കോഴിക്കോട്: വടകരയിൽ സിപിഎം അംഗമായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുൻ സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സിപിഐഎം മുളേരി ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ബാബുരാജ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്ന ലിജീഷ് എന്നിവരാണ് പൊലിസിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെ വടകര കരിമ്പന പാലത്തിന് സമീപത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്ക് എതിരെ വലിയ വിമർശനമാണ് ഉയർന്നത്. പ്രതികളെ സി. പി. എം സംരക്ഷിക്കുകയാണെന്ന ആരോപണമാണ് പ്രധാനമായും ഉയർന്നത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ആർ. എം. പി. ഉൾപ്പെടെ വിവിധ സംഘടനകൾ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഇരുവരെയും ഇന്ന് പുലർച്ചെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
സംഭവം സിപിഎമ്മിന് നാണക്കോട് സൃഷ്ടിച്ചതോടെ ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാർട്ടി ഏരിയാ സെക്രട്ടറി തന്നെ കഴിഞ്ഞദിവസം ഫോണിൽ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടി കൈവിട്ടതോടെ ഇരുവരും കീഴടങ്ങുവാൻ തീരുമാനിക്കുക ആയിരുന്നു. അതു പ്രകാരമാണ് കരിമ്പന പാലത്തിന് സമീപം ഇരുവരും എത്തുകയും, പൊലീസ് ഇവരെ കസ്റ്റഡിൽ എടുക്കകയും ചെയ്തത്. കസ്റ്റഡിയിൽ എടുത്ത ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇരുവരെയും സിപിഎം പുറത്താക്കിയെങ്കിലും ആരാണ് ഇവരെ സംരക്ഷിക്കുന്നത് എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്.ഒരു ഘടകത്തിൽ പ്രവർത്തിക്കുന്ന വനിതാ അംഗത്തെ ആ ഘടകത്തിൽ പ്രവർത്തിക്കുന ബ്രാഞ്ച് സെക്രട്ടറിയും, മേഖലാ സെക്രട്ടറിയും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയിൽ നിന്നും മൊഴി എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികളായ ബ്രാഞ്ച് സെക്രട്ടറി പി.പി.ബാബുരാജ് ഡിവൈഎഫ് ഐ മേഖല സെക്രട്ടറി ലിജീഷ് എന്നിവർ ഒളിവിൽ പോയത്. അറസ്റ്റ് വൈകിയതോടെ കെ.കെ.രമ ഉൾപ്പെടെ സി.പി.എമ്മിനെതിരെ രംഗത്ത് വന്നു.
പാർട്ടി നേതാക്കൾ പെൺക്കുട്ടിയെ ചൂഷണം ചെയ്തത് വളരെ ഗൗരവമായി കാണേണ്ട വിഷയമാണെന്നായിരുന്നു കെ.കെ.രമ എം.എൽ. എ പറഞ്ഞത്. കുറ്റക്കാരെ പാർട്ടി സംരക്ഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കേസ് ഒതുക്കി തീർക്കാനും ശ്രമം നടന്നു. പാർട്ടി മെമ്പർമാരായ സി. പി. എം അംഗങ്ങൾക്ക് പോലും രക്ഷയില്ല. പാർട്ടി ഗ്രാമങ്ങളിൽ പോലും സ്ത്രീകൾക്ക് സുരക്ഷ ഇല്ലാതായെന്നും അവർ ആരോപിച്ചു.
പ്രതികളെ എത്രയും വേഗം നിയമത്തിൻ്റെ മുൻപിൽ കൊണ്ടു വന്ന് ശിക്ഷ വാങ്ങി നൽകുവാനാണ് സി.പി.എം ശ്രമിക്കേണ്ടത്. കളളകടത്ത് കാരുടെയും, സ്വർണ്ണകടത്ത് കാരുടെയും, സ്ത്രീ പീഢകരുടെയും പാർട്ടിയായ സി.പി. എം മാറിയതായും കെ.കെ. രമ കുറ്റപ്പെടുത്തിയിരുന്നു. ഇന്നലെ തന്നെ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി അന്വേഷണ സംഘം മജിസ്ട്രേറ്റിന് മുൻപിൽ എത്തിച്ച് രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതികളെ പിടി കൂടിയെങ്കിലും വിഷയം രാഷ്ട്രീയ ആയുധമാക്കുവാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.