ഭോപ്പാൽ: പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ നടന്ന് 14 മാസത്തിനു ശേഷം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കപിൽ ലാൽവാനി എന്ന 28കാരനെയാണ് അറസ്റ്റ് ചെയ്തത്.
'പതിനെട്ടുകാരിയായ പെൺകുട്ടിയിൽ ഇയാൾക്ക് ഒരു കണ്ണുണ്ടായിരുന്നു. അവളെ എളുപ്പത്തിൽ ലഭിക്കുന്നതിനു വേണ്ടി അവളുടെ പിതാവുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു' - പൊലീസ് പറഞ്ഞു. 2019 ഒക്ടോബർ 20നാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടു ദിവസങ്ങൾക്ക് ശേഷം സിറ്റി ആശുപത്രിയിൽ വച്ച് കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് ഒന്നും യുവതി എഴുതി വച്ചിരുന്നില്ല.
പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയിൽ പ്രതിയുടെ പേരും പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളും പെൺകുട്ടിയും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും പെൺകുട്ടിയെ ഇയാൾ ചതിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് മനസിലാക്കിയ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മംഗൽവാര പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ സന്ദീപ് പവാർ പറഞ്ഞു. മരിച്ച പെൺകുട്ടിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.