യജമാനൻ മരിച്ചതറിയാതെ 4 മാസമായി കാത്തിരിക്കുന്ന നായ; മോര്‍ച്ചറി വരാന്തയില്‍ നൊമ്പരക്കാഴ്ചയായി 'രാമു'
- Published by:Sarika KP
- news18-malayalam
Last Updated:
നായയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ് ഉടമസ്ഥര്‍ രാമുവിനെ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാര്‍.
കണ്ണൂര്‍: കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലെത്തുന്നവർക്ക് രാമു എന്നും ഒരു നൊമ്പര കാഴ്ചയാണ്. എന്നാൽ അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കാമാണ് കാണാൻ പറ്റുന്നത്. തന്റെ യജമാനന്‍ ഇപ്പോൾ തന്റെടുത്ത് എത്തും എന്നുള്ള പ്രതീക്ഷ. എന്നാൽ ഓരോ തവണയും മോര്‍ച്ചറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ തലപ്പൊക്കി വാലാട്ടി വാതില്‍പ്പടി വരെ ചെല്ലും. എന്നാൽ അത് തന്റെ യജമാനൻ അല്ലെന്ന് അറിയുന്നതോടെ തിരികെ വന്ന് അവിടെയങ്ങ് ചുരുണ്ടുകൂടും.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസങ്ങളായി കാണുന്ന കാഴ്ചയാണിത്. ആർക്കൊ വേണ്ടി കാത്തിരിപ്പിലാണ് ഒരു നായ. വിശപ്പും ദാഹവും ഇല്ല. മറ്റ് നായ്ക്കൾക്കൊപ്പം ചങ്ങാത്തമോ അടുപ്പമോ ഇല്ല. മോർച്ചറിക്ക് മുന്നിലെ വരാന്തയിൽ ഒറ്റ കിടപ്പാണ്. നാല് മാസം മുൻപ് ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ടു പോയ തന്റെ യജമാനനെ കാത്താണ് നായയുടെ സങ്കടം നിറഞ്ഞ ഈ കിടപ്പ്. എന്നാൽ തന്റെ യജമാനൻ മരിച്ചു പോയതറിയാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ നായ. മോര്‍ച്ചറിയിലേക്ക് കൊണ്ടു വന്ന യജമാനന്റെ മൃതദേഹം പിന്‍വാതിലിലൂടെ കൊണ്ടു പോയതും നായ അറിഞ്ഞുകാണില്ല.
advertisement
വിശന്നു വലഞ്ഞാൽ പോലും മറ്റുള്ളവർ നൽകുന്ന ഭക്ഷണം കഴിക്കില്ല. ക്ഷീണത്താൽ അടഞ്ഞുപോകുന്ന കണ്ണുകൾ വലിച്ചുതുറന്നു മോർച്ചറിക്കു മുന്നിൽത്തന്നെ കിടക്കും. മോർച്ചറി ജീവനക്കാർ കയ്യിൽവച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. വലതുചെവിക്ക് അരികിലായി കഴുത്തിൽ മുറിവ് തുന്നിയുപോലൊരു പാടുണ്ട്. ആർക്കും ശല്യമില്ല, ആരോടും പരിഭവമില്ല.
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ രാമുവിന്റെ ചിത്രം പതിഞ്ഞതോടെയാണ് ഇവനെ പുറംലോകം ശ്രദ്ധിച്ചു തുടങ്ങിയത്. നായയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ് ഉടമസ്ഥര്‍ രാമുവിനെ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാര്‍.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
November 03, 2023 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യജമാനൻ മരിച്ചതറിയാതെ 4 മാസമായി കാത്തിരിക്കുന്ന നായ; മോര്‍ച്ചറി വരാന്തയില്‍ നൊമ്പരക്കാഴ്ചയായി 'രാമു'