കോവിഡ് മരണം: സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികൾ; മാതാപിതാക്കളിൽ ഒരാളെ നഷ്ടമായത് 980 കുട്ടികൾക്ക്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കേന്ദ്ര സർക്കാരിന്റെ ബാൽ സുരക്ഷ പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തതിനു പുറമേ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും വിവരങ്ങൾ കൈമാറി. കുട്ടികളുടെ വിശദമായ വ്യക്തിഗത വിവരങ്ങൾ പിന്നീടു സമർപ്പിക്കും.
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികളെന്ന് സർക്കാർ. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ 980 കുട്ടികളുമുണ്ട്. സർക്കാർ നടത്തിയ കണക്കെടുപ്പിലെ വിവരങ്ങൾ കേന്ദ്ര സർക്കാരിനു കൈമാറി. ഈ പട്ടിക സുപ്രീംകോടതിയിലും പട്ടിക സമർപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ബാൽ സുരക്ഷ പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തതിനു പുറമേ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും വിവരങ്ങൾ കൈമാറി. കുട്ടികളുടെ വിശദമായ വ്യക്തിഗത വിവരങ്ങൾ പിന്നീടു സമർപ്പിക്കും.
അനാഥരായ കുട്ടികൾ രണ്ടു തരത്തിലാണ്. ഒന്ന്, അച്ഛനും അമ്മയും കോവിഡ് ബാധിച്ചു മരിച്ചവർ. രണ്ട്, മാതാപിതാക്കളിൽ ഒരാളെ നേരത്തേ നഷ്ടപ്പെട്ടു; രണ്ടാമത്തെയാൾ കോവിഡ് ബാധിച്ചു മരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫിസർമാർ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്.
കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണത്തിന് 3 ലക്ഷം രൂപ വീതം അവരുടെ പേരിൽ നിക്ഷേപിക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സാകുന്നതു വരെ പ്രതിമാസം 2000 രൂപ നൽകുമെന്നും ബിരുദം വരെയുള്ള വിദ്യാഭ്യാസച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്കൂൾ വിദ്യാഭ്യാസവും കേന്ദ്രസർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിവരങ്ങൾ നൽകാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂലം മാതാപിതാക്കളെയോ അല്ലെങ്കിൽ അവരില്‍ ഒരാളെയോ നഷ്ടപ്പെട്ട കുട്ടികളുടെ വിവരം ബാലസ്വരാജ് പോർട്ടലിൽ അപ്ലോഡ് ചെയ്യാനായിരുന്നു നിർദ്ദേശം
ഏപ്രിൽ ഒന്നു മുതൽ മെയ് 25 വരെയുള്ള കാലയളവില്‍ രാജ്യത്ത് 577 കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമായതായി കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇത്തരം കുട്ടികളുടെ വിവരങ്ങൾ നല്‍കണമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ ഇടപെടൽ.
advertisement
സംരക്ഷണവും കരുതലും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായാണ് ബാലസ്വരാജ് പോർട്ടല്‍ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഇതിന്‍റെ ഉപയോഗം വിപുലീകരിച്ചതായി കമ്മീഷൻ അറിയിച്ചിട്ടുണ്ട്.കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരങ്ങൾ പോർട്ടലിലെ 'കോവിഡ് കെയർ' എന്ന ലിങ്കിലൂടെ നല്‍കാനാവും. ജില്ലാ ബാലാവകാശ കമ്മിഷൻ അധികൃതര്‍ക്കും സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിമാർക്കുമാണ് ഇതിനുള്ള ചുമതല. ഇതിനായി ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർക്ക് ലോഗിൻ ഐ.ഡി.യും നൽകിയിട്ടുണ്ട്.
advertisement
കോവിഡ് ബാധിച്ചു മരിച്ചവരുടെ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു . കോവിഡ് 19 മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികൾക്ക് പി. എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോൾ പ്രതിമാസ സ്റ്റൈപന്‍ഡ് നല്‍കും. അഞ്ചു വർഷത്തേക്കാണ് പ്രതിമാസ സ്റ്റൈപൻഡ്. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നൽകുക. കൂടാതെ കേന്ദ്ര സർക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.
advertisement
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് കേരള സർക്കാരും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. 18 വയസ് വരെ പ്രതിമാസം 2000 രൂപ നല്‍കുമെന്നും കുട്ടികളുടെ ബിരുദതലം വരെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Location :
First Published :
May 31, 2021 6:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് മരണം: സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികൾ; മാതാപിതാക്കളിൽ ഒരാളെ നഷ്ടമായത് 980 കുട്ടികൾക്ക്