അമേരിക്കയിൽ പലസ്തീന്‍ അനുകൂല സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയേക്കും
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം മാസങ്ങളോളം യുഎസിലെ കോളേജ് ക്യാംപസുകളിൽ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടന്നിരുന്നു
വാഷിംഗ്ടണ്‍: അമേരിക്കയിൽ പലസ്തീന്‍ അനുകൂല പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത വിദേശ വിദ്യാര്‍ഥികളുടെ വിസകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയേക്കുമെന്ന് വൈറ്റ് ഹൗസിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂത വിരുദ്ധതയെ ചെറുക്കുന്നതിനും പലസ്തീന്‍ അനുകൂല സമരങ്ങള്‍ പങ്കെടുത്ത പൗരന്മാരല്ലാത്ത കോളേജ് വിദ്യാര്‍ഥികളെയും യുഎസില്‍ താമസിക്കുന്ന മറ്റ് വിദേശികളെയും നാടുകടത്തുന്നതിനുമുള്ള എക്‌സിക്യുട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവയ്ക്കുമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
2023 ഒക്ടോബര്‍ 7ന് പലസ്തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസ് ഇസ്രയേലിനെതിരേ നടത്തിയ ആക്രമണത്തിന് ശേഷം നമ്മുടെ കാമ്പസുകളിലും തെരുവുകളിലും യഹൂദവിരുദ്ധതയുടെ സ്‌ഫോടനം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഭീകരവാദ ഭീഷണികള്‍, തീവയ്പ്പ്, നശീകരണ പ്രവര്‍ത്തനങ്ങള്‍, അമേരിക്കന്‍ ജൂതന്മാര്‍ക്കെതിരായ ആക്രമങ്ങൾ എന്നിവ നടത്തിയവര്‍ക്കെതിരേ നീതിന്യായ വകുപ്പ് ഉടനടി നടപടി സ്വീകരിക്കുമെന്നും ഇതിനായി എല്ലാ ഫെഡറല്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
ജിഹാദി അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത എല്ലാ വിദേശ പൗരന്മാരെയും 2025 ആകുമ്പോള്‍ കണ്ടെത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ''മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം തീവ്രവാദത്താല്‍ കോളേജ് കാമ്പസുകള്‍ നിറഞ്ഞിരിക്കുന്നു. ഇവിടങ്ങളില്‍ നിന്നുള്ള എല്ലാ ഹമാസ് അനുഭാവികളുടെയും വിദ്യാര്‍ഥി വിസകള്‍ ഞാന്‍ വേഗത്തില്‍ റദ്ദാക്കും,'' ട്രംപ് പറഞ്ഞു.
advertisement
ഹമാസിന്റെ ഇസ്രയേലിന് നേരെയുള്ള ആക്രമണവും അതിന് പിന്നാലെ ഇസ്രയേല്‍ നടത്തി വന്ന യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ വർഷം മാസങ്ങളോളം യുഎസിലെ കോളേജ് കാംപസുകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടന്നിരുന്നു. യുഎസിൽ ജൂത വിരുദ്ധതയും അറബ് വിരുദ്ധതയും ഇസ്ലാമോഫോബിയ സംഭവങ്ങളും വര്‍ധിച്ചുവരുന്നതായും വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂതവിരുദ്ധതയ്‌ക്കെതിരേ പോരാടാൻ സഹായിക്കുന്ന എല്ലാ ക്രിമിനല്‍, സിവില്‍ ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ ഏജന്‍സിയും വകുപ്പുതലവന്മാരും വൈറ്റ് ഹൗസിന് 60 ദിവസത്തിനുള്ളില്‍ കൈമാറണമെന്ന് ഉത്തരവില്‍ ആവശ്യപ്പെടുന്നു. കൂടാതെ, യുഎസിലെ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഉത്തരവ് കൂട്ടിച്ചേര്‍ത്തു.
advertisement
പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ വസ്തുവകകള്‍ നശിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും ജൂത വിദ്യാര്‍ഥികളെ ക്ലാസുകളില്‍ പങ്കെടുക്കുന്നത് തടഞ്ഞതായും സിനഗോഗുകളില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ ആക്രമിച്ചതായും സ്മാരകങ്ങളും പ്രതിമകളും നശിപ്പിച്ചതായും വ്യക്തമാക്കുന്നു.
അതേസമയം, പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധിയാളുകള്‍ തങ്ങള്‍ ഹമാസിനെ പിന്തുണയ്ക്കുന്നില്ലെന്നും ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. ഗാസയില്‍ 47,000 പേര്‍ കൊല്ലപ്പെട്ട ഇസ്രയേലിന്റെ സൈനിക ആക്രണത്തിനെതിരേ പ്രതിഷേധം നടത്തുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.
യഹൂദ വിരുദ്ധതയെ ചെറുക്കുന്നതിന്റെ മറവില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും പലസ്തീന്‍ മാനവികതയ്ക്കും നേരെ ട്രംപ് ഭരണകൂടം ആക്രമണം നടത്തുകയാണെന്ന് മുസ്ലീം സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് ആരോപിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവ് സത്യസന്ധമല്ലാത്തതും അതിരുകടന്നതും നടപ്പിലാക്കാന്‍ കഴിയാത്തതുമാണെന്ന് അവര്‍ പറഞ്ഞു.
advertisement
ഹമാസ് അനുകൂല വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്നും നാടുകടത്തുമെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 30, 2025 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിൽ പലസ്തീന്‍ അനുകൂല സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയേക്കും