'വലിയ വേദിയാണ് സാർ, വിവാഹത്തിന് 500 പേരെ അനുവദിക്കണം', അപേക്ഷയിൽ കുഴങ്ങി പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവുമുള്ള വിവാഹ വേദിയാണെന്നും അപേക്ഷയിൽ
തിരുവനന്തപുരം: വിവാഹ ചടങ്ങിൽ 500 പേരെ പങ്കെടുക്കാൻ പൊലീസിന്റെ അനുമതി തേടി യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ്.
അഴൂർ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവാണ് ചിറയിൻകീഴ് പൊലീസിന് അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന് തലപുകയ്ക്കുകയാണ് പൊലീസ്.
ഇന്നലെ രാവിലെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് മുട്ടപ്പലം യൂണിറ്റ് കൺവീനർ പ്രേംസിത്താർ എന്നിവരോടൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളിൽ 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതിക്കായി ചിറയിൻകീഴ് എസ്ഐ നൗഫലിനെ നേരിൽക്കണ്ട് അപേക്ഷ നൽകിയത്.
advertisement
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അതേപടി പാലിച്ച് വിവാഹച്ചടങ്ങുകൾ നടത്താമെന്ന സത്യപ്രസ്താവനയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവുമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് വിവാഹവേദി. ജൂൺ 15നു നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിന് കൈമാറിയ അപേക്ഷയിലുണ്ട്.
advertisement
സാമൂഹിക അകലം പാലിച്ചു ക്ഷണിതാക്കൾക്ക് ഇരിക്കാൻ തരത്തിലുള്ള പന്തൽ ക്ഷേത്രമൈതാനത്ത് കെട്ടി കോവിഡുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും പൂർണമായി പാലിക്കുമെന്നും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമുള്ള അവകാശങ്ങൾ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗവും ജനപ്രതിനിധിയുമായ തനിക്കുമുണ്ടെന്നും നവവരന്‍ സജിത്ത് പറയുന്നു. എന്തായാലും അപേക്ഷയിൽ ഉന്നത പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടശേഷം ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് എസ്ഐയുടെ നിലപാട്.
സത്യപ്രതിജ്ഞ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി
ഇന്ന് വൈകിട്ട് മൂന്നരക്ക് സെൻട്രൽ സ്‌റ്റേഡിയത്തിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി ആളുകളെ കുറച്ചായിരിക്കും സത്യപ്രതിജ്ഞയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് 500 പേരെ ക്ഷണിച്ചെങ്കിലും ആളെണ്ണം അതിലും കുറയും. ഇടതു മുന്നണി എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ക്ഷണം.
advertisement
സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സത്യപ്രതിജ്ഞ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എംഎല്‍മാരുടെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് പരിശോധിക്കണം. നിലവില്‍ നിശ്ചയിച്ച ആളുകളുടെ എണ്ണം കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 500 പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കനായി ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാല്‍ എണ്ണം കുറയുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
advertisement
കോവിഡ് സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൃശൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 20, 2021 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വലിയ വേദിയാണ് സാർ, വിവാഹത്തിന് 500 പേരെ അനുവദിക്കണം', അപേക്ഷയിൽ കുഴങ്ങി പൊലീസ്


