നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ചട്ടങ്ങൾ ലംഘിച്ചു; കങ്കണ റണൗത്തിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

  ചട്ടങ്ങൾ ലംഘിച്ചു; കങ്കണ റണൗത്തിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

  കഴിഞ്ഞ ദിവസം മാത്രം നിരവധി ട്വീറ്റുകളാണ് ദിൽജിത്തിനെതിരെയും കർഷകർക്കെതിരെയും റിഹാനയ്ക്കെതിരേയും കങ്കണയുടെ അക്കൗണ്ടിൽ നിന്നും വന്നത്.

  • Share this:
   ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ രണ്ട് ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ. ട്വിറ്ററിന്റെ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി. കർഷക സമരത്തിൽ വിവാദ പരാമർശങ്ങൾ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വീറ്റുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

   കർഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ റിഹാനയെ പരിഹസിച്ചും കർഷകരെ തീവ്രവാദികളെന്നും വിളിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കർഷകപ്രതിഷേധ മേഖലയിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്ത പങ്കുവച്ച് 'എന്തുകൊണ്ട് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല? എന്നായിരുന്നു റിഹാനയുടെ ചോദ്യം.

   റിഹാനയുടെ ട്വീറ്റിന് പിന്നാലെ കടുത്ത ഭാഷയിൽ വിമർശിച്ച് കങ്കണ റണൗത്ത് രംഗത്തെത്തി. പോപ്പ് താരത്തെ 'വിഡ്ഢി'യെന്നും 'ഡമ്മി'യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.


   കർഷക സമരത്തെ ഒരു ട്വീറ്റിലൂടെ ലോകശ്രദ്ധയിലേക്കെത്തിച്ചതിന് റിഹാനയ്ക്ക് നന്ദി പറഞ്ഞ ബോളിവുഡ് നടനും ഗായകനുമായ ദിൽജിത്ത് ദൊസാഞ്ജിനെതിരെയും കടുത്ത ഭാഷയിൽ കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കർഷക സമരത്തെ പിന്തുണക്കുന്ന ദിൽജിത്തിനെ ഖലിസ്ഥാനി എന്ന് വിളിച്ചായിരുന്നു കങ്കണയുടെ ആക്രമണം.


   കഴിഞ്ഞ ദിവസം മാത്രം നിരവധി ട്വീറ്റുകളാണ് ദിൽജിത്തിനെതിരെയും കർഷകർക്കെതിരെയും റിഹാനയ്ക്കെതിരേയും കങ്കണയുടെ അക്കൗണ്ടിൽ നിന്നും വന്നത്. ഇതോടെ നിരവധി പേർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് രണ്ട് ട്വീറ്റുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം കങ്കണയുടെ അക്കൗണ്ട് ഏതാനും മണിക്കൂറുകളോളം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.

   കർഷക സമരത്തെ കുറിച്ചുള്ള വാർത്ത പങ്കുവെച്ച് റിഹാനയുടെ ട്വീറ്റിന് വന്നതിന് പിന്നാലെ ദിൽജിത്ത് തന്റെ പുതിയ ഗാനം റിഹാനയ്ക്ക് സമർപ്പിച്ചിരുന്നു. ദിൽജിത്ത് അവസരം മുതലെടുക്കുകയായിരുന്നുവെന്നായിരുന്നു കങ്കണ യുടെ ട്വീറ്റ്.   കടുത്ത പോരായിരുന്നു കങ്കണയും ദിൽജിത്തും തമ്മിൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ നടന്നത്. കർഷക സമരം തുടങ്ങിയതു മുതൽ സമരത്തെ എതിർത്ത് കങ്കണ നിരന്തരം ട്വീറ്റ് ചെയ്തിരുന്നു. ദിൽജിത്ത് കർഷക സമരത്തെ പിന്തുണച്ചും സമരത്തിൽ പങ്കെടുത്തും നിലപാടെടുത്തു.
   Published by:Naseeba TC
   First published:
   )}