തിരുവനന്തപുരം: വെങ്ങാനൂരിൽ യുവതിയെ വാടകവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ. വിഴിഞ്ഞം വെങ്ങാനൂർ സ്വദേശിനി അർച്ചന(24)യുടെ മരണത്തിലാണ് ഭർത്താവ് സുരേഷിനെതിരേ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും അർച്ചനയുടെ അച്ഛൻ അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.
''അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവൻ ഇടയ്ക്കിടെ വീട്ടിൽനിന്ന് പിണങ്ങി പോകാറുണ്ട്. രണ്ട് ദിവസം കഴിഞ്ഞൊക്കെയാണ് വരാറുള്ളത്. അവന്റെ വീട്ടിൽ പോയി അന്വേഷിച്ചാലും അവരും ഒന്നും പറയില്ല. ഫോൺ സ്വിച്ച് ഓഫ് ആക്കി വെയ്ക്കും. പലയിടത്തും അന്വേഷിച്ചാണ് അവനെ കണ്ടെത്താറുള്ളത്. പിന്നീട് തിരിച്ചെത്തിയാൽ ഇരുവരും വീണ്ടും സഹകരിച്ച് ജീവിക്കും. മരിക്കുന്നതിന്റെ തലേദിവസം അർച്ചനയും സുരേഷും ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവന്റെ കൈയിൽ ഒരു ലിറ്ററിന്റെ കുപ്പിയിൽ ഡീസലും ഉണ്ടായിരുന്നു. എന്തിനാണ് ഡീസലെന്ന് ചോദിച്ചപ്പോൾ വീട്ടിൽ ഉറുമ്പിന്റെ ശല്യമുണ്ടെന്നും അതിനാണെന്നും മറുപടി പറഞ്ഞു. ഉപ്പോ മഞ്ഞൾപൊടിയോ ഇട്ടാൽ പോരെയെന്ന് ചോദിച്ചപ്പോൾ അതൊന്നും ഇട്ടിട്ട് പോകുന്നില്ലെന്നായിരുന്നു മറുപടി''- അശോകൻ പറയുന്നു.
''സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തിയ ആളായതിനാൽ അവൾ ഒന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. നഴ്സിങ് പഠിച്ച് പാസായ കുട്ടിയാണ്. അവൻ ജോലിക്കൊന്നും വിട്ടില്ല. ഇടയ്ക്ക് പ്രശ്നങ്ങളുണ്ടായാൽ അവൾ വീട്ടിൽവന്ന് നിൽക്കും. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് തിരികെ പോവുകയാണെന്ന് പറഞ്ഞ് പോകും. എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവന്റെ അറിവോടെ നടന്ന കൊലപാതകമാണ്''- അശോകൻ പറഞ്ഞു.
വിഴിഞ്ഞം കട്ടച്ചിൽക്കുഴിയിലെ വാടകവീട്ടിലാണ് അർച്ചനയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കണ്ടെത്തിയ സമീപവാസികളാണ് യുവതിയെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ സമയം ഭർത്താവ് സുരേഷ് വീട്ടിലുണ്ടായിരുന്നില്ല. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരേഷിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.
സുരേഷിന്റെ വീട്ടുകാർ കൂടുതൽ പണം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായും അർച്ചനയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അടുത്തിടെ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് സുരേഷിന്റെ വീട്ടുകാർ അർച്ചനയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം കൈയിലാത്തതിനാൽ ഇത് നൽകാനായില്ല. മാത്രമല്ല, സുരേഷ് അർച്ചനയെ മദ്യലഹരിയിൽ മർദിച്ചിരുന്നതായും ആരോപണമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ ഒരു പ്രശ്നങ്ങളും പുറത്തു കാണിക്കാതെ ഇരുവരും തങ്ങളുടെ മുന്നിൽ അഭിനയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.