ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിഹിതത്തിനു വേണ്ടി കാത്തു നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വാക്‌സിന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ്. ഓരോദിവസവും വാക്‌സിന്‍ നല്‍കുന്നവരെ മുന്‍കൂട്ടി തീരുമാനിക്കുകയും അവരെ അറിയിക്കുകയും വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതാണ് കേരളത്തിലെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
Also Read
'ഞാനാ പോസ്റ്റ് ഇട്ടിട്ടില്ല; ഇട്ടാൽ നിന്നെയൊക്കെ പേടിച്ച് പിൻവലിക്കുകയും പതിവില്ല; അറിയാമല്ലോ'; യു പ്രതിഭ എംഎല്‍എയുടെ പേജ് പ്രത്യക്ഷപ്പെട്ടു
അടുത്ത നാല് ദിവസത്തിനുള്ളില്‍ 6.5 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രം കേരളത്തിന് നല്‍കും. ഒരാഴ്ചക്കുള്ളില്‍ 1.12 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ വാക്‌സിന്‍ നല്‍കിയത്. ഒറ്റയടിക്ക് 50 ലക്ഷം വാക്‌സിന്‍ വേണമെന്നും രണ്ട് ലക്ഷം വാക്‌സിന്‍ മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ കൂടി കേരളത്തിലുണ്ട്. ആവശ്യത്തിന് വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read
'അച്ഛന്റെ രോഗം ഗുരുതരം, തന്റെ സാമീപ്യം വേണം'; ജാമ്യം തേടി ബിനീഷ് കോടിയേരി കോടതിയില്‍
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായിരിക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും അനാവശ്യമായി ഭീതി പരത്തുന്ന പ്രചരണം ഉണ്ടാകരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ പൗരൻമാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഡിസംബർ 13 ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ വാക്സിന് വേണ്ടി കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. കേന്ദ്രം നൽകുന്ന വാക്സിൻ വിതരണം ചെയ്യുന്ന പോസ്റ്റ്മാന്റെ ജോലി മാത്രമേ സംസ്ഥാനത്തിനുള്ളൂവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മെയ് 1 മുതൽ പ്രായ പൂർത്തിയായ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വാക്സിൻ ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വാക്സിൻ കയ്യിലുണ്ടായിരുന്നപ്പോൾ 13 ശതമാനം വിതരണം മാത്രമാണ് കേരളത്തിൽ നടന്നത്. തെരഞ്ഞെടുപ്പ് വന്നപ്പോൾ ഒന്നും ചെയ്യാതിരുന്നവർ ഇപ്പോൾ രാഷ്ട്രീയമായി വാക്സിനെ ഉപയോഗിക്കുകയാണ്. പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നത്.
കോവിഷീല്‍ഡിന്റെ വില നിശ്ചയിച്ചു
കോവിഡ് 19 പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
അമേരിക്കന്‍ നിര്‍മിത വാക്‌സിനുകള്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. റഷ്യന്‍ നിര്‍മ്മിത വാക്‌സിനും ചൈനീസ് നിര്‍മിത വാക്‌സിനും 750 രൂപക്കാണ് വില്‍ക്കുന്നതെന്നും വാര്‍ത്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നല്‍കും. പുതിയ വാക്‌സിന്‍ പോളിസി അനുസരിച്ച് വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.
മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.