War Poem | യുദ്ധകാലത്ത് സൂപ്പർ ഹിറ്റായി ഒരു കവിത; കെ എം അബ്ദുൾ ഗഫൂറിന്റെ 'യുദ്ധം' സോഷ്യൽ മീഡിയയിൽ വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
മലപ്പുറം വളാഞ്ചേരി സ്വദേശിയും മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ ഭാരവാഹിയുമായ കെ എം അബ്ദുൽ ഗഫൂറാണ് കവിത എഴുതിയത്
റഷ്യ- യുക്രെയ്നും മാത്രമല്ല, ലോകമെങ്ങും യുദ്ധഭീതിയിലാണ് കഴിയുന്നത്. ഇതിനിടെ യുദ്ധത്തെ കുറിച്ചുള്ള മലയാളിയുടെ കുഞ്ഞ് കവിത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നമുക്ക് ചുറ്റുമുള്ള ചെറുതും വലുതുമായ യുദ്ധങ്ങളെ കുറിച്ചോർമിപ്പിക്കുന്നതാണ് കവിത. മലപ്പുറം വളാഞ്ചേരി സ്വദേശിയും മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ ഭാരവാഹിയുമായ കെ എം അബ്ദുൽ ഗഫൂറാണ് കവിത എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 'യുദ്ധം' എന്ന കുഞ്ഞ് കവിത നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
വാട്സ്ആപ്പ് സ്റ്റാറ്റസായും ഫേസ്ബുക്ക് പോസ്റ്റായും ഒട്ടേറെ പേരാണ് കവിത പങ്കുവെച്ചത്.
കവിത സൂപ്പർ ഹിറ്റായതോടെ നന്ദി പറയുകയാണ് കവി. ''ഒരു കൂട്ടം വാക്കുകൾക്ക് ഇത്രയേറെ സ്നേഹത്തെ ഒരുക്കൂട്ടാനാവുമോ ! യുദ്ധ വിശകലനങ്ങളും വിമർശനങ്ങളും കേട്ട്, കണ്ട്, മടിപിടിച്ച് കിടന്ന ഒരു ഞായറാഴ്ചപ്പകലിൽ തോന്നിയ വരികൾ കടലാസിൽ പകർത്തി fb യിൽ പോസ്റ്റി, ഒന്നുറങ്ങിയെണീറ്റപ്പോഴേക്കും അതൊരു കവിതയായി മാറിയതാണീ സ്നേഹപ്പെയ്ത്തിന് കാരണമായത്. ആ കുത്തൊഴുക്കിൽ ഉള്ളിലുറഞ്ഞു കിടന്നിരുന്ന കുന്നായ്മയും കുനുട്ടും കുറേ ഒലിച്ച് പോയി.... കുറേ സുഹൃത്തുക്കളെ കിട്ടി. ഇന്നലെയും ഇന്നുമായി ഒരു പാട് സ്നേഹ സന്ദേശങ്ങൾ ....! ഒരിക്കലും കാണുകയും കേൾക്കുകയും ചെയ്യാത്ത നാടുകളിൽ നിന്ന് സുഹൃദങ്ങൾ ....! ഷെയറുകൾ, ലൈക്കുകൾ, സ്റ്റാറ്റസുകളെല്ലാമായി ആ തോന്നലുകളെ അവരുടേതാക്കിയവർ ..... എല്ലാവർക്കും നന്ദി. സ്നേഹം.''- അബ്ദുൽ ഗഫൂർ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
Also Read- Molotov Cocktails | ബിയർ ഉത്പാദനം നിർത്തിവച്ച് പെട്രോൾ ബോംബ് നിർമ്മാണത്തിലേയ്ക്ക് യുക്രേനിയൻ ബ്രൂവറി
അറിയാതെ പന്ത് തട്ടി ചില്ല് പൊട്ടിയതുമുതൽ തേക്കിൻ കുറ്റിയുടെ അവകാശ തർക്കത്തിൽ അയൽക്കാരനെ തെറിവിളിക്കുന്നതും എതിർ പാർട്ടിക്കാരനെ കൊലക്കത്തിക്ക് ഇരയാക്കുന്ന അക്രമ രാഷ്ട്രീയം എന്ന യുദ്ധം വരെ നമുക്കു ചുറ്റമുള്ള, നമ്മുടെ ജീവിതത്തിൽ തന്നെയുള്ള ചെറുതും വലുതുമായ യുദ്ധങ്ങളെ കുറിച്ച് ഓർമിപ്പിക്കുകയാണ് അബ്ദുൽ ഗഫൂർ.
advertisement
കവിത :
യുദ്ധം
അറിയാതെ പന്ത് തട്ടിഒരു ചില്ല് പൊട്ടിയതിന് മക്കളെ തല്ലുന്ന.....
കറിയിൽ ഉപ്പ് കൂടിയതിന് പാത്രം വലിച്ചെറിയുന്ന.....
വൈകി വന്നതിന് വാതിൽ വലിച്ചടക്കുന്ന.....
തേക്കിൻ കുറ്റിയുടെ അവകാശ തർക്കത്തിൽ
അയൽക്കാരനെ തെറി വിളിക്കുന്ന...
ഒരു കൊടിക്കാലിന്റെ പേരിൽ, എതിർ പാർട്ടിക്കാരനെ
വെട്ടിക്കൊല്ലുന്ന.....
'നമ്മൾ'ചോദിക്കുന്നു
എന്തിനാണ് ഈ യുദ്ധം?
advertisement
''ആളുകൾ യുദ്ധത്തെ വിശകലനം ചെയ്യുന്നുണ്ട്. യുദ്ധത്തിനുള്ള കാരണം, ഉപയോഗിക്കുന്ന ആയുധങ്ങൾ, അതിന്റെ പ്രശ്നങ്ങൾ എന്നിവയൊക്കെ വ്യക്തികൾ വിശകലനം ചെയ്യുന്നു. ഈ വ്യക്തികൾ പലപ്പോഴും അവനവനെ കുറിച്ച് ആലോചിച്ചാൽ ഒരു യുദ്ധത്തിനുള്ള സാധ്യതയില്ലേ എന്ന ഒരു തോന്നലാണ് ഈ കവിത. പുടിനും സെലൻസ്കിയുമൊക്കെ മനുഷ്യരാണല്ലോ. സ്വാഭാവികമായി അവർക്കിടയിലുണ്ടാകുന്ന ഈഗോയും പ്രശ്നങ്ങളും അല്ലേ യുദ്ധങ്ങളാകുന്നത്. നമുക്ക് എത്രമാത്രം അർഹതയുണ്ട്, യുദ്ധത്തെ കുറിച്ച് പറയാൻ. പരിഷ്കൃത ജനത എന്ന അവകാശപ്പെടുന്ന നമുക്ക് യുദ്ധത്തെ കുറിച്ച് പറയാനുള്ള അവകാശത്തെ സ്വയമൊന്നു പൊളിച്ചടുക്കുക എന്ന് ഉദ്ദേശിച്ച് എഴുതിയതാണ്. എഴുതിയപ്പോൾ അത് ചിലർ സ്റ്റാറ്റസാക്കുകയും എഫ്ബിയിലിടുകയും ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ''- ഗഫൂർ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2022 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
War Poem | യുദ്ധകാലത്ത് സൂപ്പർ ഹിറ്റായി ഒരു കവിത; കെ എം അബ്ദുൾ ഗഫൂറിന്റെ 'യുദ്ധം' സോഷ്യൽ മീഡിയയിൽ വൈറൽ


