്ന് വ്യാപാരികള്‍ അവകാശപ്പെട്ടു.
"ഈ മണ്ണ് അഞ്ച് പ്രധാന ബാങ്കുകളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണ് ആണ്. ഇത് സമ്പത്ത് വര്‍ധിപ്പിക്കുകയും വീട്ടിനുള്ളില്‍ മോശമായ ഊര്‍ജം നീക്കം ചെയ്യുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. എങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല," ഒരു വില്‍പ്പനക്കാരന്‍ എസ്‌സിഎംപിയോട് പറഞ്ഞു. ഒരൊറ്റ സ്ഥലത്ത് നിന്ന് ശേഖരിക്കുന്നതിന് പകരം രാത്രിയില്‍ വിവിധ ബാങ്കുകളില്‍നിന്നാണ് മണ്ണ് ശേഖരിക്കുന്നതെന്ന് വില്‍പ്പനക്കാരന്‍ പറഞ്ഞു.
advertisement
ഓരോ കച്ചവടക്കാരനും ഓരോ സവിശേഷമായ സ്ഥലത്തുനിന്നാണ് വില്‍പ്പന നടത്തുന്നത്. ഒരാള്‍ ഉച്ചയ്ക്ക് ശേഷം മാത്രമാണ് മണ്ണ് ശേഖരിക്കൂവെന്ന് അവകാശപ്പെടുന്നു. അതേസമയം, മറ്റ് വില്‍പ്പനക്കാരെ അപേക്ഷിച്ച് തങ്ങളുടെ മണ്ണിന് കൂടുതല്‍ സമ്പത്ത് ഉണ്ടാക്കാനുള്ള കഴിവുണ്ടെന്ന് മറ്റൊരു കച്ചവടക്കാരന്‍ പറഞ്ഞു. ചിലര്‍ തങ്ങള്‍ പറയുന്നതിന്റെ ആധികാരിക ഉറപ്പാക്കുന്നതിന് ബാങ്കിന്റെ പ്രവേശന കവാടത്തില്‍നിന്ന് മണ്ണ് കുഴിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലും പങ്കിട്ടു.
കച്ചവടക്കാരന്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് മണ്ണ് കോരിയെടുത്ത് ഒരു സ്വര്‍ണനിറമുള്ള പ്ലേറ്റിലേക്ക് മാറ്റുന്നു. ഈ സ്വര്‍ണ പ്ലേറ്റിന്റെ ക്ലയന്റിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. തങ്ങള്‍ക്ക് ഒരു ബിസിനസ് ഉണ്ടെന്നും ഈ മണ്ണ് ബിസിനസ് അഭിവൃദ്ധി നേടുന്നതിന് സഹായിക്കുമെന്ന് കരുതുന്നതായും തങ്ങളുടെ നിരവധി സുഹൃത്തുക്കള്‍ മണ്ണ് വാങ്ങിയിട്ടുള്ളതായും റെഡ് സ്റ്റാര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഒരാള്‍ പറഞ്ഞു.
advertisement
ചൈനയിലെമ്പാടും ഇത്തരത്തില്‍ മണ്ണ് ശേഖരിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള കച്ചവടത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കച്ചവടക്കാരോട് വിശദീകരിച്ചിട്ടുണ്ടെന്നും സെജിന്‍ ലോ ഫേമിലെ അഭിഭാഷകനായ ഫു ജിയാന്‍ പറഞ്ഞു. കൃത്യമായ തെളിവില്ലാതെ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മണ്ണ് വില്‍ക്കുന്നത് തട്ടിപ്പാണെന്നും കുറ്റത്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കൂടാതെ, പൊതു സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തില്‍ മണ്ണ് കുഴിച്ചെടുക്കുന്നത് ചൈനയിലെ നഗര മേഖലയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍ തകരാന്‍ കാരണമാകുമെന്നും അത് നിരോധിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മണ്ണ് വില്‍പ്പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 10, 2025 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബാങ്കുകളോട് ചേർന്നുള്ള മണ്ണ് വീട്ടില്‍ സൂക്ഷിച്ചാല്‍ സമ്പത്തും ഭാഗ്യവും കുമിഞ്ഞുകൂടുമോ? ചൈനയിലെ കച്ചവടക്കാര്‍ പറയുന്നത്