കൊല്ലം പുനലൂരിൽ കണക്കിൽപ്പെടാത്ത ഒന്നേകാൽ കോടി രൂപ പിടികൂടി
- Published by:Anuraj GR
- news18-malayalam
Last Updated:
പുലർച്ചെയുള്ള ചെന്നൈ എഗ്മൂർ - കൊല്ലം എക്സ്പ്രസ് ട്രെയിനിലെ പരിശോധനയ്ക്കിടെയാണ് ഒന്നേകാൽക്കോടി രൂപ പിടികൂടുന്നത്
കൊല്ലം; പുനലൂരിൽ കണക്കിൽപ്പെടാത്ത ഒന്നേകാൽ കോടി രൂപ പിടികൂടി. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പണം കൊണ്ടുവന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. പുലർച്ചെയുള്ള ചെന്നൈ എഗ്മൂർ - കൊല്ലം എക്സ്പ്രസ് ട്രെയിനിലെ പരിശോധനയ്ക്കിടെയാണ് ഒന്നേകാൽക്കോടി രൂപ പിടികൂടുന്നത്. തമിഴ്നാട് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് പണം പിടികൂടിയത്.
തിരഞ്ഞെടുപ്പ് സംബന്ധമായി തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിൻറെ ഭാഗമായി പുനലൂർ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൊണ്ടുവന്ന ഒന്നേകാൽ കോടി രൂപ പിടികൂടിയത്. 500ന്‍റെയും രണ്ടായിരത്തിന്‍റെയും നോട്ടുകളാണ് കൊണ്ടുവന്നത്.
പണം പിടിച്ചെടുത്ത സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മധുര സ്വദേശികളായ രാജീവ് ത്യാഗ രാജൻ, സതീഷ് കുമാർ എന്നിവരെയാണ് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വർണ്ണം വാങ്ങുന്നതിനായി തുക കൊണ്ടുവന്നു എന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.
advertisement
ചെന്നൈ എഗ്മൂർ ട്രെയിനിൽ കൊട്ടാരക്കരയിൽ ഇറങ്ങി അവിടെ നിന്നും ബസ് മാർഗ്ഗം ചെങ്ങന്നൂരിൽ എത്തിച്ചു നൽകുക ആയിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്തതിൽ ഇവരിൽ ഒരാൾ വെളിപ്പെടുത്തിയെന്ന് പുനലൂർ റെയിൽവേ പോലീസ് എസ് എച്ച് ഒ സലിംകുമാർ പറഞ്ഞു. എന്നാൽ ഇതു പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒഴുക്കുന്നതിനു അനധികൃതമായി പണം എത്തിച്ചു എന്ന സംശയമുണ്ട്.
പിടികൂടിയവരെ ചോദ്യം ചെയ്ത് വിശദമായ അന്വേഷണം നടത്തി വരികയാണ്. ബാഗിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പിടിയിലായ രണ്ടു പേർക്കും എതിരെ കേസെടുത്ത് തുടർനടപടികൾക്കായി കൈമാറും. ഉദ്യോഗസ്ഥരായ രവിചന്ദ്രൻ , സന്തോഷ്, കുമാർ, രാജു , അനീഷ്, അനീഷ് കുമാർ , വരുൺ , മനോജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ട്രെയിനിൽ പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
advertisement
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അതിർത്തികളിൽ പരിശോധന കർക്കശമാക്കിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽനിന്ന് പ്രചാരണത്തിനായി വൻതോതിൽ പണം കടതതിക്കൊണ്ടുവരുമെന്ന സൂചന ഇന്‍റലിജൻസ് ഏജൻസികൾ നൽകിയിരുന്നു. ഇലക്ഷൻ സ്ക്വാഡ് പ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്. സംശയം തോന്നുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി വരുന്നുണ്ട്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്‌ന ബാധിത ബൂത്തുകളുടെ സുരക്ഷാ ചുമതല കേന്ദ്ര സേനക്ക് നൽകിയിട്ടുണ്ട്. കേരള പൊലീസിന് ബൂത്തിനു പുറത്തായിരിക്കും ചുമതല. മറ്റുള്ള ബൂത്തുകളില്‍ ഇടകലര്‍ന്നായിരിക്കും ഡ്യൂട്ടി.
advertisement
പ്രശ്‌നം സൃഷ്ടിക്കുന്നവര്‍ക്ക് കേരള പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു ഇതേ തുടര്‍ന്നാണ് ഇത്തവണ കേരള പൊലീസിനെ പടിക്ക് പുറത്താക്കിയത്.
സംസ്ഥാനത്ത് 1,218 പ്രശ്‌ന ബാധിതവും സങ്കീര്‍ണവുമായ പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 549 പ്രശ്‌നബാധിത ബൂത്തുകളും 433 പ്രശ്‌ന സാധ്യത ബൂത്തുകളും 298 മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളുമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്.
150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ട്. ബി.എസ്.എഫിന്റെ 15, ഐ.ടി.ബി.പി, എസ്.എസ് ബി, സി.ഐ.എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്. ഒരു കമ്പനിയില്‍ 90 പേരാണുള്ളത്.
Location :
First Published :
March 11, 2021 10:39 PM IST