കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കുന്നേലിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്. മാർട്ടിൻ എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പ്രതി തൃശൂരിൽ തന്നെ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പ്രതികരിച്ചു.
പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. പരാതി ലഭിച്ച് രണ്ടു മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. പ്രതി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്. അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനാണ് പ്രതി തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പുലിക്കോട്ടില്‍
മാര്‍ട്ടിന്‍ ജോസഫിനായി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. പരാതി ലഭിച്ച് രണ്ടു മാസമായിട്ടും കേസന്വേഷണം കാര്യമായി നടക്കാതിരുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതിയെ ഭയന്നു നാടുവിട്ട യുവതി സംസ്ഥാനത്തിന് പുറത്ത് സുഹൃത്തുക്കളുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. ഫ്ലാറ്റില്‍നിന്നു രക്ഷപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇവരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതി ഭീഷണിപ്പെടുത്തിയതായി ഇരയായ പെണ്‍കുട്ടിക്കൊപ്പമുള്ള യുവതി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതി അറസ്റ്റിലായാലും ജാമ്യം കിട്ടി പുറത്തു വരുന്നതോടെ വീണ്ടും ആക്രമിക്കുമോ എന്ന ഭീതിയിലാണ് ഇരയായ യുവതി. കൊച്ചിയിലും തൃശൂരുമെല്ലാം അത്യാവശ്യം സുഹൃദ് വലയങ്ങളുള്ള പ്രതി ഇവരുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നാണ് സംശയിക്കുന്നത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയുണ്ടാകാതെ വന്നതോടെയാണ് പരാതി സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Also Read-
രവി പൂജാരിയിൽ നിന്നും കിട്ടേണ്ടത് കിട്ടി; ഇനി കസ്റ്റഡിയിൽ ചോദിക്കില്ലെന്ന് സൂചന
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഇയാളുടെ കസ്റ്റഡിയിലായ യുവതി ഫ്ലാറ്റില്‍ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നാണ് വെളിപ്പെടുത്തല്‍. മോഡലിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന യുവതി ഓഹരി വിപണിയില്‍ ട്രേഡിങ്ങിന് സഹായിക്കുമെന്ന് പറഞ്ഞാണ് ആദ്യം പ്രതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. പ്രതിമാസം 40,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ ബുട്ടീക്ക് ആരംഭിക്കുന്നതിനായി കരുതി വച്ചിരുന്ന പണം ഇയാള്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് അടുപ്പത്തിലായതോടെ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഇരുവരും അടുത്ത് ഇടപഴകുന്നതിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു.
വാഗ്ദാനം ചെയ്ത പണം നല്‍കാതെ വന്നതു ചോദ്യം ചെയ്തതോടെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടും ഉപദ്രവിച്ചു. ഇതിനിടെ രക്ഷപ്പെട്ടു നാട്ടില്‍ തിരിച്ചു പോയ യുവതിയെ ഇവരുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തിരികെ കൊണ്ടു വരികയായിരുന്നു. തുടര്‍ന്നാണ് ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു പൊളിക്കുകയും മുളകു പൊടി കലക്കി മുഖത്തൊഴിക്കുകയുമെല്ലാം ചെയ്തത്. ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുകയും മുഖത്ത് മര്‍ദിക്കുകയും പതിവായിരുന്നു എന്നും യുവതി പറയുന്നു. 2020 ഫെബ്രുവരി 15 മുതല്‍ 2021 മാര്‍ച്ച് എട്ട് വരെ പീഡനം നേരിട്ടതായാണ് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതിനിടെ പ്രതി ഭക്ഷണം വാങ്ങുന്നതിനായി പുറത്തുപോയ സമയം നോക്കി ഫ്ലാറ്റില്‍നിന്നു രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.