വിസ്മയയുടെ മരണം; ഭർത്താവ് കിരണ്‍ അറസ്റ്റിൽ; മാതാപിതാക്കളെ ചോദ്യം ചെയ്യും
വിസ്മയയുടെ മരണം; ഭർത്താവ് കിരണ്‍ അറസ്റ്റിൽ; മാതാപിതാക്കളെ ചോദ്യം ചെയ്യും
2020 മെയ് 31 നായിരുന്നു വിസ്മയയും കിരൺകുമാറും തമ്മിലുള്ള വിവാഹം. 100 പവൻ സ്വർണവും ഒരു ഏക്കർ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നൽകിയത്.
കൊല്ലം: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ശാസ്താംകോട്ട സ്വദേശിയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥനുമായി കിരൺ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന കിരണ്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ശൂരനാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗാർഹിക പീഡനക്കുറ്റം ചുമത്തിയാണ് നിലവിൽ കേസെന്നാണ് സൂചന. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും.
കഴിഞ്ഞ ദിവസമാണ് 24 കാരിയായ വിസ്മയയെ ശാസ്താംകോട്ട ശൂരനാടുള്ള കിരണിന്‍റെ വീട്ടില് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഭർത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് വ്യക്തമാക്കി വിസ്മയ ബന്ധുവിനയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് കിരണിനെ കസ്റ്റഡിയിലെടുത്തത്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണിന്‍റെ മാതാപിതാക്കളെ ഉൾപ്പെടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും. വിസ്മമയയുടെത് കൊലപാതകം തന്നെയെന്ന് യുവതിയുടെ ബന്ധുക്കൾ ആവർത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് ഒരുങ്ങുന്നത്.
2020 മെയ് 31 നായിരുന്നു വിസ്മയയും കിരൺകുമാറും തമ്മിലുള്ള വിവാഹം. 100 പവൻ സ്വർണവും ഒരു ഏക്കർ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ കാർ വിറ്റ് പണം നൽകാൻ വീട്ടുകാരോട് ആവശ്യപ്പെടാൻ വിസ്മയയെ ഇയാൾ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാൾ നിരന്തരം മർദ്ദിച്ചതെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ആരോപിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.