ഒപ്പം താമസിക്കുന്ന 85കാരി മുത്തശിയ്ക്കും മൂന്നു വയസുകാരി മകൾക്കും സുരക്ഷയില്ലാത്ത വീടുകൾ; നാം എന്ത് മനുഷ്യരാണ്?
- Published by:Rajesh V
- news18-malayalam
Last Updated:
സ്വന്തം വീട്ടിനുള്ളിൽ പോലും ആരും സുരക്ഷിതരല്ലാതെയായി. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികമാർ വരെ, സംരക്ഷണം ഒരുക്കേണ്ട കരങ്ങളാൽ പിച്ചിച്ചീന്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. എന്തുതരം മനുഷ്യരാണ് നമ്മളെന്ന് ഓരോ മലയാളിയും ചോദിക്കുന്ന സമയമാണിത്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും അശാന്തിയുടെ വാർത്തകൾ കേട്ടാണ് മലയാളികള്‍ ഉണരുന്നത്. ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളാണ് പ്രഭാതങ്ങളിൽ നമ്മെ കാത്തിരിക്കുന്നത്. നമ്മുടെ സമൂഹം എങ്ങനെ ഈ നിലയിലേക്കെത്തിയെന്ന് ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സ്വന്തം വീട്ടിനുള്ളിൽ പോലും ആരും സുരക്ഷിതരല്ലാതെയായി. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികമാർ വരെ, സംരക്ഷണം ഒരുക്കേണ്ട കരങ്ങളാൽ പിച്ചിച്ചീന്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. എന്തുതരം മനുഷ്യരാണ് നമ്മളെന്ന് ഓരോ മലയാളിയും ചോദിക്കുന്ന സമയമാണിത്.
നോവായി മൂന്നര വയസുകാരി
മെയ് 19 തിങ്കളാഴ്ച വൈകിട്ടാണ് ഭര്‍തൃവീടിന്റെ സമീപത്തുള്ള അങ്കണവാടിയിൽനിന്ന് കുട്ടിയുമായി അമ്മ സ്വന്തം നാടായ ആലുവ കുറുമശേരിയിലേക്ക് തിരിക്കുന്നതും വഴിക്കു വച്ച് കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തുന്നതും. വൈകിട്ട് 7 മണിയോടെ തനിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ ആദ്യം പരസ്പരവിരുദ്ധമായി സംസാരിച്ചിരുന്ന അമ്മ പിന്നീടാണ് മൂഴിക്കുളം പാലത്തിൽ നിന്ന് കുട്ടിയെ താഴേക്കിട്ടു എന്നു വെളിപ്പെടുത്തിയത്. രാത്രി മുഴുവൻ നീണ്ട തിരച്ചിലൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ 2.20ഓടെയാണ് കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെടുക്കുന്നത്. ഭർത്താവിന്റെ കുടുംബം വിഷമിച്ച് കാണാനായി മകളെ കൊന്നുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.
advertisement
ഡോക്ടറുടെ സംശയം വഴിത്തിരിവായി
അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് ആരും ചിന്തിക്കാത്ത പുതിയൊരു മാനം കൈവരുന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ലിസാ ജോണിന് തോന്നിയ സംശയങ്ങളെ തുടര്‍ന്നാണ്. അമ്മ എന്തിനാണ് സ്വന്തം കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഡോക്ടറിന്റെ സംശയത്തിന്റെ ചുവടുപിടിച്ചുള്ള നീക്കത്തിലാണ് സത്യം തെളിഞ്ഞത്.
advertisement
കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അറിഞ്ഞതോടെ പ്രതിക്കായി പൊലീസ് അതീവ രഹസ്യമായി നീക്കം തുടങ്ങി. സംശയം തോന്നിയ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിൽ നിന്ന് പ്രതിയിലേക്കെത്താനുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു. ആദ്യം ചോദ്യം ചെയ്യലിനോട് സഹകരക്കാതിരുന്ന പ്രതി, എട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവായ ഇയാള്‍ കുഞ്ഞിന്റെ സംസ്കാര ചടങ്ങിലും പങ്കെടുത്തിരുന്നു.
ലൈംഗിക വൈകൃതത്തിനുടമ?
പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തൊട്ടടുത്തുള്ള വീട്ടിലാണ് പ്രതിയും താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നുവെന്നാണ് വിവരം. കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആർക്കും സംശയമുണ്ടാകില്ലെന്ന ധൈര്യത്തിലായിരുന്നു പ്രതി കുറ്റകൃത്യം ആവർത്തിച്ചത്.
advertisement
മകളുടെ പേരിൽ വീടെഴുതി കൊടുത്ത വയോധിക പേരക്കുട്ടിയുടെ മർദനമേറ്റ് മരിച്ചു
88കാരി പേരക്കുട്ടിയുടെ മർദനമേറ്റ് മരിച്ച ദാരുണമായ സംഭവം ഉണ്ടായത് കണ്ണൂരിലെ പയ്യന്നൂരിലാണ്. മെയ് 11നാണ് പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടിൽ കാർത്ത്യായനി അമ്മക്ക് മർദനമേൽക്കുന്നത്. ചികിത്സയിലിരിക്കെ മരിച്ചു. കാർത്ത്യായനിയുടെ മകൾ ലീലയുടെ മകൻ റിജുവാണ് ഇവരെ ക്രൂരമായി ആക്രമിച്ചത്.
സ്വത്ത് വീതംവച്ചപ്പോൾ കാർത്ത്യായനിയുടെ സംരക്ഷണ ചുമതല മകൾ ലീല ഏറ്റടുത്തിരുന്നു. അതിനാൽ കാർത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് എഴുതി നൽകി. പിന്നീട് അവർ ആ വീട് വാടകയ്ക്ക് നൽകി. ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് വയോധികയെ കൂട്ടുകയും പരിചരിക്കാനായി ഹോം നഴ്സിനെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. എന്നാൽ, റിജുവിൻ്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവർ വീട്ടിലെത്തിയതോടെ ഇവരെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിൻ്റെ പേരിൽ റിജു അക്രമിക്കുകയായിരുന്നു. വീണു പരിക്കേറ്റു എന്നായിരുന്നു വീട്ടുകാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇവരെ പരിചരിച്ചിരുന്ന ഹോം നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
advertisement
Also Read- വീട്ടിൽ ഒന്നിച്ചു താമസിക്കുന്നതിലുള്ള വിരോധം; കണ്ണൂരിൽ വയോധികയെ പേരക്കുട്ടി തല്ലിക്കൊന്നു
അമ്മയെ ചവിട്ടിക്കൊന്ന് മകൻ
മാതാവിനെ മദ്യലഹരിയില്‍ മകൻ ചവിട്ടിക്കൊന്നത് കഴിഞ്ഞ ദിവസമായിരുന്നു. തിരുവനന്തപുരം വെമ്പായം തേക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഓമന(80)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ചവിട്ടേറ്റ് അമ്മയുടെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യപിച്ചെത്തി ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണികണ്ഠൻ തുടർച്ചയായി മദ്യപിക്കുന്നതിൽ ഓമനയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 22, 2025 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒപ്പം താമസിക്കുന്ന 85കാരി മുത്തശിയ്ക്കും മൂന്നു വയസുകാരി മകൾക്കും സുരക്ഷയില്ലാത്ത വീടുകൾ; നാം എന്ത് മനുഷ്യരാണ്?