തിരുവനന്തപുരം: പ്രമേഹവും, ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവർക്കിടയിലാണ്
കോവിഡ് മരണങ്ങൾ കൂടുതലെന്ന് റിപ്പോർട്ട്. മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാത്തവർക്കിടയിൽ 0.8 ശതമാനം പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. റിവേഴ്സ്
ക്വാറന്റീൻ പരാജയപ്പെട്ടതിനാൽ 24 ശതമാനം കോവിഡ് രോഗികൾ മരിച്ചതായും
ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മൂന്ന് ഘട്ടമായാണ് കോവിഡ് മരണങ്ങളുടെ പഠനം നടന്നത്. പഠനത്തിനായി 252 കോവിഡ് മരണങ്ങളാണ് തെരഞ്ഞെടുത്തത്. തുടർന്നുള്ള വിശദമായ പഠനത്തിൽ 252 ൽ 223 മരണം മാത്രമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബാക്കി 20 മരണം കോവിഡ് മൂലമല്ലെന്നും, 9 മരണങ്ങളുടെ കാരണം വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
![]()
മരിച്ചതിൽ 70 ശതമാനം പുരുഷന്മാരായിരുന്നു. 157 പുരുഷന്മാർ മരിച്ചപ്പോൾ 66 സ്ത്രീകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.
മരിച്ചതിൽ 47.6 ശതമാനം പേരും പ്രമേഹ രോഗികളായിരുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള 46 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങളുള്ള 21.4 ശതമാനവും, കാൻസർ രോഗികളായ 6 ശതമാനം പേരും മരിച്ചവരിൽ ഉൾപ്പെടുന്നു.
![]()
ഒരു അസുഖങ്ങളും ഇല്ലാത്ത 0.8 ശതമാനം പേരാണ് കോവിഡ് മൂലം മരിച്ചത്. റിവേഴ്സ് ക്വാറന്റീൻ വിട്ട് വീഴ്ചയില്ലാതെ നടപ്പാക്കണമെന്നും ഓഡിറ്റ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഡയാലിസിസ് കേന്ദ്രങ്ങളിലും, കാൻസർ സെന്ററുകളിലും രോഗവ്യാപനം ഉണ്ടാകാതെ നിയന്ത്രിക്കണം.
ഗുരുതര രോഗങ്ങൾ ഉള്ളവരെ പ്രാദേശിക അടിസ്ഥാനത്തിൽ കണ്ടെത്തി ആരോഗ്യാവസ്ഥ പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.